ദക്ഷിണേന്ത്യന്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണക്കടത്തിനു പിന്നില്‍ ഡൽഹി സ്വദേശിയായ ഉന്നത ഉദ്യോഗസ്ഥൻ. കേരളത്തിൽ സ്വർണ്ണക്കടത്തിന് ഏകോപനം നൽകിയതും ഈ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ്റെ ബുദ്ധി. ഡല്‍ഹി സ്വദേശിയായ രാഹുല്‍ പണ്ഡിറ്റ് എന്ന ഉഗ്യോഗസ്ഥൻ ഇപ്പോൾ സർവ്വീസിന് പുറത്താണ്.
കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥനായിരുന്നു ഇയാൾ. കരിപ്പൂര്‍, കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ചെന്നൈ, ബെംഗളൂരു വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണക്കടത്തിനു പിന്നിലെ ബുദ്ധി കേന്ദ്രവും ഇയാളാണ്. രാമനാട്ടുകര സ്വര്‍ണക്കടത്ത് അന്വേഷിച്ച കസ്റ്റംസ് പ്രിവന്റീവ് സംഘത്തിന്റേതാണ് കണ്ടെത്തല്‍. സ്വര്‍ണക്കടത്തിന് കൂട്ടുനിന്നതിന് കസ്റ്റംസില്‍നിന്നു പുറത്താക്കിയതാണ് രാഹുല്‍ പണ്ഡിറ്റിനെ.
തട്ടിപ്പുകാരായ ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച കസ്റ്റംസുകാരൻ
മുമ്പ് ഡല്‍ഹി പോലീസിലും പിന്നീട് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവില്‍ എയര്‍ കസ്റ്റംസിലും രാഹുല്‍ ജോലി ചെയ്തിരുന്നു. സര്‍വീസിന്റെ തുടക്കം മുതല്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമാണ് രാഹുലിനുണ്ടായിരുന്നത്.
സ്വര്‍ണക്കടത്ത് സംഘങ്ങളെ ഏകോപിപ്പിക്കുന്നത് രാഹുല്‍ പണ്ഡിറ്റ് ആണ്. വിമാനത്താവളങ്ങളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെയോ വിമാനത്താവള ഉദ്യോഗസ്ഥരെയോ ഇതിനായി കണ്ടെത്തി നൽകും. ഒപ്പം സ്വര്‍ണക്കടത്ത് സംഘത്തിനു വേണ്ട സഹായങ്ങള്‍ ഇയാള്‍ ചെയ്യുന്നു. പലപ്പോഴും സ്‌കാനിങ്ങില്‍നിന്ന് സ്വര്‍ണം കടത്തുന്നയാള്‍ രക്ഷപ്പെടുന്നത് ഇങ്ങനെയാണ് എന്നാണ് കണ്ടെത്തൽ.
രാമനാട്ടുകര അപകടം അന്വേഷിച്ചപ്പോള്‍ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ ‘ഓഫീസര്‍ സെറ്റിങ്’ (കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വശത്താക്കല്‍) വഴിയാണ് സ്വര്‍ണം കടത്തിയതെന്ന് കണ്ടെത്തിയിരുന്നു.
കോഴിക്കോട് കേന്ദ്രീകരിച്ചാണ് രാഹുല്‍ പണ്ഡിറ്റിന്റെ ‘ഓപ്പറേഷന്‍’. രാഹുലിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയെങ്കിലും ഇയാള്‍ ഹാജരായില്ല എന്നാണ് പറയുന്നത്. തുടര്‍ന്ന് രാഹുലിനെതിരേ ലുക്കൗട്ട് നോട്ടീസ് ഇറക്കാനൊരുങ്ങുകയാണ് കസ്റ്റംസ്.
കൂട്ടാളികൾ കുരുങ്ങുമോ
രാഹുൽ എന്ന ഡൽഹി സ്വദേശി ഉദ്യോസ്ഥനു മാത്രമായി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലെയും സ്വർണ്ണ കടത്ത് നിയന്ത്രിക്കാനാവില്ല. അപ്പോൾ പിന്നെ ഇതിന് സന്നദ്ധമായ ഒരു ഉദ്യോഗസ്ഥ ശൃംഖല നിലനിൽക്കുന്നു എന്നു വ്യക്തമാണ്. രാഹുലിനെ ഇതുവരെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതും ഇതും തമ്മിൽ ബന്ധമുണ്ടോ എന്ന സംശയവും ബാക്കിയാണ്. മാത്രമല്ല ഈ കണ്ണികൾ ഇപ്പോഴും പ്രവർത്തിക്കുന്നു എന്ന് അടുത്ത കാലത്തെ ആവർത്തിക്കുന്ന സ്വർണ്ണ കടത്തുകൾ തെളിയിക്കുന്നു.
2019 ഓഗസ്റ്റ് 19-ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ 4.5 കിലോ സ്വര്‍ണം പിടിച്ചിരുന്നു. ഈ കള്ളക്കടത്തിന് സഹായിച്ചെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സര്‍വീസില്‍നിന്നു പുറത്താക്കപ്പെട്ട നാല് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ പ്രധാനിയാണ് രാഹുല്‍ പണ്ഡിറ്റ്. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറായിരുന്ന സുമിത് കുമാര്‍ ഇയാള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു.
രാമനാട്ടുകര കേസിലും പുരോഗതി
കോഴിക്കോട് രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെ 25 പേര്‍ക്ക് കസ്റ്റംസ് പ്രിവന്റീവ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്നോടിയായാണ് നടപടി. രാമനാട്ടുകര സ്വര്‍ണക്കടത്തിനിടെ സ്വര്‍ണം തട്ടിയെടുക്കാനെത്തിയ ക്വട്ടേഷന്‍സംഘത്തിലെ അഞ്ചുപേര്‍ വാഹനാപകടത്തില്‍ മരിച്ച് ഒരുവര്‍ഷം പൂര്‍ത്തിയാകവേയാണ് നടപടി.
കഴിഞ്ഞവര്‍ഷം ജൂണില്‍ ദുബായില്‍നിന്ന് കോഴിക്കോട് വിമാനത്താളത്തിലെത്തിയ മലപ്പുറം മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് കൊണ്ടുവന്ന 1.11 കോടി രൂപ വിലമതിക്കുന്ന 2.33 കിലോ സ്വര്‍ണംവാങ്ങാന്‍ കൊടുവള്ളിയില്‍നിന്നുള്ള സംഘമെത്തിയിരുന്നു. ഷെഫീഖ് കസ്റ്റംസിന്റെ പിടിയിലായതോടെ ഈ സംഘം മടങ്ങി. ഇതിനിടെ, കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘവും കൊടുവള്ളി സംഘവും തമ്മില്‍ ഏറ്റുമുട്ടി. ഇതിനിടെയാണ് വാഹനാപകടമുണ്ടായത്.
സ്വര്‍ണക്കടത്തിലെ ബുദ്ധികേന്ദ്രം കണ്ണൂര്‍ അഴീക്കല്‍ കൊവ്വലോടി ആയങ്കിവീട്ടില്‍ അര്‍ജുന്‍ ആയങ്കിയാണെന്ന് കണ്ടെത്തിയിരുന്നു. ഇയാളെ കസ്റ്റംസ് പ്രിവന്റീവ് അറസ്റ്റുചെയ്തിരുന്നു.
അര്‍ജുനുമായി ബന്ധമുള്ള ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരുടെ വീടുകളില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. കൊടി സുനി, മുഹമ്മദ് ഷാഫി, ആകാശ് തില്ലങ്കേരി എന്നിവര്‍ക്ക് പ്രത്യക്ഷത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നു കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലേക്ക് സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നത് തട്ടിയെടുത്തതിന്റെ പകയാണ് അഞ്ചുപേരുടെ മരണത്തിനിടയായത്. 2021 ജൂണ്‍ 16-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയയാളില്‍നിന്നു കള്ളക്കടത്ത് സ്വര്‍ണം അര്‍ജുന്‍ ആയങ്കിയും സംഘവും തട്ടിയെടുത്തിരുന്നു. അന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെ യാത്രക്കാരനില്‍നിന്നും ഈ സംഘം കടത്തുസ്വര്‍ണം തട്ടി.
രണ്ടുദിവസം കഴിഞ്ഞ് 18-നും സമാനമായി സ്വര്‍ണം തട്ടിയതോടെയാണ് സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കിയ കൊടുവള്ളി സംഘം അര്‍ജുന്‍ ആയങ്കിയെ കൊല്ലാന്‍ തീരുമാനിച്ചതും അപകടമുണ്ടായതും.


