കേരളത്തിൽ ഇത്തവണ കാലവർഷം കനത്തതാവുമെന്ന് പ്രവചനം. ആഗോള കാലാവസ്ഥ ഏജൻസികളുടെ പഠന റിപ്പോർട്ടിലാണ് നിരീക്ഷണം ഉള്ളത്. ഏഷ്യൻ, അമേരിക്കൻ, യൂറോപ്യൻ കാലാവസ്ഥ ഏജൻസികളുടെ ഏപ്രിൽ – മെയ് മാസങ്ങളിലെ മോഡൽ പ്രകാരം കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം.
എന്നാൽ മധ്യ- തെക്കൻ കേരളത്തിൽ സാധാരണയിൽ കൂടുതലും, വടക്കൻ കേരളത്തിൽ സാധാരണയിൽ കുറഞ്ഞ മഴയുമാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇതോടൊപ്പം സൗത്ത് ഏഷ്യൻ ക്ലൈമറ്റ് ഔട്ട്ലുക്ക് ഫോറം പ്രവചിക്കുന്നത് കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴയാണ്. അമേരിക്കൻ ഏജൻസിയായ ക്ലൈമറ്റ് പ്രെഡിക്ഷൻ സെന്ററും യൂറേപ്യൻ ഏജൻസികളായ ഇസിഎംഡബ്ല്യുഎഫും സിഎസ്3യും കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ പ്രവചിക്കുന്നു.
ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിൽ സാധാരണയിൽ കുറവും, കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴയും ,തെക്ക് പടിഞ്ഞാറൻ മൺസൂണിൽ ലഭിക്കുമെന്നാണ് ലോക കാലാവസ്ഥ സംഘടനയുടെ പ്രവചനം.
കാലവർഷം ആരംഭിച്ചതിന് ശേഷമുണ്ടാകുന്ന ന്യൂനമർദം പോലുള്ള കാലാവസ്ഥ പ്രതിഭാസങ്ങൾ മഴയുടെ തോത് വർധിപ്പിക്കുന്നാവും എന്നും നിരീക്ഷിക്കുന്നു.


