കേരളത്തിൽ സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നു. ഇതിനായി ‘കേരള സംസ്ഥാന സ്വകാര്യ സര്‍വകലാശാലാ ബില്‍’ കൊണ്ടുവരും. ഉന്നത വിദ്യാഭ്യാസരംഗത്തെ പരിഷ്‌കാരങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇ.എം.എസ്. അക്കാദമിയില്‍ നടന്ന പ്രത്യേക ശില്പശാലയിൽ പാർട്ടിക്കകത്തെ വിവിധ സംഘടനകൾക്ക് ഇടയിൽ ധാരണയായി.
ഉന്നതവിദ്യാഭ്യാസമേഖലയുടെ നിലവാരമുയര്‍ത്തല്‍ അനിവാര്യമാണെന്നും ഇതിനുള്ള നിയമനിര്‍മാണങ്ങള്‍ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയനും സ്വകാര്യ സർവ്വകലാ ശാലകളുടെ പ്രാധാന്യത്തെ ഊന്നി.
സി.പി.എം. സംസ്ഥാന നേതൃയോഗങ്ങളില്‍ ചര്‍ച്ചചെയ്തശേഷം സംസ്ഥാനസര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കും. അധ്യാപക സംഘടനകളായ എ.കെ.ജി.സി.ടി., എ.കെ.പി.സി.ടി.എ., ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന്‍ എന്നിവയുടെയും എസ്.എഫ്.ഐ.യുടെയും പ്രതിനിധികള്‍ ശില്പശാലയില്‍ പങ്കെടുത്തു.
സ്വയംഭരണ കോളേജുകളെ കല്പിത സര്‍വകലാശാലകളാക്കി മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ചയുണ്ടായി.കല്പിതപദവിയുള്ള സ്ഥാപനങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ മാനേജ്മെന്റുകള്‍ക്കാണ് അധികാരമെന്നിരിക്കേ, അധ്യാപകര്‍ക്കും മറ്റും സര്‍ക്കാര്‍ ശമ്പളംനല്‍കുന്നതിനെ മന്ത്രിമാരടക്കമുള്ളവര്‍ എതിര്‍ത്തു. ഒടുവില്‍ ചർച്ച, സ്വകാര്യ സര്‍വകലാശാലകള്‍ പ്രോത്സാഹിപ്പിച്ചാല്‍ മതിയെന്ന തീരുമാനത്തിലേക്ക് കൊണ്ടു വന്നു.
നേതാക്കളുടെ ബർത്ത് സംരക്ഷിച്ചു
സര്‍വകലാശാലകളിലെ സിന്‍ഡിക്കേറ്റുകള്‍ രാഷ്ട്രീയമുക്തമാക്കണമെന്ന കമ്മിഷന്‍ ശുപാര്‍ശയില്‍ മന്ത്രിമാരും സിന്‍ഡിക്കേറ്റ് ചുമതലയുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങളും എതിര്‍പ്പറിയിച്ചു. ഈ ശുപാര്‍ശ നടപ്പാക്കേണ്ടെന്നാണ് ധാരണ. സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ എണ്ണം ചുരുക്കണമെന്ന ശുപാര്‍ശ പരിഗണിക്കും.


