കോടഞ്ചേരിയിലെ മതേതര പ്രണയവിവാഹത്തിലെ വധു ജോയ്‌സ്‌നയെ മുൻപാകെ ഹാജരാക്കാൻ ഹൈക്കോടതിയുടെ നിർദേശം. 19-ന് ഹാജരാക്കാനാണ് പോലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
ജോയ്‌സ്‌നയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് ജോസഫ് ഹേബിയസ് കോർപ്പസ് ഹർജി നൽകിയിട്ടുണ്ട്. ഇതു പരിഗണിച്ചാണ് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ബെഞ്ചിൻ്റെ നിർദേശം.
ഹരജി പരിഗണിച്ച് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്കും കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സി.ഐ.യ്ക്കുമാണ് പെൺകുട്ടിയെ ഹാജരാക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.
ജോയ്‌സ്‌നയെ കാണാനില്ലെന്ന് നേരത്തെ പിതാവ് പോലീസിൽ പരാതിനൽകിയിരുന്നു. കണ്ടെത്താനായില്ലെന്നു വ്യക്തമാക്കി നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ച ദിവസം ജോയ്‌സ്‌ന ഭർത്താവ് ഷെജിനൊപ്പം താമരശ്ശേരി കോടതിയിൽ ഹാജരാവുകയും ചെയ്തിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും വ്യക്തമാക്കി. സുഹൃത്ത് ഷെജിനൊപ്പം പോകാൻ കോടതി അനുമതിനൽകി.
എന്നാൽ കോടതിയിൽ ഹാജരായപ്പോൾ തനിക്കു കാണാൻ കഴിഞ്ഞില്ലെന്നാണ് പിതാവിൻ്റെ പുതിയ വാദം. മകളെ തട്ടിക്കൊണ്ടുപോയതാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണെന്നും പിതാവ് കോടതി മുൻപാകെ പറഞ്ഞു. ഇത് പരിഗണിച്ചാണ് വീണ്ടും ഹാജരാക്കാൻ നിർദ്ദേശം നൽകിയത്.
ഹൈക്കോടതിയിൽ ഹാജരാകുമെന്ന് മിശ്രവിവാഹിതരായ ഷെജിനും ജ്യോൽസ്‌നയും അറിയിച്ചിട്ടുണ്ട്. ഇരുവരും ആലപ്പുഴയിലെ ബന്ധുവീട്ടിലാണ്.