കോയമ്പത്തൂരിലെ കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമീഷ മുബീന് വിയ്യൂർ ജയിലിലെത്തിയിരുന്നതായി സംശയം. ഇതിൻ്റെ അടിസ്ഥാനത്തിൽ കോയമ്പത്തൂരിൽ നിന്നുള്ള അന്വേഷണസംഘം ജയിലിലെത്തി രേഖകൾ പരിശോധിച്ചു. ഐ.എസ് കേസിലെ മുഖ്യപ്രതി മുഹമ്മദ് അസറുദ്ദീനെ ജമീഷ മുബീൻ ജയിലിലെത്തി കണ്ടിരുന്നുവെന്ന സൂചനയാണ് പരിശോധനയ്ക്ക് കാരണം.
മുഹമ്മദ് അസറുദ്ദീനുമായി ദീപാവലി ദിവസം കാർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമീഷ മുബീന് ഉറ്റ ബന്ധമുണ്ടെന്ന് നേരത്തെ വിവരങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് വിയ്യൂർ അതിസുരക്ഷ ജയിലില്‍ കഴിയുന്ന അസറുദ്ദീനെ ജമീഷ മുബീന് കണ്ടിരുന്നുവെന്ന സൂചനയും പുറത്തുവന്നത്.
അന്വേഷണത്തില്‍ ജമീഷ മുബീന് അസറുദ്ദീനെ കണ്ടതായി ഉറപ്പിക്കാനായില്ല എന്നാണ് വിവരം. അതേസമയം, ജയിലിലുള്ള എൻ.ഐ.എ കേസ് പ്രതി അംജദ് അലിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജയിലിലെത്തിയ ഉദ്യോഗസ്ഥർ അസറുദ്ദീന്റെ സന്ദർശക പട്ടിക പരിശോധിക്കുകയും ഇയാളിൽനിന്ന് വിവരങ്ങൾ തേടുകയും ചെയ്തു. 2020 ഒക്ടോബര്‍ അഞ്ചിനാണ് ഇയാൾ ജയിലിലെത്തിയത്. എന്നാല്‍ ഇയാളെ സന്ദര്‍ശിച്ചത് കോയമ്പത്തൂരില്‍ കൊല്ലപ്പെട്ട ജമീഷ മുബീനാണെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്ന എൻ.ഐ.എ ഉദ്യോഗസ്ഥരും തമിഴ്നാട് പൊലീസിന്റെ അന്വേഷണ സംഘവുമാണ് വിവരങ്ങൾ ശേഖരിച്ചത്. 2019ൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത ആളാണ് മുഹമ്മദ് അസറുദ്ദീൻ. ശ്രീലങ്കയിൽ നടന്ന ഈസ്റ്റർ സ്ഫോടനവുമായി ബന്ധപ്പെട്ട് എൻ.ഐ.എ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.


