കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നാളെ. സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും ശശി തരൂരിന്റെയും പ്രചാരണം പ്രചാരണം അവസാനിച്ചു.
രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. എഐസിസികളിലും പിസിസികളിലുമായി 67 ബൂത്തുകള്‍. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള വോട്ടര്‍മാര്‍ക്കായി ഒരു ബൂത്ത് ഒരുക്കും. എഐസിസിസി, പിസിസി അംഗങ്ങളായ 9,308 വോട്ടര്‍മാര്‍.
രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന് ശേഷം ബാലറ്റ് പെട്ടികള്‍ വിമാനമാര്‍ഗം ദില്ലിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലപ്രഖ്യാപനം പൂർത്തിയാക്കും.
രണ്ട് പതിറ്റാണ്ടിനിപ്പുറം നടക്കുന്ന തിരഞ്ഞെടുപ്പിന് പ്രത്യേകതകള്‍ ഏറെയാണ്. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തുടക്കം മുതല്‍ അന്വേഷണങ്ങളുണ്ടായി. അശോക് ഗെലോട്ടിനെ കൊണ്ടുവരാൻ ശ്രമിച്ചു. രാജസ്ഥാന് രാഷ്ട്രീയത്തിൽ തന്നെ ഇത് പ്രശ്നമായി. സംസ്ഥാനം വിട്ടൊരു കളിക്കും തയ്യാറാകാത്ത ഗെലോട്ട് ഹൈക്കമാന്‍ഡിന്റെ ആക്ഷന്‍ പ്ലാന്‍ തകര്‍ത്തു.
ഒടുവില്‍ നറുക്ക് വീണത് എണ്‍പതുകാരനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കാണ്. ഗാന്ധി കുടുംബമല്ലാതെ ആര് നിന്നാലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചാണ് ശശി തരൂര്‍ ഖാര്‍ഗയെ നേരിടാന്‍ എത്തിയത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയല്ല മല്ലികാര്‍ജുന്‍ ഖാര്‍ഗെയെന്ന് നേതൃത്വം ആവര്‍ത്തിച്ചെങ്കിലും കണ്ടത് പാര്‍ട്ടി സംവിധാനങ്ങള്‍ മുഴുവനും ഖാര്‍ഗെക്ക് പിന്നില്‍ അണിനിരക്കുന്നതാണ്.


