സംഘടനാ തിരഞ്ഞെടുപ്പോടെ രാജ്യത്ത് കോണ്‍ഗ്രസ് പാടെ തകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനം. അത് ആസൂത്രിതമായി ഉപയോഗിക്കുവാനും ബി.ജെ.പി. നേതാക്കളോട് ആവശ്യപ്പെട്ടു. താജ് മലബാറില്‍ വ്യാഴാഴ്ച രാത്രി നടന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലാണ് നിര്‍ദേശങ്ങള്‍ വെച്ചത്.
കോണ്‍ഗ്രസില്‍നിന്ന് പല പ്രമുഖരും പുറത്തുവരും. കേരളത്തിലും അതിന്റെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയണം. പുതിയ നേതാക്കളെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നേതാക്കളെ കണ്ടെത്താനും ആഹ്വാനം
ബൂത്തുകളാണ് ശക്തിപ്പെടുത്തേണ്ടത്. ജില്ലാ കമ്മിറ്റികളോ മേല്‍ കമ്മിറ്റികളോ അല്ല. ബൂത്തുകളില്‍ പാര്‍ട്ടിക്ക് നല്ല ശക്തി ഉണ്ടാവണം. പൊതുസമ്മതരായ ആളുകളെ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിക്കാന്‍ കഴിയണം. കണ്ട് പരിചയിച്ച മുഖങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. പുതിയവര്‍ വരണം. ഇക്കാര്യത്തില്‍ അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. അവിടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങളെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. കേരളത്തില്‍നിന്ന് പ്രാതിനിധ്യം ഉറപ്പാക്കണം. ഹൈദരാബാദിലെ ദേശീയ നിര്‍വാഹക സമിതി യോഗ തീരുമാനങ്ങള്‍ വേഗം നടപ്പിലാക്കണം. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശും കോവിഡ് ബാധിതനായതിനാല്‍ കേന്ദ്ര മന്ത്രി വി. മുരളീധരനും യോഗത്തില്‍ പങ്കെടുത്തില്ല.


