ബി.ജെ.പിയെ നേരിടേണ്ടരീതിയില്‍ ശക്തമായി നേരിടണമെന്നും അവരുടെ അടയാളങ്ങള്‍ സ്വീകരിച്ചുകൊണ്ട്, ആശയങ്ങള്‍ സ്വാംശീകരിച്ചുകൊണ്ട് നേരിടാമെന്ന് വിചാരിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ചെറുതോണിയില്‍ ധീരജ് കുടുംബ സഹായനിധി കൈമാറ്റ വേദിയിലായിരുന്നു കോണ്‍ഗ്രസിനെതിരേ മുഖ്യമന്ത്രിയുടെ വിമര്‍ശനം.
മഹാത്മാഗാന്ധിയുടെ ശിഷ്യര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്ക് എങ്ങനെ സവര്‍ക്കറുടെ ചിത്രം വെയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. എത്ര പരിഹാസ്യമാണത്. കോണ്‍ഗ്രസിന്റെ മനസ് എവിടെയെത്തി ? ബിജെപിയിലേക്ക് മാറിയ കോണ്‍ഗ്രസുകാര്‍ എത്രയാണ് ? കോണ്‍ഗ്രസിന്റെ നേതൃനിര വലിയൊരു ഭാഗം ഇപ്പോള്‍ ബിജെപിയുടെ കൂടെയല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ബിജെപിയെ നേരിടേണ്ടരീതിയില്‍ ശക്തമായി നേരിടണം. അവരുടെ അടയാളങ്ങള്‍ സ്വീകരിച്ചുകൊണ്ട്, ആശയങ്ങള്‍ സ്വാംശീകരിച്ചുകൊണ്ട് നേരിടാമെന്ന് വിചാരിക്കരുത്. അവര്‍ വര്‍ഗീയതായാണ് രൂപത്തിലും ഭാവത്തിലും പ്രകടനത്തിലും സ്വീകരിക്കുന്നത്. അതിനെ തള്ളാന്‍ തയ്യാറുണ്ടോയെന്നും എത്രപേര്‍ക്ക് തള്ളാനാകുമെന്നും പിണറായി വിജയന് ചോദിച്ചു.
ഇടുക്കി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തുന്നതിന് നേതൃത്വം കൊടുത്തവര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ഇത്തരം കാര്യങ്ങള്‍ നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പരസ്യമായി രക്ഷസാക്ഷിത്വത്തെ അപമാനിച്ചു. നാടിന്റെ സംസ്കാരത്തിന് ചേരാത്ത രീതിയില്‍ അരുംകൊല നടത്തിയ ആളുകളെ മഹത്വവത്കരിച്ച് കൊണ്ടുനടക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം മാത്രമല്ല, അഖിലേന്ത്യാ നേതാവ് വരെ തയ്യാറായി.


