എ.ഐ ക്യാമറകൾ ആദ്യ ദിവസം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങള്‍. തിങ്കളാഴ്ച രാവിലെ മുതല്‍ വൈകീട്ട് അഞ്ചു വരെയുള്ള നിരീക്ഷണ വിവരമാണ്. ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ് (4,778 എണ്ണം). ഏറ്റവും കുറവ് മലപ്പുറത്തും (545 എണ്ണം).
തിരുവനന്തപുരം (4362), പത്തനംതിട്ട (1177), ആലപ്പുഴ (1288), കോട്ടയം (2194), ഇടുക്കി (1483), എറണാകുളം (1889), തൃശ്ശൂര്‍ (3995), പാലക്കാട് (1007), കോഴിക്കോട് (1550), വയനാട് (1146), കണ്ണൂര്‍ (2437), കാസര്‍കോട് (1040) എന്നിങ്ങനെയാണ് തിങ്കളാഴ്ച കണ്ടെത്തിയ റോഡിലെ നിയമലംഘനങ്ങള്‍.
എ.ഐ. ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് നല്ല സൂചനയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ എ.ഐ. ക്യാമറകളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനു മുന്‍പുള്ള ദിവസം 4.5 ലക്ഷവും ഉദ്ഘാടന ദിവസം 2.8 ലക്ഷവുമായിരുന്ന നിയമലംഘനങ്ങള്‍ ഇന്നലെ 1.93 ലക്ഷമായി കുറയുകയുകയുണ്ടായി. എന്നാല്‍ ഇന്ന് രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ കേരളത്തില്‍ ആകെ 28,891 നിയമലംഘനങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
ക്യാമറ സ്ഥാപിച്ചതിനു ശേഷം ബോധവല്‍കരണത്തിന് നല്‍കിയ കാലഘട്ടത്തിനേക്കാള്‍ നിയമലംഘനങ്ങള്‍ വളരെയധികം കുറഞ്ഞത് ഗതാഗതസുരക്ഷയെ മുന്‍നിര്‍ത്തി എല്ലാവരും വാഹന നിയമങ്ങള്‍ പാലിക്കുവാന്‍ ആരംഭിച്ചതിന്‍റെ സൂചനയാണ്. വരും ദിവസങ്ങളില്‍ നിയമലംഘനങ്ങള്‍ വീണ്ടും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡപകട രഹിത കേരളം സൃഷ്ടിക്കുന്നതിനുള്ള പരിശ്രമത്തിന് എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും മന്ത്രി പറഞ്ഞു.