കര്‍ണാടകയിലെ രാമനഗരിയില്‍ കന്നുകാലി വ്യാപാരിയെ തല്ലിക്കൊന്ന കേസിൽ അഞ്ച് പേര് പോലീസ് പിടിയില്‍. ഗുജറാത്ത്, രാജസ്ഥാന് പോലീസ് സഹായത്തോടെ രാജസ്ഥാനിലാണ് അറസറ്റ്.
സ്വയം പ്രഖ്യാപിത പശു സംരക്ഷനും ഹിന്ദുത്വ ആക്ടിവിസ്റ്റുമായ പുനീത് കീരഹള്ളിയുടെ നേതൃത്വത്തിലുള്ള അക്രമി സംഘത്തെ രാജസ്ഥാനിലെ ബനസ്വാരയില്‍ വച്ച് പിടികൂടിയതായി കര്‍ണാടക പോലീസ് അറിയിച്ചു. സംഭവത്തിന് ശേഷം പെലീസ് സേനയിൽ നിന്നും രക്ഷപെടാൻ ഇവര്‍ നിരന്തരമായ യാത്രയിലായിരുന്നു എന്നാണ് അധികൃതരുടെ വിശദീകരണം.
വെള്ളിയാഴ്ച രാത്രിയാണ് ഇദ്രിസ് എന്ന കാലി വ്യാപാരിയെയും സഹായികളെയും കന്നുകാലികളുമായി പോകുമ്പോള്‍ ഗോസംരക്ഷകര്‍ തടഞ്ഞു വെച്ച് മർദ്ദിച്ചത്. കന്നുകാലികളെ വാങ്ങിയതിന്റെ രേഖകളടക്കം കാണിച്ചുനല്‍കിയിട്ടും പുനീതിന്റെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി ആക്രമിച്ചു. മാത്രമല്ല ഇവരോട് പാകിസ്ഥാനിലേക്ക് പോകാനും ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് ക്രൂരമായി ആക്രമിച്ചത്.
ശനിയാഴ്ച ഇദ്രിസിനെ മരിച്ചനിലയില്‍ കണ്ടെത്തി. ഇതോടെ ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി പ്രതിഷേധിച്ചു. ഇദ്രിസിനെ മര്‍ദിച്ച് കൊന്നതാണെന്ന് ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. ഇദ്രിസിനെ ജീവനോടെ വിട്ടുനല്‍കണമെങ്കില്‍ രണ്ടുലക്ഷം രൂപ നല്‍കണമെന്ന് പുനീത് ആവശ്യപ്പെട്ടിരുന്നതായും അവർ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ ഇദ്രിസ് പാഷയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ കാര്യമായ പരിക്കുകള്‍ കണ്ടെത്തിയിട്ടില്ല എന്നാണ് പൊലീസ് വിശദീകരിച്ചത്.


