ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള കേരള സംഘത്തിൻ്റെ സന്ദര്‍ശനം മാതൃകാപരമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഇത്തരമൊരു തീരുമാനമെടുത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നെഞ്ചോടുചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
പത്ത് വര്‍ഷം മുമ്പ് താന്‍ പറഞ്ഞ കാര്യമാണ് ഗുജറാത്ത് മോഡലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മുമ്പ് ഗുജറാത്ത് മോഡല്‍ എന്നു പറഞ്ഞതിന്റെ പേരിലായിരുന്നു സിപിഎം അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്.
വികസനത്തിന് ഗുജറാത്ത് മോഡല്‍ മാതൃകയല്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഗുജറാത്ത് മോഡല്‍ പഠിക്കേണ്ട ആവശ്യമില്ല. കേരള മോഡല്‍ ഫലപ്രദമായി എന്തുകൊണ്ട് നടക്കുന്നില്ലെന്ന് പരിശോധിച്ച് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ഇവിടെ കാര്യങ്ങളെല്ലാം കൃത്യമായി നടക്കുമെന്നുംം ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഗുജറാത്തില്‍ ഇ-ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനത്തിന്റെ നടത്തിപ്പ് പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കേരള സംഘമാണ് ഗുജറാത്തിലേക്ക് പോകുന്നത്. അഹമ്മദാബാദിലെത്തുന്ന ചീഫ് സെക്രട്ടറി വി.പി. ജോയിയും സംഘവും നാളെ ഗുജറാത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.
ഇതിനെ കളിയാക്കി കൊണ്ട് നിരവധി ട്രോളുകളും പോസ്റ്റുകളും നിറയുന്നതിനിടയിലാണ് അബ്ദുള്ളകുട്ടിയുടെ ആക്രമണം.


