ഗുജറാത്ത് കലാപത്തിലെ ദാരുണ ആക്രമണമായ നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ശിക്ഷക്കപ്പെട്ടയാളുടെ മകളുടെ സ്ഥാനാത്ഥിത്വത്തിന് വിവാദങ്ങൾ കണക്കിലെടുക്കാതെ ബി ജെ പി പ്രചാരണം മുന്നേറുന്നു. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷപ്പെട്ട മനോജ് കുക്രാനിയുടെ മകള്‍ പായല്‍ കുക്രാനിയെയാണ് നരോദ മണ്ഡലത്തില്‍ ബിജെപി സ്ഥാനാർഥിയാക്കിയിരിക്കുന്നത്. 2015-മുതല്‍ ജാമ്യത്തിലുള്ള മനോജ് കുക്രാനി ഇപ്പോള്‍ മകള്‍ക്കുവേണ്ടി സജീവ പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ്. പിതാവാണോ പുത്രിയാണോ മത്സര രംഗത്ത് എന്ന വിവേചനംഇല്ല.
അനസ്‌തേറ്റിസ്റ്റായ പായല്‍ കുക്രാനിക്ക് രാഷ്ട്രീയ മുന്‍പരിചയമില്ല. കലാപത്തിൽ പങ്കെടുത്തു എന്നതാണ് പ്രസിദ്ധി. പാർട്ടി പ്രവർത്തനത്തിൽ പരിചിതയല്ലാത്ത മകൾക്ക് മത്സരിക്കാൻ സീറ്റ് ലഭിക്കയും ചെയ്തു. നരോദയിലെ സിറ്റിങ് എംഎല്‍എ ബല്‍റാം തവാനിയെ മാറ്റിയാണ് ഇവര്‍ക്ക് സീറ്റ് നല്‍കിയത് എന്നതും ശ്രദ്ധേയമാണ്. കലാപത്തിലെ പ്രതികള്‍ക്ക് ബിജെപി നേരിട്ടു പ്രതിഫലംകൊടുക്കുന്നതിൻ്റെ തെളിവാണ് പായല്‍ കുക്രാനിയുടെ സ്ഥാനാര്‍ഥിത്വമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു എങ്കിലും പ്രചാരണ രംഗത്ത് പ്രതി സജീവമായി മുന്നേറുന്നു.
നരോദ പാട്യ കൂട്ടക്കൊല നടന്ന അതേ മണ്ഡലത്തില്‍ തന്നെയാണ് ബിജെപി പായലിനെ മത്സരിപ്പിക്കുന്നത് . 2002-ലെ ഗുജറാത്ത് കലാപത്തില്‍ നരോദയില്‍ 97 പേരെ കൊലപ്പെടുത്തിയ ആള്‍ക്കൂട്ടത്തിന്റെ ഭാഗമായിരുന്നുവെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ട 32 പ്രതികളിൽ ഒരാളാണ് സ്ഥാനാർഥി പായലിന്റെ പിതാവ്.
2012-ലാണ് മനോജ് കുക്രണിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. എന്നാല്‍ കുറഞ്ഞ ദിവസങ്ങളില്‍ മാത്രമേ മനോജിന് ജയിലില്‍ കഴിയേണ്ടി വന്നിട്ടുള്ളൂ. ഇയാളുടെ അയല്‍വാസികളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഇടക്കാല ജാമ്യത്തില്‍ മിക്കവാറും സമയം ജയിലിന് പുറത്ത് തന്നെ കഴിഞ്ഞു എന്നാണ് വെളിപ്പെടുത്തിയത്.
പിതാവിനെ കുറ്റക്കാരനായി കണ്ടെത്തിയ വിധി കോടതിയുടെ പരിഗണനയിലാണെന്നാണ് മനോജ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പായലിന്റെ മറുപടി. ‘എന്റെ പിതാവ് പരിചയസമ്പന്നനായ ഒരു രാഷ്ട്രീയക്കാരനാണ്. പിതാവിന് ശിക്ഷ ലഭിച്ചതുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഇതിനെതിരെ ഞങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഞങ്ങള്‍ ഇപ്പോഴും അതിനെതിരെ പോരാടുകയാണ്. പക്ഷേ, എനിക്ക് നിങ്ങളോട് പറയാന്‍ കഴിയുന്നത് എന്റെ അച്ഛനും അമ്മയും എല്ലാ ബിജെപി നേതാക്കളും എന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എന്നെ സഹായിക്കുന്നു എന്നതാണ്. വിഷയം വികസനമാണ്. അതില്‍ ഞങ്ങള്‍ വിജയിക്കും’, എന്നും പായല്‍ പറഞ്ഞു.
ബില്‍കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്ക് ഇളവ് അനുവദിച്ച ഗുജറാത്ത് സര്‍ക്കാര്‍ കമ്മിറ്റിയുടെ ഭാഗമായിരുന്ന ചന്ദ്രസിങ് റൗള്‍ജിയെ ഇത്തവണയും ബിജെപി തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നുണ്ട്. ഗോധ്രയിലാണ് ഇയാള്‍ക്ക് ഇപ്രാവശ്യവും ബിജെപി സീറ്റ് നല്‍കിയിരിക്കുന്നത്. ‘സംസ്‌കാരമുള്ള ബ്രാഹ്മണര്‍’ എന്നാണ് ഇയാള്‍ ബലാത്സംഗ കേസിലെ പ്രതികളെ വിശേഷിപ്പിച്ചിരുന്നത്. ഇത് വിവാദമുയർത്തിയതിനു പിന്നാലെയാണ് ഗുജറാത്ത് കലാപക്കേസിലെ പ്രതിയുടെ മകളെ ബിജെപി സ്ഥാനാര്‍ഥിയാക്കിയത്.