Friday, February 20, 2026

ഗുജറാത്തിൽ വെല്ലുവിളി കടുക്കുന്നു; തിരഞ്ഞെടുപ്പ് ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ

ഗുജറാത്തിലെ രാഷ്ട്രീയം

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്ന്, അഞ്ച് ദിവസങ്ങളില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. ഫല പ്രഖ്യാപനം ഡിസംബര്‍ എട്ടിന്.

182 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഡിസംബർ ഒന്നിന് 89 മണ്ഡലങ്ങളിലേക്കും അഞ്ചിന് 93 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ്. 4.9 കോടി വോട്ടര്‍മാരുണ്ട്. 51,782 പോളിംങ് സ്‌റ്റേഷനുകള്‍ സജ്ജമാക്കുമെന്ന് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കഴിഞ്ഞ 25 കൊല്ലമായി ബി.ജെ.പി. ഭരിച്ചുകൊണ്ടിരുന്ന സംസ്ഥാനമാണെങ്കിലും പഞ്ചാബിനു പിന്നാലെ ഗുജറാത്ത് നിയമസഭ ലക്ഷ്യം വെച്ചു നീങ്ങുന്ന എഎപിയുടെ സാന്നിധ്യം സംസ്ഥാനത്തെ ത്രികോണ മത്സരത്തിലേക്കായിരിക്കും നയിക്കുക. ഇത് ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങൾ ചെറുതല്ല.

ഗുജറാത്ത് മാതൃകയുടെ പ്രതീകമായ നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിട്ട് എട്ടുവര്‍ഷം പിന്നിടുമ്പോള്‍ ആ സംസ്ഥാനം വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് പോകുകയാണ്.

ഗുജറാത്ത് പഴയ ഗുജറാത്തല്ല,മോഡിക്ക് പഴയ മോടി തിരികെ ലഭിക്കുമോ

തദ്ദേശ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ വര്‍ഷം ആദ്യമായി മത്സരിച്ചപ്പോള്‍ സൂറത്തിലടക്കം ചില മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചതാണ് എഎപിയെ ഗുജറാത്തിലേക്ക് കണ്ണുവെക്കാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. പഞ്ചാബില്‍ അട്ടിമറിയിലൂടെ അധികാരം പിടിക്കാനായ സാഹചര്യം ഗുജറാത്തിലും ഉണ്ടെന്നാണ് അവരുടെ കണക്കുകൂട്ടല്‍. പഞ്ചാബ് തിരഞ്ഞെടുപ്പില്‍ പ്രചാണത്തിന് ചുക്കാന്‍ പിടിച്ച രാഘവ് ഛദ്ദയെ ആണ് കെജ്‌രിവാള്‍ ഗുജറാത്തിലും നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ കടലാസില്‍ മാത്രമാണ് എഎപി ഉള്ളതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഹിന്ദുത്വ വോട്ടുകള്‍ പിടിച്ചെടുക്കാന്‍ നീക്കമിട്ടുള്ള വർഗ്ഗീയ കാര്‍ഡുകള്‍ എല്ലാവരുടെയും മാറാപ്പിലുണ്ട്.

ബി ജെ പി പഴയ സ്വീകാര്യത അവകാശപ്പെടുമോ

1995-ല്‍ കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിലാണ് ഗുജറാത്തിൽ ബിജെപി ആദ്യമായി അധികാരം പിടിച്ചത്. പിന്നീട് പട്ടേലില്‍ നിന്ന് അധികാരം നരേന്ദ്ര മോദിയിലേക്കെത്തിയതോടെ ഏകപക്ഷീയമായ മുന്നേറ്റമായിരുന്നു. അധികാരത്തിൻ്റെ എല്ലാ കാർഡുകളും ഇറക്കി കളിച്ച് കോൺഗ്രസിനെ നിഷ്പ്രഭമാക്കി. എന്നാല്‍ 2014-ല്‍ നരേന്ദ്ര മോദി ദേശീയ രാഷ്ട്രീയത്തിലേക്ക് പോയതിന് ശേഷം 2017-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ തന്നെ വിടവുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

182 അംഗ ഗുജറാത്ത് നിയമസഭയില്‍ 1995ല്‍ അധികാരം നേടിയത് മുതല്‍ ബിജെപി നൂറില്‍ കുറഞ്ഞ അംഗസംഖ്യയിലേക്കെത്തിയിരുന്നില്ല. പക്ഷെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആത്മവിശ്വാസം വീണ്ടെടുത്തു.

1990-ന് ശേഷം കോണ്‍ഗ്രസ് ഗുജറാത്തില്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്. 99 സീറ്റുകള്‍ നേടി ബിജെപി അധികാരം നിലനിര്‍ത്തുകയായിരുന്നു എങ്കിലും 78 സീറ്റില്‍ കോണ്‍ഗ്രസിന് ജയിക്കാനായി. വ്യത്യാസം 21 സീറ്റുകള്‍ മാത്രമായി.

ഗുജറാത്ത് മോഡല്‍ വികസനത്തിൻ്റെയും ഹിന്ദുത്വയുടെയും പ്രതിരൂപമായിട്ടാണ് 2014-ല്‍ നരേന്ദ്ര മോദി ദേശീയ രാഷ്ട്രീയത്തിലേക്കും പ്രധാനമന്ത്രി സ്ഥാനത്തേക്കും കടന്നുവന്നത്. അതിന് ശേഷം സംസ്ഥാനത്ത് ആദ്യ തിരഞ്ഞെടുപ്പിലാണ് തിരിച്ചടി നേരിട്ടത്.

നേതാക്കൾ എന്ന കോൺഗ്രസിൻ്റെ ബലഹീനത

തിരഞ്ഞെടുപ്പ് ശേഷം പല സംസ്ഥാനങ്ങളിലെന്ന പോലെ ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരും കൂറുമാറി. 78 പേരുണ്ടായിരുന്നത് ഇപ്പോള്‍ 62 ആയി ചുരുങ്ങി. ഓപ്പറേഷൻ താമര വിരിയിച്ച് ബിജെപിയുടേത് 111 ലും എത്തിയിട്ടുണ്ട്. എന്‍സിപിക്കും ഭാരതീയ ട്രൈബല്‍ പാര്‍ട്ടിക്കും ഓരോ എംഎല്‍എമാരും ഗുജറാത്ത് നിയമസഭയിലുണ്ട്. ഒരു സ്വതന്ത്രനും. കൂറുമാറാൻ തയാറായി നേതാക്കൾ നാമനിർദ്ദേശ പത്രികാ ഘട്ടത്തിൽ തന്നെ വരവ് അറിയിച്ചിട്ടുണ്ട്. വിമത ശല്യം രൂക്ഷമായി തുടരുകയാണ്. എന്നാൽ ഇത് ഇപ്പോൾ ബി ജെ പിയിലും കുറവല്ല എന്ന പ്രശ്നമുണ്ട്.

പട്ടേൽ വോട്ടുകളിൽ കണ്ണെറിഞ്ഞ്

മോദിക്ക് പകരക്കാരിയായി ആനന്ദിബെന്‍ പട്ടേലിനേയും വിജയ് രൂപാണിയേയും പരീക്ഷിച്ച് പ്രതീക്ഷിച്ച വിജയം കാണാതായതോടെയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലില്‍ ബിജെപി എത്തിനില്‍ക്കുന്നത്. ഹര്‍ദിക് പട്ടേലിനെ കൂടി പാര്‍ട്ടിയിലെത്തിച്ചതോടെ കഴിഞ്ഞ തവണ പാര്‍ട്ടിയില്‍ നിന്നകന്ന പട്ടേല്‍ വോട്ടുകള്‍ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.

2017-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവത്വത്തിന്റെ ചോരത്തിളപ്പുമായെത്തിയ ത്രിമൂര്‍ത്തികള്‍ ബി.ജെ.പി.വിരുദ്ധ പ്രചാരണത്തിന്റെ മുഖമായിരുന്നു -ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് ഠാക്കൂര്‍, ജിഗ്‌നേഷ് മേവാനി എന്നിവര്‍. എന്നാല്‍, ഇവരില്‍ രണ്ടുപേര്‍ ഇക്കുറി ബി.ജെ.പി. ക്യാമ്പിലാണ്‌; ഹാര്‍ദികും അല്‍പേഷ് ഠാക്കൂറും കൂറുമാറി.

2019-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് വര്‍ക്കിങ് പ്രസിഡന്റുവരെയായ ഹാര്‍ദിക് പട്ടേല്‍ നേതൃത്വവുമായുള്ള ഭിന്നതയെത്തുടര്‍ന്ന് കഴിഞ്ഞ മേയില്‍ രാജിവെച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നു. അല്‍പേഷ് ഠാക്കോറിനെയാകട്ടെ 2019-ല്‍തന്നെ ബി.ജെ.പി. വലവീശിപ്പിടിച്ചു; അദ്ദേഹം എം.എല്‍.എ.സ്ഥാനവും രാജിവെച്ചു. ജെ.എന്‍.യു. സമരനായകനായിരുന്ന കനയ്യകുമാറിനൊപ്പം ജിഗ്‌നേഷ് മേവാനി പാര്‍ട്ടിയില്‍ ചേര്‍ന്നതാണ് കോണ്‍ഗ്രസിന് ആകെയുള്ള ആശ്വാസം.

വീടുതോറും കയറി ഇറങ്ങി കോൺഗ്രസ്

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നീക്കങ്ങൾ ഇത്തവണ വ്യത്യസ്തമാണ്. കൊട്ടിഘോഷിച്ചുള്ള പതിവ് പ്രചാരണങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് പ്രചാരണപരിപാടികള്‍. വീടുകള്‍ തോറും കയറിയിറങ്ങിയും ബൂത്ത് മാനേജ്‌മെന്റ് നടപ്പിലാക്കിയുമുള്ള തിരഞ്ഞെടുപ്പ് തന്ത്രമാണ്. പ്രശാന്ത് കിഷേർ സ്കൂളിൻ്റെ ബൂത്ത് തല ഡാറ്റാ മാനേജ്മെൻ്റ് ഇതിനായി പ്രയോജനപ്പെടുത്തുന്നു.

വൻകിട പദ്ധതികൾ എല്ലാം ഗുജറാത്തിലേക്ക്

വേദാന്ത ഫോക്ടസ് കോണ്‍ സെമി കണ്ടക്ടര്‍ നിര്‍മാണ ശാലയും പിന്നലെ വ്യോമസേനയ്ക്കുള്ള വിമാനങ്ങള്‍ നിര്‍മിക്കുന്ന പ്ലാന്റും അയല്‍സംസ്ഥാനമായ ഗുജറാത്തിലേക്ക് പോയത് മഹാരാഷ്ട്രയില്‍ അടുത്ത കാലത്ത് വൻ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഷിന്ദേ-ഫ്ഡനവിസ് സര്‍ക്കാരിനെതിരായി വികസന നഷ്ടങ്ങൾ അവിടെ വലിയ രാഷ്ട്രീയ വിഷയമാണ്. പക്ഷെ മോഡിക്ക് താത്പര്യമുള്ള തിരഞ്ഞെടുപ്പിൽ ചിലത് മുന്നിൽ വെക്കേണ്ടത് ബി ജെ പിയുടെ ആവശ്യവുമാണ്.

വേദാന്ത ഗ്രൂപ്പും തയ്‌വാനിലെ ഫോസ്‌കോണും ചേര്‍ന്ന് ആരംഭിക്കുന്ന 1.54 ലക്ഷം കോടി രൂപയുടെ ഇലക്ട്രോണിക് ചിപ്പ് നിര്‍മാണകേന്ദ്രം അവസാനനിമിഷത്തെ അട്ടിമറിയിലൂടെയാണ് ഗുജറാത്ത് അടിച്ചുമാറ്റിയത്. കോടികളുടെ മറ്റനേകം പദ്ധതികളും ഗുജറാത്തിലെത്തി പ്രധാനമന്ത്രി നേരിട്ട് പ്രഖ്യാപിക്കുകയുണ്ടായി.

തന്ത്രങ്ങളുടെ പരീക്ഷണ ശാലയും

ഏക സിവില്‍ കോഡ് വീണ്ടും പുറത്തെടുത്തിരിക്കയാണ്. പൊതു വ്യക്തിനിയമം നടപ്പാക്കുന്നതിന് സമിതിയെ നിയോഗിക്കാന്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന ബി.ജെ.പി. മന്ത്രിമാരുടെ യോഗത്തിൽ ധാരണയായിരുനന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് ഈ കാർഡ് എത്ര ഫലം ചെയ്യും എന്നതു കൂടി ഇവിടെ അറിയാം. ഗുജറാത്ത് ഇതിന് തീർച്ചയായും പരീക്ഷണത്തിനുള്ള ഉചിതമായ ഇടമാവും എന്നാണ് വിലയിരുത്തൽ. നേരത്തെ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായും സമാനമായ പ്രചാരണം ബിജെപി ഇറക്കി വിട്ടിരുന്നു.

കക്ഷി നില

182 അംഗങ്ങളുള്ള നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരി 18 ന് കഴിയും. 25 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്നത് ബിജെപിയാണ്. 111 സീറ്റുകള്‍ നേടിയായിരുന്നു കഴിഞ്ഞ തവണ ബിജെപി അധികാരത്തിലെത്തിയത്. ഇപ്പോൾ 62 സീറ്റുകളുള്ള കോണ്‍ഗ്രസാണ് രണ്ടാമത്തെ വലിയ കക്ഷി. കോൺഗ്രസിന് 78 അംഗങ്ങൾ തുടക്കത്തിൽ ഉണ്ടായിരുന്നത് കൂറുമാറി.

ഭാരതിയ ട്രൈബല്‍ പാര്‍ട്ടി (ബിടിപി) – 2, എന്‍സിപി – 1, സ്വതന്ത്രന്‍ – 1 എന്നിങ്ങനെയാണ് കക്ഷിനില.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...