ഗുണ്ടാ ബന്ധമുള്ള രണ്ട് ഡിവൈഎസ്പിമാർക്ക് പൊലീസ് സേനയിൽ സസ്പെൻഷൻ.കെ.ജെ.ജോൺസൺ, എം പ്രസാദ് എന്നിവർക്കാണ് സസ്പെൻഷൻ.
ഷാരോൺ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജോൺസൺ ഇപ്പോൾ തീരുവന്തപുരം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയാണ്.ആരോപണ വിധേയനായ എം. പ്രസാദ് വിജിലിൻസ് ഡിവൈഎസ്പിയാണ്.
ഗുണ്ടകളായ നിധിനും രജ്ഞിത്തും തമ്മിലുള്ള സാമ്പത്തിക തർക്കം പരിഹരിക്കാൻ മധ്യസ്ഥത നിന്നുവെന്നും ഗുണ്ടകള്‍ സംഘടിപ്പിക്കുന്ന മദ്യപാന പാര്‍ട്ടികളില്‍ സ്ഥിരം പങ്കെടുക്കുമായിരുന്നുവെന്ന ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ട് കണക്കിലെടുത്താണ് നടപടി.
നടപടി വൈകിപ്പിച്ചും ഇടനിലകൾ
ഇരുവര്‍ക്കുമെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ഡിജിപി നേരത്തെ ആഭ്യന്തര വകുപ്പിന് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ശുപാര്‍ശയില്‍ മൂന്ന് ദിവസമായിട്ടും തീരുമാനമായിരുന്നില്ല. ഇതിനുപിന്നില്‍ രാഷ്ട്രീയ നീക്കങ്ങളുണ്ടെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വ്യാഴാഴ്ച രണ്ടുപേരേയും സസ്പെന്‍ഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറക്കിയത്.
തിരുവനന്തപുരത്ത് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പ്രശ്നപരിഹാര ചര്‍ച്ചയില്‍ ജോണ്‍സണും പ്രസാദും നേരത്തെ സസ്പെന്‍ഷനിലായ റെയില്‍വേ സിഐ അഭിലാഷും പങ്കെടുത്തിരുന്നുവെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ഗുണ്ടാസംഘങ്ങളില്‍നിന്ന് ഇവര്‍ സാമ്പത്തിക ലാഭം നേടിയതായും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സസ്പെന്‍ഷനിലായ കെ.ജെ ജോണ്‍സണിന്റെ മകളുടെ പിറന്നാള്‍ പാര്‍ട്ടി തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍വെച്ച് നടന്നിരുന്നു. ഈ പാര്‍ട്ടി സ്പോണ്സര് ചെയ്തത് ഗുണ്ടാസംഘങ്ങളാണ് എന്നുള്ള വിവരവും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കെതിരേയും നടപടി സ്വീകരിച്ചത്.
നേരത്തെ ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ നാല് സിഐമാരേയും ഒരു എസ്ഐയേയും സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
പൊലീസിലെ ക്രിമിനൽ സാന്നിധ്യം ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും പൊലീസ് സേനയ്ക്ക് കളങ്കം ചാർത്തുന്ന സംഭവങ്ങൾ ആവർത്തിച്ചു. ഈ സാഹചര്യത്തിൽ ശുദ്ധീകരണ പ്രകിയ ശക്തമാക്കിയിരിക്കയാണ്.


