ഗോളടിച്ചിട്ടും ആ ആരവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പിറകെ പോകാതെ ബ്രീല്‍ എംബോളോ എന്ന 25 കാരന്‍ പയ്യൻ നിസ്സംഗനായിരുന്നു. ഷാക്കിരിയുടെ അളന്നുമുറിച്ച ക്രോസ് തകര്‍പ്പന്‍ ഷോട്ടിലൂടെ എംബോളോ ഗോളാക്കി മാറ്റി. ടീം അംഗങ്ങള്‍ എംബോളോയുടെ നേർക്ക് ഓടിയടുത്തപ്പോഴും അവൻ ഉള്ളിൽ വിങ്ങുകയായിരുന്നു. അതിനൊരു ചരിത്രമുണ്ട്. വേദനയുടെയും പോരാട്ടത്തിൻ്റെയും അതിജീവനത്തിൻ്റെയും ചരിത്രം.
കാമറൂണ്‍ ആധിപത്യം നേടിയ മത്സരത്തിലായിരുന്നു സ്വിസ് ടീമിന്റെ ജയം. ബ്രസീലും സെര്‍ബിയയും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിര്‍ണായകമായ മൂന്ന് പോയിന്റ് നേടാനും സ്വിറ്റ്‌സര്‍ലന്‍ഡിനായി. കാമറൂണ്‍ താരങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ഗോളടിച്ചത്. 48-ാം മിനിറ്റില്‍ എംബോളോ എന്നുറക്കെ വിളിച്ചു സ്‌റ്റേഡിയമൊന്നടങ്കം ആവേശത്തിമിര്‍പ്പിലേക്കുയര്‍ന്നു. ചുവപ്പും വെളുപ്പും നിറമുള്ള സ്വിറ്റ്‌സര്‍ലന്‍ഡ് ദേശീയ കൊടികള്‍ സ്റ്റേഡിയമൊന്നടങ്കം പാറിക്കളിച്ചു. അപ്പോഴും സ്വിസ് താരം എംബോള ആവേശം തുളുമ്പാതെ നിന്നു. അവൻ്റെ ഷോട്ട് കൃത്യമായിരുന്നിട്ടും…….
എംബോളോയ്ക്ക് ജന്മം നല്‍കിയ നാടാണ് കാമറൂണ്‍
1997 ഫെബ്രുവരി 14ന് കാമറൂണിന്റെ തലസ്ഥാനമായ യോണ്‍ഡെയിലാണ് എംബോളോയുടെ ജനനം. എംബോളോയുടെ ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. എംബോളോ അമ്മയുടെ സംരക്ഷണത്തിലാണ് വളർന്നത്. ഉന്നത പഠനത്തിനായി അമ്മ ഫ്രാന്‍സിലേക്ക് യാത്രയായി. അവിടെ വെച്ച് എംബോളോയുടെ അമ്മ ഒരു സ്വിറ്റ് സ്വദേശിയുമായി പ്രണയത്തിലായി. ഇതോടെ എംബോളോയും സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് എത്തി. 2014 ഡിസംബര്‍ 12 ന് എംബോളോയ്ക്ക് സ്വിറ്റ്‌സര്‍ലന്‍ഡ് പൗരത്വം ലഭിച്ചു.
ചെറുപ്പംതൊട്ട് ഫുട്‌ബോളിനെ പ്രണയിച്ച എംബോളോ സ്വിറ്റ് ടീമായ എഫ് സി ബാസലിലൂടെ പ്രഫഷണല്‍ ഫുട്‌ബോളിന് തുടക്കമിട്ടു. പിന്നാലെ ബുണ്ടസ് ലീഗയിലെ മുന്‍നിര ക്ലബ്ബുകളിലൊന്നായ ഷാല്‍ക്കെയിലേക്ക് ചേക്കേറി. അവിടെ നിന്ന് 2019-ല്‍ ബൊറൂസ്സിയ മോണ്‍ചെന്‍ക്ലാഡ്ബാക്കിലും കളിച്ചു. നിലവില്‍ ഫ്രഞ്ച് ലീഗ് വണ്ണില്‍ മൊണോക്കോയ്ക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. മോണോക്കോയ്ക്ക് വേണ്ടി ഈ സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ അടിക്കുകയും ചെയ്തു.
സ്വിറ്റ്‌സര്‍ലന്‍ഡ് അണ്ടര്‍ 16, 20, 21 ടീമുകളില്‍ കളിച്ച എംബോളോ 2015 മുതല്‍ ദേശീയ സീനിയര്‍ ടീമിലംഗമാണ്. ഇതുവരെ ടീമിനായി 61 തവണ കുപ്പായമണിഞ്ഞ എംബോളോ 12 ഗോളുകള്‍ അടിക്കുകയും ചെയ്തു. മികച്ച ഫോമില്‍ കളിക്കുന്ന എംബോളോ തന്നെയാണ് സ്വിസ് മുന്നേറ്റനിരയുടെ തുറുപ്പുചീട്ട്.