പാലക്കാട് തങ്കം ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനു തുടർച്ചയായി ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തു. .ഡോ അജിത്, ഡോ നിള, ഡോ പ്രിയദർശിനി എന്നിവരാണ് അറസ്റ്റിലായത്
തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും നവജാതശിശുവും മരിച്ചത് ഡോക്ടര്‍മാരുടെ പിഴവുമൂലമാണെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെയും കണ്ടെത്തല്‍. റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന് കൈമാറി. പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് ഡോക്ടര്‍മാരുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് ഐശ്വര്യയുടെ കുഞ്ഞ് മരിക്കുന്നത്. പ്രസവ ശേഷം ഐശ്വര്യയ്ക്ക് കുഴപ്പമില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞത്. തീവ്രപരിചരണത്തിനിടെ രണ്ടുദിവസത്തിനു ശേഷം ഐശ്വര്യയും മരിച്ചു. രക്തം ആവശ്യമാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് രക്തം എത്തിച്ചു നല്‍കിയിരുന്നു. നാലാം തീയതി രാവിലെ ഐശ്വര്യ മരിച്ചു.
ഐശ്വര്യയെ ഒന്‍പതുമാസവും പരിശോധിച്ച ഗൈനക്കോളജിസ്റ്റ് ആയിരുന്നില്ല പ്രസവസമയത്ത് ഉണ്ടായിരുന്നത്. മാത്രമല്ല, വാക്വം ഉപയോഗിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത് എന്ന് കുടുംബം പരാതിപ്പെട്ടത് ശരിയായിരുന്നു എന്ന് കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ടോടെ ഡോക്ടര്‍മാരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.


