ചൈനയില്‍ സർക്കാരിനെ അട്ടിമറിച്ചെന്ന വാർത്തകൾക്കിടെ വ്യാപകമായി വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇത് സൈനിക നിർദ്ദേശ പ്രകാരമാണെന്നാണ് അഭ്യൂഹം.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വീട്ടുതടങ്കലിലാണെന്നും ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) ബെയ്ജിങ്ങിൻ്റെ നിയന്ത്രണം ഏറ്റെടുത്തു എന്നും വാർത്ത പരന്നു കൊണ്ടിരിക്കുന്നു.
സെപ്റ്റംബര്‍ 21-ാം തീയതി മാത്രം ചൈനയില്‍ 9583 വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ദി എപക് ടൈംസ്’ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തെ വിമാനസര്‍വീസിന്റെ 60 ശതമാനത്തോളം വരുമിത്. ഹൈസ്പീഡ് റെയില്‍ സര്‍വീസ് നിര്‍ത്തിവെച്ചെന്നും വാർത്തയുണ്ട്.
ചൈനയിലെ വ്യോമയാന വിഭാഗമോ മറ്റുമാധ്യമങ്ങളോ വിമാനസര്‍വീസുകള്‍ റദ്ദാക്കിയതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും നല്‍കിയിട്ടില്ല. അന്താരാഷ്ട്ര വാർത്താ ഏജൻസികൾ ഒന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതിനിടെ, ചൈനീസ് മാധ്യമപ്രവര്‍ത്തകനായ ഷാവോ ലഞ്ചിയാന്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കിയ കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതിന്റെ കാരണം വ്യക്തമല്ലെന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സൈന്യത്തിന്റെ നിര്‍ദേശപ്രകാരമാകും വ്യാപകമായി വിമാനസര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റ്. സൈനിക വിമാനങ്ങള്‍ക്ക് പറക്കാന്‍ വേണ്ടിയാണ് ഇത്തരം നീക്കം നടത്തിയതെന്നും ട്വീറ്റില്‍ പറയുന്നു.
വാർത്ത പ്രചരിക്കുന്നത് ഇങ്ങനെ
ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷി ജിന്‍പിങ് ഉസ്‌ബെക്കിസ്താനില്‍ പോയപ്പോഴാണ് അട്ടിമറിക്ക് ഗൂഢാലോചന നടന്നതെന്നാണ് പ്രചരിക്കുന്നത്. മുന്‍ പ്രസിഡന്റ് ഹു ജിന്താവോയും മുന്‍ പ്രധാനമന്ത്രി വെന്‍ ജിബാവോയും ചേര്‍ന്ന് മുന്‍ പൊളിറ്റ് ബ്യൂറോ അംഗം സോങ് പിങ്ങിനെ കൂട്ടുപിടിച്ച് സെന്‍ട്രല്‍ ഗാര്‍ഡ് ബ്യൂറോയുടെ (സി.ജി.ബി.) നിയന്ത്രണം ഏറ്റെടുത്തു. പ്രസിഡന്റിന്റെയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥിരംസമിതി അംഗങ്ങളുടെയും സുരക്ഷാ ചുമതല സി.ജി.ബി.ക്കാണ്. ഉസ്ബെകിസ്താനില്‍നിന്ന് മടങ്ങിയെത്തിയ ഷി ജിന്‍പിങ്ങിനെ വിമാനത്താവളത്തില്‍ അറസ്റ്റുചെയ്യുകയും പി.എല്‍.എ.യുടെ മേധാവിത്വത്തില്‍നിന്ന് നീക്കുകയും ചെയ്തുവെന്നാണ് അഭ്യൂഹം.
ഷി ജിന്‍പിങ്ങിനെപ്പോലെ ശക്തനായ നേതാവിനെ അട്ടിമറിക്കാന്‍, സ്വാധീനം കുറഞ്ഞ ഹു ജിന്താവോയ്ക്കും സംഘത്തിനും എളുപ്പമല്ലെന്ന് അട്ടിമറി വാര്‍ത്ത നിഷേധിക്കുന്നവര്‍ പറയുന്നുണ്ട്. അഴിമതിക്കെതിരായ നടപടിയെന്ന പേരില്‍ ഷി വിമര്‍ശകരായ രണ്ട് മുന്‍ മന്ത്രിമാര്‍ക്ക് ഈ ആഴ്ച വധശിക്ഷ വിധിച്ചിരുന്നു. നാലു ഉന്നതോദ്യോഗസ്ഥര്‍ ജയിലിലായി. പാര്‍ട്ടി കോണ്‍ഗ്രസോടെ ഷി മൂന്നാമതും ചൈനീസ് പ്രസിഡന്റായി അധികാരത്തിലെത്തുമെന്ന് ഏറക്കുറെ ഉറപ്പാണ്.


