ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി തിരികെകൊണ്ടുവരാൻ കോൺഗ്രസിൻ്റെ പൂർണ പിന്തുണയെന്ന് രാഹുൽ ഗാന്ധി. മറ്റൊരുവിഷയവും ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവിയേക്കാൾ വലുതല്ല.
ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾ കേന്ദ്ര സർക്കാർ തട്ടിയെടുത്തു. സംസ്ഥാന പദവി പുനസ്ഥാപിക്കാൻ കോൺഗ്രസിൻ്റെ പൂർണ പിന്തുണയുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജമ്മുവിൽ പര്യടനം തുടരുന്ന ഭാരത് ജോഡോ യാത്ര സത്വാരി ചൗക്കിൽ എത്തിയപ്പോൾ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
നേരത്തെ നാട്ടുകാർ ഭരിച്ചു ഇപ്പോൾ പുറത്തു നിന്നുള്ളവർ
“നിങ്ങളുടെ സംസ്ഥാന പദവിയേക്കാൾ വലുതല്ല മറ്റൊരു വിഷയവും. നിങ്ങളുടെ അവകാശങ്ങൾ അവർ തട്ടിയെടുത്തു. സംസ്ഥാനപദവി പുനസ്ഥാപിക്കുന്നതിനു കോൺഗ്രസ് പാർട്ടിയുടെ പൂർണപിന്തുണ ഉറപ്പാക്കും”- രാഹുൽ ഗാന്ധി പറഞ്ഞു. നേരത്തെ ജമ്മു കശ്മീർ ഭരിച്ചിരുന്നത് നാട്ടുകാർ തന്നെയാണ്, ഇന്ന് പുറത്തുനിന്നുള്ളവർ ഭരണം നടത്തുന്നു. ഭരണകൂടം നാട്ടുകാരുടെ ശബ്ദം കേൾക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.
കശ്മീരി പണ്ഡിറ്റ് സംഘവുമായി രാവിലെ കൂടിക്കാഴ്ച നടത്തിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദിയുടെ നയങ്ങളെ തുടർന്നു തൊഴിലില്ലായ്മയും വിലക്കയറ്റവും ഉയരുകയാണെന്നു രാഹുൽ കുറ്റപ്പെടുത്തി.
അഗ്നിവീർ സ്കീം ഇന്ത്യൻ ആർമിയെ ദുർബലപ്പെടുത്തി. ഇന്ത്യൻ ആർമിയുടെ ധാർമ്മികത ബിജെപിക്ക് മനസിലാക്കാനായിട്ടില്ലെന്നും രാഹുൽ പറഞ്ഞു. 2019 ലാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തത്.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പര്യടനം തുടരുന്ന ഭാരത് ജോഡോ യാത്ര ജനുവരി 30 ന് ശ്രീനഗറിൽ സമാപിക്കും. കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ച യാത്ര 12 സംസ്ഥാനങ്ങളിൽ പര്യടനം പൂർത്തിയാക്കിയാണ് ജമ്മുവിൽ എത്തിയത്.


