‘ജ്യൂസ് ചലഞ്ച്’എന്ന് പറഞ്ഞ് പല തവണയായി ശീതളപാനീയം കുടിപ്പിച്ച ദൃശ്യങ്ങള്‍ ഷാരോണിന്റെ ഫോണില്‍നിന്ന് ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഷാരോണിന്റെ മരണത്തില്‍ ജ്യൂസിനും കഷായത്തിനും പങ്കുണ്ടോയെന്ന സംശയം ജനിച്ചത്.
എന്നാല്‍ ആരോഗ്യം തകരാറിലായി ആശുപത്രിക്കിടക്കയിലായിരിക്കുമ്പോഴും ഗ്രീഷ്മ നല്കിയ ജ്യൂസിനെക്കുറിച്ചും കഷായത്തെക്കുറിച്ചും ഷാരോണിന് സംശയമുണ്ടായിരുന്നില്ല.
കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ തമ്മില്‍ കാണുമ്പോഴെല്ലാം ഗ്രീഷ്മ, ‘ജ്യൂസ് ചലഞ്ച്’ എന്ന പേരില്‍ ഷാരോണിന് ശീതളപാനീയം നല്‍കിയിരുന്നു. രണ്ടുപേര്‍ക്കുമുള്ള മാംഗോ ജ്യൂസ് ഗ്രീഷ്മ തന്നെ കൈയില്‍ കരുതിയിരിക്കും. ഇതില്‍ നിറവ്യത്യാസമുള്ള കുപ്പിയില്‍ നിന്നുള്ള ജ്യൂസാണ് ഷാരോണിന് കുടിക്കാനായി നല്‍കിയതെന്നാണ് ബന്ധുക്കളുടെ കണ്ടെത്തൽ .
ഇത് ഗ്രീഷ്മ തനിയെ ആലോചിച്ച് നടപ്പാക്കാൻ സാധ്യതയില്ലെന്നാണ് പൊലീസ് കരുതുന്നത്. ബന്ധുവായ ഒരു യുവതിയെ ചോദ്യം ചെയ്യുന്നുണ്ട്. അമ്മാവൻ മാതാപിതാക്കൾ എന്നിവരെ പ്രത്യേകം ചോദ്യം ചെയ്യുന്നു.
ചലഞ്ച് എന്താണെന്ന് ഷാരോണ്‍ ചോദിക്കുമ്പോള്‍ പിന്നീട് വിശദീകരിക്കാമെന്ന് പറഞ്ഞ് ഗ്രീഷ്മ ഒഴിഞ്ഞുമാറുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ ഷാരോണിന്റെ ഫോണില്‍നിന്ന് പോലീസിന് ലഭിച്ചിരുന്നു. ജ്യൂസ് കുടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടിരുന്നു.
അവസാനദിവസങ്ങളിലും ഇരുവരും നടത്തിയ ചാറ്റില്‍ ജ്യൂസ് കുടിച്ചതിനെക്കുറിച്ചും പിന്നീട് ഛര്‍ദിയുണ്ടായതായും ഷാരോണ്‍ പറയുന്നുണ്ട്.
രോഗബാധിതനായി ആശുപത്രിയില്‍ കിടക്കുമ്പോഴും ഗ്രീഷ്മയുടെ വീട്ടിലെത്തിയപ്പോള്‍ കഷായം കുടിച്ചെന്ന് ഷാരോണ്‍ പറഞ്ഞിരുന്നില്ല. മുമ്പ് കുടിച്ച ജ്യൂസ് ഉപയോഗയോഗ്യമല്ലാത്തതാകാം എന്നുപറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഷാരോണിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ജ്യൂസില്‍ വിഷം കലര്‍ന്നതാകാമെന്ന സംശയമുന്നയിക്കുന്നത്. തുടര്‍ന്നിവര്‍ ഗ്രീഷ്മയോട് ഇതേക്കുറിച്ച് പലതവണ ചോദിക്കുന്നുണ്ട്.
എന്നാല്‍ താന്‍ ഷാരോണിന് വിഷം നല്‍കിയില്ലെന്നും ജ്യൂസ് കുടിച്ചിട്ട് ഒന്നും സംഭവിക്കില്ലെന്നും കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. ഗ്രീഷ്മ പലതവണ ചലഞ്ചിന്റെ പേരില്‍ ജ്യൂസ് നല്‍കിയിരുന്നതായി ഷാരോണ്‍ അമ്മയോടും അനുജനോടും പറഞ്ഞിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. വീട്ടിലെത്തിയപ്പോഴും വിഷം കലര്‍ന്ന കഷായം നല്‍കിയശേഷം ഗ്രീഷ്മ അരുചി മാറാന്‍ ജ്യൂസ് നല്‍കിയിരുന്നു.
ഗ്രീഷ്മയുടെ മൊഴി നേരത്തെ ആസൂത്രണം ചെയ്ത പദ്ധതി പ്രകാരമാണെന്ന് അന്വേഷക സംഘം കരുതുന്നു. എല്ലാം വിശ്വാസത്തിലെടുത്തിട്ടില്ല
ഷാരോണ്‍ ചികിത്സയിലിരിക്കെ മൂത്ത സഹോദരന് ഷിമോണ്‍ ഗ്രീഷ്മയെ വിളിച്ച് കഷായത്തിന്റെ പേര് ചോദിച്ചു. ആയുര്‍വേദ ഡോക്ടറായ തനിക്ക് മരുന്നുകളെക്കുറിച്ച് അറിയാമെന്നും കൂടുതല്‍ വിശദാംശങ്ങള്‍ വേണമെന്നും പറഞ്ഞു. കുപ്പി കഴുകിയെന്നും മരുന്നിന്റെ പേരും വിശദാംശങ്ങളും അടങ്ങുന്ന സ്റ്റിക്കര്‍ ഇല്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ഇങ്ങനെ പലതും പറഞ്ഞ് ഒഴിവാകുന്ന ശബ്ദസന്ദേശം ഷാരോണിന്റെ വീട്ടുകാര്‍ പുറത്തുവിട്ടിരുന്നു.
ആത്മഹത്യാ ശ്രമം
ഗ്രീഷ്മ ഇതിനിടെ പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബാത്ത് റൂമിൽ പോയി വന്ന് ഛർദ്ദിക്കയായിരുന്നു. ഇത് ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാനാണെന്നാണ് വിലയിരുത്തൽ
മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതോടെ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഷാരോണിനോടുള്ള വൈരാഗ്യവും കൊലപാതകത്തിന് കാരണമായെന്നും യുവതി പോലീസിനോട് പറഞ്ഞിട്ടുണ്ട്. ജാതകദോഷം അടക്കമുള്ള കഥകള്‍ പറഞ്ഞ് ഷാരോണിനെ ബന്ധത്തില്‍നിന്ന് പിന്തിരിപ്പിക്കാനായിരുന്നു ശ്രമം. ഷാരോണിനെ വിവാഹം കഴിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഗ്രീഷ്മയുടെ അമ്മ പറയുന്ന ശബ്ദസന്ദേശവും അയച്ചുനല്‍കിയിരുന്നു. പക്ഷേ, ഷാരോണ്‍ പിന്മാറിയില്ല. ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും കഷായത്തില്‍ കളനാശിനി കലക്കിയാണ് ഷാരോണിന് നല്‍കിയതെന്നും ഗ്രീഷ്മയുടെ മൊഴിയിലുണ്ട്.
ഷാരോണിന്റെ പക്കല്‍ തന്റെ സ്വകാര്യചിത്രങ്ങളുണ്ടായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഷാരോണ്‍ ഇത് തിരികെനല്‍കിയില്ല. ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നിരുന്നു. ആത്മഹത്യാ ഭീഷണി ഉള്‍പ്പെടെ മുഴക്കിയിട്ടും ഷാരോണ്‍ വഴങ്ങിയില്ലെന്നും ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. ഇത് പൊലീസ് വിശ്വാസത്തിലെടുത്തില്ല.
ആദ്യഭര്‍ത്താവ് മരിക്കുമെന്ന ഗ്രീഷ്മയുടെ അന്ധവിശ്വാസമാണ് മകന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഷാരോണ്‍ രാജിന്റെ അമ്മ പ്രിയ പറയുന്നു. തന്റെ ജാതകദോഷം മറികടക്കാന്‍ പെണ്‍കുട്ടി താലിയും കുങ്കുമവുമായെത്തി ഷാരോണിനോട് വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പ്രിയയുടെ ആരോപണം. ഭാര്യയായി അഭിനയിച്ചാണ് ഗ്രീഷ്മ തന്റെ മകന്റെ ജീവനെടുത്തതെന്നും ഇവര്‍ പറയുന്നു.
ഗ്രീഷ്മയെ താലികെട്ടിയെന്നും കുങ്കുമം അണിയിച്ചെന്നും അമ്മയോട് ഷാരോണ്‍ പറഞ്ഞിരുന്നു. ദിവസവും വൈകീട്ട് കുങ്കുമം ചാര്‍ത്തി നില്ക്കുന്ന ഫോട്ടോ ഷാരോണിന്റെ വാട്സ്ആപ്പിലേക്ക് ഗ്രീഷ്മ അയയ്ക്കുമായിരുന്നു. മഞ്ഞച്ചരടില് കോര്‍ത്ത താലിയും സിന്ദൂരവും അണിഞ്ഞുള്ള ചിത്രങ്ങള്‍ ഷാരോണിന്റെ ഫോണിലുണ്ട്.
ജാതകപ്രകാരം ആദ്യം വിവാഹം കഴിക്കുന്നയാള്‍ മരിച്ചുപോകുമെന്നും നവംബറിന് ശേഷമേ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ കഴിയൂ എന്നും ഷാരോണിനെ വിശ്വസിപ്പിച്ചു. ഇതിനിടയില്‍ മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. സെപ്റ്റംബറില്‍ വിവാഹം നടത്താനായിരുന്നു ആദ്യം തീരുമാനം. എന്നാല്‍ പിന്നീട് അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റി. അതിന് മുമ്പ് ആദ്യം താലികെട്ടിയ ഷാരോണിനെ ജാതകദോഷം മാറ്റാന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നും അമ്മ പറയുന്നു.
മകന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ ഷാരോണിന്റെ അച്ഛന് ജയരാജ് ഗ്രീഷ്മയോട് സംസാരിച്ചിരുന്നു. വീട്ടില്‍നിന്ന് വിഷാംശമുള്ളതൊന്നും ഷാരോണിന് നല്‍കിയില്ലെന്നും അങ്ങനെ സംശയമുണ്ടെങ്കില്‍ സിന്ദൂരം മായ്ക്കാന്‍ തയ്യാറാണെന്നും ഷാരോണിന്റെ അവസ്ഥ അറിഞ്ഞശേഷം കരയാന്‍ പോലുമാകാത്ത അവസ്ഥയാണെന്നും ഗ്രീഷ്മ പറഞ്ഞതായി ജയരാജ് പറയുന്നു. എന്നാല്‍ ഇത്തരത്തിലുള്ള അന്ധവിശ്വാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നില്ലെന്ന് പോലീസ് പറയുന്നു.


