ഝാര്‍ഖണ്ഡില്‍ ദിവസങ്ങള്‍ നീണ്ട് നിന്ന രാഷ്ട്രീയ കുതിരക്കച്ചവട ശ്രമങ്ങളെ മറികടന്ന് ഹേമന്ത് സോറന്‍ നേതൃത്വം നല്‍കുന്ന ജെ.എം.എം സഖ്യം പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഭൂരിപക്ഷം തെളിയിച്ചു.
മുഖ്യമന്ത്രി ഹേമന്ത് സോൻ്റെ യോഗ്യത സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഝാര്‍ഖണ്ഡില്‍ തിങ്കളാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്തത്.
ക്വാറി ലൈസന്‍സ് കേസില്‍ സോറൻ്റെ എം.എല്‍.എ. സ്ഥാനത്തിന് അയോഗ്യത കല്‍പിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ ഇതുവരെ തീരുമാനമറിയിച്ചിരുന്നില്ല. ഇക്കാര്യത്തിലെ അനിശ്ചിതത്വമാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധിക്ക് വഴി തുറന്നത്.
ബി ജെ പി പലചരക്ക് സാധനങ്ങൾ പോലെ എം. എൽ.എമാരെ വാങ്ങിക്കുന്നു
തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കലാപത്തിന് ആഹ്വാനം ചെയ്ത് ബി.ജെ.പി സംസ്ഥാനത്ത് ആഭ്യന്തര യുദ്ധ സമാന സാഹചര്യത്തിന് ശ്രമിച്ചുവെന്ന് വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഹേമന്ത് സോറന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എം.എല്‍.എമാരെ വിലക്ക് വാങ്ങുന്നതില്‍ ആസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയ്ക്കും പങ്കുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു.
പ്രതിപക്ഷം ജനാധിപത്യത്തെ തകര്‍ത്തു. നിയമസഭാ സാമാജികരുടെ കുതിരക്കച്ചവടത്തില്‍ ബിജെപി ഏര്‍പ്പെട്ടിരിക്കുകയാണെന്നും ഹേമന്ത് സോറന്‍ ആരോപിച്ചു. ആളുകള്‍ വസ്ത്രങ്ങളും റേഷനും പലചരക്ക് സാധനങ്ങളും വാങ്ങുന്നതായി ഞങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ബിജെപി മാത്രമാണ് നിയമസഭാംഗങ്ങളെ വാങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പി. ശ്രമിക്കുന്നെന്ന ആശങ്കയില്‍ ജെ.എം.എം., കോണ്‍ഗ്രസ്, ആര്‍.ജെ.ഡി. ഭരണസഖ്യം എം.എല്‍.എ.മാരെ ഛത്തീസ്ഗഢിലേക്ക് മാറ്റിയിരുന്നു. ഭൂരിപക്ഷം തെളിയിക്കുന്നതിന് കഴിഞ്ഞ ദിവസം എം.എല്‍.എ.മാരെ തിരികെ റാഞ്ചിയിലെത്തിക്കയും ചെയ്തു.
81 അംഗ സംസ്ഥാന നിയമസഭയില്‍ ഭരണസഖ്യത്തിന് 49 എം.എല്‍.എ.മാരാണുള്ളത്. സഖ്യത്തിലെ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച പാര്‍ട്ടിക്ക് മാത്രം 30 എം.എല്‍.എമാരുണ്ട്. കോണ്‍ഗ്രസിന് 18 പേരുടെ പിന്തുണയാണുള്ളത്. ബി.ജെ.പി.ക്ക് 26 എം.എല്‍.എ.മാരുമുണ്ട്.
എന്തായിരുന്നു സാഹചര്യം
ക്വാറി ലൈസന്‍സ് കേസില്‍ സോറന്റെ എം.എല്‍.എ. സ്ഥാനത്തിന് അയോഗ്യത കല്‍പിക്കുന്നതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന് വിശ്വാസം തെളിയിക്കേണ്ടതായി വന്നത്. സോറന് മുഖ്യമന്ത്രിയായി തുടരാന്‍ കഴിയുമോ എന്നത് സംബന്ധിച്ച് ഗവര്‍ണര്‍ തീരുമാനം അറിയിക്കാതെ നീട്ടിക്കൊണ്ട് പോകയായിരുന്നു. ഈ സമ്മർദ്ദം നിലനിൽക്കെയാണ് വിശ്വാസ വോട്ട്.
സോറന് എംഎല്‍എ ആയി തുടരാന്‍ യോഗ്യതയില്ലെന്നാണ് ബിജെപി ആരോപിക്കുന്നത്. ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സോറന്‍ രാജിവെച്ചൊഴിയണമെന്നും തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ബിജെപിയുടെ ആവശ്യം.


