ഡെങ്കിപനി പടരുന്നു, മഴ തുടങ്ങിയതോടെ 21 മരണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പകർച്ച പനിയിൽ കേരളം വിറയ്ക്കുന്നു. ഈ മാസം ഇതുവരെ 37 പേർ മരിച്ചു. ഇതിൽ 21 പേരുടെ മരണം ഡെങ്കി പനി ബാധിച്ചാണ്. ഇന്ന് പനി ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി.കൊല്ലത്ത് മൂന്ന് ‍ഡെങ്കിപ്പനി മരണം ഉണ്ടായി. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശിനിയും ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കേ മരണമടഞ്ഞു.

ചാത്തന്നൂരിൽ അഞ്ചാം ക്ലാസ്സുകാരൻ അഭിജിത്, മൂവാറ്റുപുഴയിൽ ഐ.ടി.ഐ വിദ്യാർഥി സമദ് (18) എന്നിവരാണ് പനിമൂലം മരിച്ച മറ്റുരണ്ടുപേർ. കൊല്ലം ഒഴുകുപാറ സ്വദേശി ബൈജു-ഷൈമ ദമ്പതികളുടെ മകനായ അഭിജിത് പനി ബാധിച്ചതിനെ തുടർന്ന് മൂന്ന് ദിവസം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പനി കൂടുതലായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കയായിരുന്നു.

പകർച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രം​ഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തണമെന്നും വരുന്ന ആഴ്ച്ചകളിലെ വെള്ളി, ശനി, ഞായർ ദിവസങ്ങൾ ഡ്രൈ ഡേ ആയി ആചരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ച്ച സ്കൂളുകളിലും ശനിയാഴ്ച്ച ഓഫീസുകളിലും ഞായറാഴ്ച്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കാനാണ് നിർദേശം.

കൊതുക് പെരുകുന്നു

മഴ തുടങ്ങിയതോടെ കൊതുക് പെരുകുകയാണ്. നേരത്തെ വെള്ളക്കെട്ടുകൾ ഉള്ളിടത്താണ് കൊതുക് ശല്യം കൂടുതാലയി ഉണ്ടായിരുന്നത്. എന്നാൽ മഴയ്ക്ക് പിന്നാലെ രണ്ടും മൂന്നും ദിവസം വെയിൽ തെളിയുന്നതോടെ കൊതുകുകൾ ഒന്നിച്ച് വിരിഞ്ഞ് ഇറങ്ങുന്ന അവസ്ഥയാണ്. നേരത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഫോഗിങ് ഉൾപ്പെടെ നിയന്ത്രണ സംവിധാനങ്ങളുമായി ഇറങ്ങിയിരുന്നു എങ്കിലും ഇപ്പോൾ അവയെല്ലാം പേരിൽ ഒതുങ്ങുകയാണ്.

ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.

ഡെങ്കിപനി അപകട നിലയിൽ എത്തുന്നത് കരുതണം

പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ ലക്ഷണങ്ങൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.

ചികിത്സ പ്രധാനം

രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.

പ്രാദേശികമായി കൊതുക് നിവാരണ യജ്ഞങ്ങൾ സംഘടിപ്പിക്കുന്നത് പ്രധാനമാണ്. കേരളത്തിലെ വർധിച്ച ജന സാന്ദ്രതയുടെ പശ്ചാത്തലത്തിൽ കൂട്ടായ ശ്രമം ഇല്ലെങ്കിൽ കൊതുക് നിവാരണം അസാധ്യമാവും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അവകാശപ്പെട്ട നടപടികൾ ഉറപ്പ് വരുത്തണം.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...