രാജ്യതലസ്ഥാനത്ത് ബുൾഡോസർ രാഷ്ട്രീയം പ്രയോഗിക്കുന്ന ബി ജെ പി നടപടിക്കെതിരെ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്. ഇത്തരത്തിൽ ഒഴിപ്പിക്കൽ തുടർന്നാൽ ഡൽഹിയിലെ 63 ലക്ഷത്തിലേറെ വരുന്ന ആളുകൾക്ക് വീടും കടകളും നഷ്ടപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എഎപി എംഎൽഎമാരുടെ യോഗത്തില്‍ സംസാരിക്കവെയാണിത്.
63 ലക്ഷം വരുന്ന ആളുകളെ ഭവനരഹിതരാക്കാന്‍ വേണ്ടിയുള്ള ബിജെപി പദ്ധതിയാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങൾ ദയക്ക് വേണ്ടി യാചിക്കുകയാണ്. രേഖകൾ അവർ കാണുന്നില്ല, ബുൾഡോസറുകൾ നേരിട്ടെത്തി ഇടിച്ചു തകർക്കുന്നു. കോളനികളിൽ താമസിക്കുന്നവർക്കും ചേരികളിൽ താമസിക്കുന്നവർക്കും വീടുകൾ നൽകാം എന്ന് ബിജെപി നേരത്തെ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ അവർ എല്ലാം ഇടിച്ചു നിരത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷനാണ് ബുൾഡോസർ പ്രയോഗത്തിന് പിന്നിൽ. പൌരത്വ നിയമ ഭേദഗതിക്ക് എതിരെ പോരാട്ടം നടന്ന സ്ഥലങ്ങൾ തിരഞ്ഞു പിടിച്ചാണ് ബുൾഡോസർ പ്രയോഗം നടത്തിയത്.
എന്നാൽ ഡൽഹിയുടെ 80 ശതമാനത്തിലേറെയും അനധികൃത കെട്ടിടങ്ങളാണ്. അത്തരത്തിൽ അവയെല്ലാം ഇടിച്ചു തകര്‍ക്കുമോ എന്ന് കെജ്രിവാള് ചോദിച്ചു.
അവർ ബുൾഡോസറുകളുമായിട്ടാണ് കോളനികളിൽ എത്തുന്നത്. കടകളും വീടുകളും അതുപയോഗിച്ച് നിരത്തുന്നു. കെട്ടിടം നിർമ്മിച്ചിരിക്കുന്നത് അനധികൃതമായിട്ടല്ല എന്ന് ചൂണ്ടിക്കാട്ടിയാലും അവർ അത് അംഗീകരിക്കുന്നില്ല. 63 ലക്ഷത്തിലേറെ പേരുടെ വീടുകളും കടകളും ബുൾഡോസർ ഉപയോഗിച്ച് നിരത്തേണ്ടി വരും. ഇത് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ പൊളിച്ചു നീക്കൽ ആയിരിക്കുമെന്നും യോഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 15 വർഷമായി ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ഭരിക്കുന്നത് ബിജെപിയാണ്. മെയ് 18 ഓടു കൂടി അവരുടെ കാലാവധി കഴിയുകയാണ്. ഇത്തരത്തിൽ ഒരു വലിയ തീരുമാനം എടുക്കാൻ ഭരണഘടനാപരമായി എന്ത് അധികാരമാണുള്ളത്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് പാർട്ടി തീരുമാനങ്ങളെടുക്കുന്നത്. എല്ലാവർക്കും അറിയാം കോർപ്പറേഷനിൽ ആംആദ്മി പാർട്ടി അധികാരത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ജയിലിൽ പോകേണ്ടി വന്നാലും ജനങ്ങൾക്കൊപ്പം നിൽക്കാൻ എംഎൽഎമാർക്ക് കെജ്രിവാൾ നിർദ്ദേശം നൽകുകയും ചെയ്തു.


