തോൽവിക്കും മുൻപേ അധികാരം കയ്യിലാക്കി കേന്ദ്രം
ബിജെപിയുടെ തുടര്‍ച്ചയായ 15 വര്‍ഷത്തെ അധികാര കുത്തക തകർത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തു. കോൺഗ്രസ് 10 സീറ്റിൽ പരിമിതപ്പെട്ടു. 135 സീറ്റുകള്‍ നേടിയാണ് എഎപി അധികാരം പിടിച്ചത്. 101 സീറ്റുകളിലേക്ക് ബിജെപി പ്രഭാവം മങ്ങി. അന്തിമ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
250 അംഗ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 126 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ളത്. കേന്ദ്ര സർക്കാരിന്‍റെ നീക്കങ്ങളെ ശക്തമായി ചെറുത്ത് നിന്നാണ് അരവിന്ദ് കെജ്രിവാളിന്‍റെ വിജയം.
15 വര്‍ഷമായി ബിജെപിയാണ് ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരണം കയ്യാളിയത്. 2017-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 181 സീറ്റുകളിൽ ജനസമ്മതി ലഭിച്ചു. എ.എ.പി.ക്ക് അന്ന് 48 ഇടങ്ങളിൽ മാത്രമാണ് ജയിക്കാനായത്. കോണ്‍ഗ്രസിന് 27 സീറ്റുണ്ടായിരുന്നതാണ്.
ഇത്തവണ 1349 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടാിരുന്നത്. ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും മുഴുവന്‍ വാര്‍ഡിലും കോണ്‍ഗ്രസ് 247 സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി.
1958-ല്‍ സ്ഥാപിതമായ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 2012-ല്‍ കോണ്‍ഗ്രസ് സര്‍ക്കാർ നോര്‍ത്ത്, ഈസ്റ്റ്, സൗത്ത് എന്നിങ്ങനെ മൂന്നായി വിഭജിച്ചിരുന്നു. ഭരണ നിർവ്വഹണ സൌകര്യത്തിനായുള്ള ഈ വിഭജനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ മേയില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍ ലയിപ്പിച്ചു.
ഇത്തവണ ബിജെപിക്ക് 67 സീറ്റുകളോളമാണ് നഷ്ടമായത്. എഎപി 91 സീറ്റുകളോളം അധികമായി നേടി. 17 സീറ്റുകളോളം കോണ്‍ഗ്രസിനും കൈമോശം വന്നു.
ജനാധിപത്യത്തിനും മുന്നേ അധികാരം കൈയിലാക്കി കേന്ദ്രം
ആംആദ്മി പാർട്ടി രൂപീകരിച്ച് രണ്ടാം കൊല്ലമാണ് ദില്ലി നിയമസഭയുടെ അധികാരം അരവിന്ദ് കെജ്രിവാൾ നേടിയത്. പത്ത് കൊല്ലത്തിന് ശേഷം എംസിഡി കൂടി നേടി രാജ്യ തലസ്ഥാനത്തെ രാഷ്ട്രീയ അധികാരം ഏതാണ്ട് കൈക്കലാക്കുകയാണ് ചെയ്തിരിക്കുന്നത്. നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്ന ദില്ലിയിലെ ഈ വിജയം അരവിന്ദ് കെജ്രിവാളിൻ്റെ ഭാവി പദ്ധതികൾക്ക് ഊർജ്ജം നല്‍കും.
പക്ഷെ, കെജ്രിവാളിൻ്റെ ഈ വിജയം ബിജെപി മുൻകൂട്ടി കണ്ടിരുന്നു. എംസിഡി ഉദ്യോഗസ്ഥരുടെ നിയന്ത്രണം കൂടി കേന്ദ്ര സർക്കാരിന് കീഴിലാക്കി ഭരണ സംവിധാനത്തെ കസ്റ്റഡിയിൽ എടുത്ത് വെച്ചിരുന്നു. കേന്ദ്ര സർക്കാരുമായി നിരന്തരം ഏറ്റുമുട്ടിയാണ് എഎപി ഈ വിജയം നേടുന്നത്.
സാമ്പത്തിക ക്രമക്കേട് കേസിൽ ജയില്‍ കഴിയുന്ന സത്യേന്ദർ ജയിനിൻ്റെ ദൃശ്യങ്ങൾ പ്രചാരണത്തിൽ ബിജെപി ആയുധമാക്കിയിരുന്നു. മദ്യനയ കേസിൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ബിജെപിക്കായി. മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്തു. ഇതിനൊക്കെ ശേഷമുള്ള വിജയം ബിജെപിയെ നേരിടാനുള്ള കരുത്ത് എഎപിക്ക് ഉണ്ട് എന്ന സന്ദേശം നല്‍കുന്നു. ഗുജറാത്തിൽ അക്കൗണ്ട് തുറക്കാൻ കൂടി കഴിഞ്ഞാൽ കെജ്രിവാളിന് രണ്ടായിരത്തി ഇരുപത്തി നാല് ലക്ഷ്യമാക്കി നീങ്ങാം. തകർന്നടിയാതെ പിടിച്ചു നില്‍ക്കാനായി എന്നതാണ് ബിജെപിക്ക് ആശ്വാസം. ദില്ലിയിൽ ഒരു മുഖം ഇല്ലാത്തതും തലസ്ഥാനത്തെ സംഘടന വിഷയങ്ങളും എംസിഡി ഭരണത്തിനെതിരായ വികാരവും തോല്‍വിക്ക് കാരണമായി.
എന്നാൽ മധ്യവർഗ്ഗം തിങ്ങിപാർക്കുന്ന സ്ഥലങ്ങളിലും തിരിച്ചടിയേറ്റത് ബിജെപി കേന്ദ്രനേതാക്കൾക്കും സന്ദേശമാണ്. വിലക്കയറ്റവും സൗജന്യങ്ങൾക്കെതിരായ നിലപാടും പാവപ്പെട്ടവരും തൊഴിലാളികളും ബിജെപിക്കെതിരെ തിരിയാൻ കാരണമായി.


