ഡല്‍ഹിയിലെ എഎപി സര്‍ക്കാറിനെതിരേ വീണ്ടും രാഷ്ട്രീയ മത്സരം. സംസ്ഥാന ഗതാഗത വകുപ്പ് 1,000 ലോഫ്‌ളോര്‍ ബസുകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന് ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന ശുപാർശ ചെയ്തു.
മദ്യനയത്തെ ചൊല്ലിയുള്ള അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എഎപി സര്‍ക്കാരിനേതിരായ മറ്റൊരു കേസുകൂടി സിബിഐയ്ക്ക് വിട്ടത്.
2019-ല്‍ ബസുകള്‍ വാങ്ങിയതിലും വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായുള്ള 2020-ലെ കരാറിലും അഴിമതിയുണ്ടെന്ന പരാതി മാസങ്ങള്‍ക്ക് മുന്‍പാണ് ഗവര്‍ണര്‍ക്ക് ലഭിച്ചത്. ഇതില്‍ പ്രാഥമികമായ പരിശോധന നടത്താനും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിശദീകരണം തേടാനും ലഫ്.ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ക്രമക്കേടുകള്‍ പദ്ധതി നടത്തിപ്പിലുണ്ടായി എന്ന റിപ്പോര്‍ട്ടാണ് ചീഫ് സെക്രട്ടറി സമര്‍പ്പിച്ചത്. തുടര്‍ന്നാണ് ഗവര്‍ണര്‍ കേസിലെ അന്വേഷണം സിബിഐയ്ക്ക് ശുപാര്‍ശ ചെയ്തത്.
നേരത്തേ ഗവര്‍ണറുടെ ശുപാര്‍ശ പ്രകാരമാണ് മദ്യനയക്കേസില്‍ സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തത്.
അതേസമയം, ഗുരുതരമായ ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്നയാളാണ് ലഫ് ഗവര്‍ണറെന്നും ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സംസ്ഥാന സര്‍ക്കാരിനെതിരേ ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും എഎപി ആരോപിച്ചു.
എഎപി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.


