ഡൽഹി സർക്കാരിനെ താഴെ ഇറക്കാൻ ബി.ജെ.പി. 800 കോടി മാറ്റിവെച്ചിരിക്കുന്നു എന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 40 എം.എൽ.എമാർക്ക് 20 കോടി വീതം നൽകി വിലയ്ക്ക് വാങ്ങാനാണ് ബി.ജെ.പിയുടെ ശ്രമം എന്നും കെജ്‌രിവാള്‍ ആരോപിച്ചു.
“ഡൽഹി സർക്കാരിനെ വീഴ്ത്താൻ അവർ 800 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. ഓരോ എം.എൽ.എമാർക്കും 20 കോടിയാണ് വില. രാജ്യം തീർച്ചയായും അറിയേണ്ടതുണ്ട്, ആരുടെ പണമാണ് ഇതെന്നും എവിടെ നിന്നാണ് ഈ പണം വന്നതെന്നുമുള്ള കാര്യം. സർക്കാർ സ്ഥിരപ്പെട്ടതാണ്. ഡൽഹിയിലെ നല്ല പ്രവർത്തനങ്ങൾ തുടരും.” കെജ്‌രിവാള്‍ ട്വിറ്ററിൽ കുറിച്ചു.
70 അംഗ ഡൽഹി നിയമസഭയിൽ 62 എംഎൽഎമാരാണ് എ.എ.പിയ്ക്കുള്ളത്. ബി.ജെ.പിയ്ക്ക് 8 എം.എൽ.എമാരും. വിവാദ മദ്യനയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ ഇ.ഡി-സി.ബി.ഐ കുരുക്കുമുറുക്കിയതിന് പിന്നാലെ അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ എ.എ.പി അടിയന്തര യോഗം വിളിച്ചു. ആകെയുള്ള 62 എ.എ.പി. എം.എൽ.എമാരിൽ 53 പേർ യോഗത്തിനെത്തി. സ്പീക്കർ ഉൾപ്പെടെ സംസ്ഥാനത്തിന് പുറത്തുള്ള എട്ട് എം.എൽ.എമാർ വിട്ടു നിൽക്കാനുള്ള കാരണം നേതൃത്വത്തെ അറിയിച്ചു. ഒരു എം.എൽ.എ. ഇ.ഡി കേസിൽ പെട്ട് ജയിലിലാണ്. യോഗശേഷം കെജ്രിവാളിന്റെ നേതൃത്വത്തിൽ എം.എൽ.എമാർ രാജ്ഘട്ടിലെത്തി.
അതേസമയം, കൂറുമാറാന്‍ പണം വാഗ്ദാനം നല്‍കിയെന്ന ആരോപണം ബി.ജെ.പി നിഷേധിക്കുന്നുണ്ട്. പക്ഷെ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എ.എ.പി. ഡല്‍ഹിക്ക് പുറമെ പഞ്ചാബിലും ഒടുവില്‍ ഗുജറാത്തിലേക്കും അരവിന്ദ് കെജ്‌രിവാള്‍ രാഷ്ട്രീയ പദ്ധതികള്‍ക്ക് തുടക്കമിടുമ്പോള്‍ അത് ബി.ജെ.പി നേതൃത്വത്തേ പേടിപ്പിക്കുന്നുണ്ട്. ഗുജറാത്തില്‍ എ.എ.പി ഇതിനിടെ നടത്തിയ പല രാഷ്ട്രീയ പരിപാടികളിലും വലിയ ജനകീയ പങ്കാളിത്തമുണ്ടെന്നതാണ് ബിജെപി-യെ ആശങ്കയിലാക്കുന്നത്.


