തയ്‌വാനെ വളഞ്ഞ് സൈനികപരിശീലനങ്ങളുമായി ചൈന. എച്ച്-6കെ പോർവിമാനങ്ങൾ യുദ്ധസജ്ജമായി പടക്കോപ്പുകളുമായി റോന്ത് ചുറ്റുകയാണെന്ന് ചൈന തന്നെ വ്യക്തമാക്കി. ഉഷാദോങ് വിമാനവാഹിനിക്കപ്പലുകളും പങ്കെടുക്കുന്നുണ്ടെന്നും ചൈന പറയുന്നു. ആണവായുധം വരെ ഉപയോഗിക്കാന്‍ കഴിയുന്ന വിമനങ്ങളാണ്.
നാവിക വിഭാഗവും തയ്‌വാനു ചുറ്റും സൈനികാഭ്യാസം തുടരുന്നുണ്ട്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഈസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡാണ് സൈനികാഭ്യാസത്തിന് നേതൃത്വം നല്‍കുന്നത്.
തങ്ങളുടെ അതിര്‍ത്തിക്ക് ചുറ്റും 70 യുദ്ധവിമാനങ്ങള്‍ ചൈന വിന്യസിച്ചതായി തയ്‌വാന്‍ അറിയിച്ചു. ഇതില്‍ 35 വിമാനങ്ങള്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചതായി തയ്‌വാന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
തയ്‌വാന്‍ പ്രസിഡന്റ് സായ് ഇങ്ങ് വെന്‍ അമേരിക്കന്‍ ജനപ്രതിനിധിസഭാ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയുമായി ലോസ് ആഞ്ജലിസില്‍ ചര്‍ച്ചനടത്തിയതില്‍ പ്രതിഷേധിച്ചാണ് ചൈന മൂന്ന് ദിവസത്തെ സൈനികാഭ്യാസം തുടങ്ങിയത്. സൈനിക അഭ്യാസമായാണ് തുടക്കം. അഭ്യാസം അവസാനദിവസത്തിലേക്ക് കടന്നതിന് പിന്നാലെയാണ് ചൈന പ്രകോപനം ശക്തമാക്കിയത്.
റിപ്പബ്ലിക്ക് ഓഫ് ചൈന എന്നറിയപ്പെടുന്ന തയ്‌വാന്‍ സ്വന്തമായി ഭരണഘടനയും ജനാധിപത്യരീതയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുമുള്ള രാജ്യമാണ്. തയ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്നും തയ്‌വാന്റെ ഭൂപ്രദേശത്തിന് മുകളില്‍ തങ്ങള്‍ക്കാണ് അവകാശമെന്നും ചൈന അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അമേരിക്കന്‍ ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തയ്‌വാന്‍ സന്ദര്‍ശിച്ചപ്പോഴും ചൈന തയ്‌വാനു ചുറ്റും പ്രകോപനം സൃഷ്ടിച്ചിരുന്നു. അന്ന് ഇതിനെക്കാൾ വലിയ സന്നാഹങ്ങളുമായാണ് ചൈന സൈനികാഭ്യാസം നടത്തിയത്.


