താനൂര്‍ നഗരസഭാ പരിധിയിലെ ഒട്ടുംപുറത്ത് തൂവല്‍തീരം ബീച്ചില്‍ വിനോദ യാത്രാ ബോട്ട് മറിഞ്ഞ് 21 പേർ മരിച്ചു. 40 ഓളം യാത്രികരുമായി മുങ്ങിയ ബോട്ടിൽ സ്ത്രീകളും കുട്ടികളുമാണ് അധികവും ഉണ്ടായിരുന്നത്. കടൽ തീരത്തിന് 300 മീറ്റര്‍ അകലെയാണ് ബോട്ട് മുങ്ങിയത്. താനൂരിന് അടുത്ത് ഓട്ടുമ്പ്രം തൂവൽ തീരം എന്ന സ്ഥലത്താണ് അപകടം. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ രാത്ര വൈകിയും തുടരുകയാണ്.
പത്ത് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം രക്ഷാപ്രവര്‍ത്തനം രാത്രി വൈകിയും തുടരുകയാണ്. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും.
തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി താഴ്ന്നു. ആദ്യം ഒരു വശത്തേക്ക് മറിഞ്ഞ ബോട്ട് അല്പസമയം കൊണ്ട് തന്നെ പൂര്‍ണമായും തലകീഴായി മുങ്ങുകയായിരുന്നു. ചളിയിലേക്കാണ് ബോട്ട് മുങ്ങിയത്. ബോട്ട് ജെസിബി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തേക്ക് എടുത്തത്.
അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്, തിരൂരങ്ങാടി താലൂക്ക് ആശുപത്രി,കോട്ടക്കല്‍,താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.
താനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും മറ്റും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും രംഗത്തുണ്ട്.
രക്ഷകരായി ചെറു തോണികളിൽ നാട്ടുകാർ

ബോട്ട് അപകടത്തില്‍പ്പെട്ടത് രാത്രിയോടെ ആയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി. കടലും കായലും സംഗമിക്കുന്ന സ്ഥലമാണ്. ബോട്ട് അവസാന ട്രിപ്പിനിടെയാണ് അപകടത്തില്‍പ്പെട്ടത്. അപകടവിവരം പുറത്തറിഞ്ഞപ്പോഴേക്കും ഇരുട്ടിയിരുന്നു. ഫയര്‍ഫോഴ്സ് എത്തുന്നതിന് മുമ്പുതന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ചെറിയ തോണികള്‍ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ചെറിയ തോണികളില്‍ അപകടം നടന്ന സ്ഥലത്തേക്ക് എത്തി നാട്ടുകാര്‍ ഒന്നും രണ്ടുപേരെ രക്ഷപ്പെടുത്തുകയാണ് ആദ്യംചെയ്തത്.
മരിച്ചവരോടുള്ള ആദരസൂചകമായി തിങ്കളാഴ്ച സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. താലൂക്കുതല അദാലത്തുകൾ ഉൾപ്പെടെ ഔദ്യോഗിക പരിപാടികൾ മാറ്റി.


