കേരളത്തിൻ്റെ അതിവേഗ യാത്രാ സ്വപ്നമായ കെ റെയിൽ പദ്ധതിയെ തകർത്തിതിന് പിന്നാലെ വന്ദേഭാരത് എക്സ്പ്രസുമായി വിവാദ എൻട്രി. സംസ്ഥാനം അറിയാതെ പുതിയ തീവണ്ടിയുമായി പ്രധാനമന്ത്രി തന്നെ എത്തുന്നു എന്നതാണ് രാഷ്ട്രീയ വിവാദം. 24 കൊച്ചിയിൽ യുവാക്കളെ ആകർഷിക്കാനുള്ള പദ്ധതിയിൽ സംബന്ധിക്കുന്നതിന് മുന്നോടിയായാണ് വിഷുക്കൈ നീട്ടമായി അതിവേഗം ആർജിക്കാവുന്ന ട്രെയിൻ എത്തിച്ചിരിക്കുന്നത്.
കോയമ്പത്തൂരിൽ ഓടിയ വണ്ടി
ഏപ്രില്‍ എട്ടുമുതല്‍ കോയമ്പത്തൂര്‍-ചെന്നൈ സര്‍വീസ് നടത്തുന്ന ട്രെയിനാണ് കേരളത്തിലേക്ക് എത്തിച്ചിരിക്കുന്നത്. അവിടെ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത് ജോലാര്‍പേട്ട്-ചെന്നൈ സ്റ്റേഷനുകള്‍ക്കിടയിലാണ്. 130 കിലോമീറ്റര്‍ വേഗത്തിലാണ് ഈ മേഖലയില്‍ വേഗം ഉണ്ടായിരുന്നത് എന്ന് ലോക്കോ പൈലറ്റിനെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കേരളത്തില്‍ വന്ദേഭാരത് എക്‌സ്പ്രസ് മണിക്കൂറില്‍ പരമാവധി 80 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് ലോക്കോ പൈലറ്റ് എന്‍. സുബ്രഹ്മണ്യനെ ഉദ്ദരിച്ചാണ് വാർത്തി. കേരളത്തില്‍ സര്‍വീസ് നടത്തുന്നതിനുള്ള വന്ദേഭാരത് എക്‌സ്പ്രസ് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈറോഡില്‍നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ ഓടിച്ചത് എന്‍. സുബ്രഹ്മണ്യനായിരുന്നു.
കെ റെയിലിനെ എതിർത്തവരുടെ ന്യായം നിലവിലുള്ള വണ്ടികളുടെ വേഗം വർധിപ്പിക്കു എന്നായിരുന്നു. പക്ഷെ അന്ന് റെയിവേ തന്നെ വ്യക്തമാക്കിയത് കേരളത്തിൽ ആർജിക്കാവുന്ന വേഗം ശരാശരി 60 കി.മി മാത്രമാണ് എന്നാണ്.
ഇന്ത്യന്‍ നിര്‍മിത സെമി ഹൈ സ്പീഡ് ട്രെയിനാണ് വന്ദേഭാരത് എക്‌സ്പ്രസ്. 160 കിലോമീറ്റര്‍ വേഗത്തില്‍ വരെ ട്രെയിന് സഞ്ചരിക്കാനാവും. കേരളത്തിലെ ട്രാക്കുകളിലെ വളവുകളും മറ്റും മൂലം വന്ദേഭാരതിന് വലിയ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയില്ല.
‘മറ്റു ട്രെയിനുകളുടെ വേഗത്തില്‍ തന്നെയാകും വന്ദേഭാരതും സഞ്ചരിക്കുക,’ ലോക്കോ പൈലറ്റ് എന്‍.സുബ്രഹ്മണ്യന്‍ പറഞ്ഞു. ‘മണിക്കൂറില്‍ 80 കിലോമീറ്ററാകും വേഗം. ഷൊര്‍ണൂരില്‍നിന്ന് കൊച്ചിയിലേക്ക് വന്നതും ഇതേ വേഗത്തിലാണ്.
കേരളത്തിൻ്റെ സ്വപ്നം തകർത്തത്, രാഷ്ട്രീയ നേട്ടം ഭയന്ന വടംവലി
കെ റെയിൽ പദ്ധതി നടപ്പാവുമായിരുന്നു എങ്കിൽ അത് വലിയ കുതിച്ച് ചാട്ടമാവുമായിരുന്നു. ഇത് പുതു തലമുറയിൽ ഉൾപ്പെടെ നിലവിലുള്ള സർക്കാരിന് അനുകൂലമായ തരംഗം സൃഷ്ടിക്കാൻ സാധ്യത പ്രവചിക്കപ്പെട്ടു. പരിസ്ഥിതിയും സാമ്പത്തിക ശാസ്ത്രവും നിരത്തിയായിരുന്നു എതിർപ്പുകൾക്ക് മുന നൽകിയത്. ഭരണത്തിലുള്ള രാഷ്ട്രീയ പാർട്ടികൾക്ക് ഇതു നടപ്പാക്കുക വഴി ഉണ്ടാകാവുന്ന നേട്ടങ്ങളും എതിർപ്പ് കൂട്ടാൻ ഇടയാക്കിയാതായി ഒളിയമ്പുകൾ ഉണ്ടായി.
കേന്ദ്ര അനുമതിക്ക് വിധേയമായി കെ റെയിൽ നടപ്പാക്കുക തന്നെ ചെയ്യും എന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രിയും പാർട്ടിയും. അതായത് വലിയ ഒരു വികസന സ്വപ്നത്തെ തകർത്തതിൽ കേന്ദ്രത്തിൻ്റെ രാഷ്ട്രീയ താത്പര്യം കേരളത്തിന് വിനയായി എന്ന് വന്നു. ഇതോടെ പുതുതലമുറയിൽ മതിപ്പ് കുറഞ്ഞു. പുതു നിര വോട്ടർമാരെ സ്വാധീനിക്കാനുള്ള രാഷ്ട്രീയ പ്രചാരണ പരിപാടിക്ക് മുൻപായി ഇതിനെ കണക്കിലെടുക്കാതെ ബി ജെ പിക്കും വയ്യാതായി. പ്രധാനമന്ത്രി കേരളത്തിൽ എത്തും മുൻപ് തന്നെ ഇതുവഴി കേരളത്തിന് ഒരു തീ വണ്ടി കൂടി ലഭിക്കയാണ്. വേഗം കുറഞ്ഞാലും തുടരുന്ന ദുരിതങ്ങൾക്ക് അല്പമെങ്കിലും ആശ്വാസമാവുമോ എന്നാണ് നോട്ടം.
തീവണ്ടി കയറി വരുന്ന രാഷ്ട്രീയം സംസ്ഥാനത്തിന് ആശങ്കയും ആശയ കുഴപ്പവും ഒപ്പം ഇത്തിരി ആശ്വാസവും പകരുകയാണ്. കേരളത്തിലെ യുവതയെ വിഭാഗീയതകളിലും താത്കാലിക വൈകാരികതകളിലും വോട്ട് ബാങ്കിലാക്കാൻ കഴിയില്ല എന്ന തിരിച്ചറിവും ഈ പ്രതീക്ഷയ്ക്ക് കരുത്തേകുന്നു.
വന്ദേഭാരത് ഓടും മുൻപേ ആവേശം
16 കോച്ചുകളുള്ള ട്രെയിനാണ്. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയോടെ കണ്ണൂരെത്തി അരമണിക്കൂറിന് ശേഷം മടങ്ങുന്ന രീതിയിലാണ് സര്‍വീസ് പരിഗണിക്കുന്നത്. ഏപ്രില്‍ 24-ന് കൊച്ചിയിലെ യുവം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ട്രെയിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും. 24-ന് കൊച്ചിയിലോ 25-ന് തിരുവനന്തപുരത്തോ ആണ് ഫ്‌ളാഗ് ഓഫ് പരിഗണിക്കുന്നത്.
പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം ഒരു ദിവസം നേരത്തെ 24 ലേക്ക് ആക്കിയത് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് കൂടി പരിഗണിച്ചാണ്. ഒമ്പത് സ്റ്റോപ്പുകളുള്ള സര്‍വീസാണ് ആലോചിക്കുന്നത്. കോട്ടയം വഴിയുള്ള സര്‍വീസില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും. ഇതിന് പുറമെ ഷൊര്‍ണൂര്‍, തിരൂര്‍, ചെങ്ങന്നൂര്‍, കായംകുളം ഇവയില്‍ ഏതെങ്കിലും രണ്ട് സ്റ്റേഷനുകൾ കൂടി ഉള്‍പ്പെടുത്തിയേക്കാനും സാധ്യതയുണ്ട്.
തിരുവനന്തപുരം ഡിവിഷനാണ് സര്‍വീസിന്റെ നിയന്ത്രണം. രാജ്യത്തെ 13-ാമത്തെ വന്ദേഭാരത് സര്‍വീസായിരിക്കുമിത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 15-ന് മുമ്പ് 75 വന്ദേഭാരത് എക്സ്പ്രസുകള്‍ പുറത്തിറക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം.
തിരുവനന്തപുരത്തിനും കണ്ണൂരിനുമിടയില്‍ 500 കിലോ മീറ്ററാണ് ദൂരം. മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസുകള്‍ യാത്ര പൂര്‍ത്തിയാക്കാനെടുക്കുന്ന സമയവും കേരളത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന വേഗവും കണക്കാക്കമ്പോള്‍, ഈ ദൂരം പിന്നിടാന്‍ ആറര മണിക്കൂറോളം എടുത്തേക്കാം. സ്റ്റോപ്പുകളുടെ എണ്ണം കൂടുതലുള്ളത് കൂടി കണക്കിലെടുക്കുമ്പോള്‍ ഏഴ് മണിക്കൂര്‍ വരെയാകാനും സാധ്യതയുണ്ട്. പിടിച്ചിടുന്ന സാഹചര്യം ഒഴിവാക്കാന്‍ മറ്റ് ട്രെയിനുകളുടെ സര്‍വീസ് അതിനനുസരിച്ച് ക്രമീകരിക്കേണ്ടി വരും. എ.സി കോച്ചുകള്‍ മാത്രമാണ് ഈ ട്രെയിനിലുണ്ടാകുക. ചെയര്‍ കാര്‍, എക്‌സിക്യുട്ടീവ് എന്നിങ്ങനെ രണ്ട് ക്ലാസുകളാകും ഉണ്ടാകുക. ചെയര്‍ കാറിന് തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്ക് 1400 രൂപയ്ക്ക് അടുത്തായിരിക്കും നിരക്കെന്നാണ് സൂചന. എക്‌സിക്യുട്ടീവ് ക്ലാസില്‍ ഇത് 2500 രൂപയോളമാകാം. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ട്രെയിന് മുമ്പായി പുറപ്പെടുന്ന രീതിയുള്ള സമയക്രമമാണ് പരിഗണിക്കുന്നത്.
ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ വന്ദേഭാരതാണ് കേരളത്തിന് അനുവദിക്കപ്പെടുന്നത്. എക്സിക്യുട്ടീവ് കോച്ചില്‍ 180 ഡിഗ്രിവരെ തിരിയാന്‍ പാകത്തിലുള്ള സീറ്റുകളാണ് നേരത്തേ അനുവദിച്ച ട്രെയിനുകളില്‍ ഉള്ളത്. പാളം തെറ്റാതിരിക്കുന്നതിനുള്ള ആന്റി സ്‌കിഡ് സംവിധാനം ഉണ്ട്. എല്ലാ കോച്ചുകളും സി.സി.ടി.വി. ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ചെന്നൈയിലെ ഇന്റെഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് (ഐ.സി.എഫ്.) തീവണ്ടി നിര്‍മിച്ചത്. എല്ലാ കോച്ചുകളിലും ഓട്ടോമാറ്റിക് വാതിലുകള്‍, ജി.പി.എസ്. അധിഷ്ഠിതമായ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, വൈഫൈ എന്നിവയുണ്ടാകും. ലോക്കോ പൈലറ്റുകള്‍ നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ഡോറുകളാണ് ബോഗികള്‍ക്ക് നല്‍കുന്നത്. കൂടുതല്‍ വിശാലമായിരിക്കും വിന്‍ഡോകള്‍. എക്സിക്യുട്ടീവ് ക്ലാസില്‍ സെമി സ്ലീപ്പര്‍ സീറ്റുകളുണ്ടാവും. എല്‍.ഇ.ഡി. ലൈറ്റിങ്, വിമാനമാതൃകയില്‍ ബയോ വാക്വം ശുചിമുറികള്‍ എന്നിവയുണ്ടാവും.