യു ഡി എഫിന്റെ വിജയത്തെ എൽ എ ഡി എഫിന്റെ പരാജയം എന്ന നിലയ്ക്ക് പരമ്പരാഗത മട്ടിൽ അടിസ്ഥാന രഹിതമായ വിശകലനം നടത്തുന്നവരെക്കുറിച്ച് ഒന്നും പറയാനില്ല. ഉമ തോമസിന്റെ വിജയം യു ഡി എഫിന്റെ വിജയമായി ദുർവ്യാഖ്യാനം ചെയ്യുന്ന മാധ്യമങ്ങളെക്കുറിച്ച് എന്തു പറയാൻ? വിചിത്ര വാദം തന്നെ.
ഉമ തോമസിന്റെ വിജയം പിടി തോമസിന്റെ വിജയമാണെന്നും പിടി തോമസിന്റെ വിജയം പരേതാത്മാക്കൾക്ക് അവരവരുടെ മണ്ഡലത്തിലുള്ള സ്വാധീനശക്തിയുടെ വിജയമാണെന്നും പ്രത്യേകിച്ചു പറയേണ്ടതില്ല.

തൃക്കാക്കരക്കാർ മണ്ടൻമാരാണ് എന്ന കാര്യം പരക്കെ അംഗീകരിക്കപ്പെട്ട സത്യമാണുതാനും.
അടുത്ത തെരഞ്ഞെടുപ്പു ലക്ഷ്യംവെച്ചുള്ള ആസൂത്രിതമായ നീക്കമാവണം എൽ ഡി എഫിന്റെത്. ചെറിയ ഡോസിലുള്ള ഷോക് ട്രീറ്റ്മെന്റ് സി പി എമ്മിനു അനിവാര്യമാണെന്ന് പോളിറ്റ് ബ്യുറോ വിലയിരുത്തിയിട്ടുണ്ടാവണം. തുടർ ഭരണം ആന്തരികമായ ഒരലസത ഉണ്ടാക്കിയിട്ടുണ്ട്.
എതിരാളികളില്ലാത്ത റിലേക്കളിക്കാർ ഓടുന്നതിനിടെ കോട്ടുവായിടുന്നതു പോലെ നേതാക്കളിലും പ്രവർത്തകരിലും പ്രാഥമിക ഘട്ടത്തിലുള്ള മണ്ഡരി ബാധ ദർശനീയമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദീർഘവീക്ഷണമായിരുന്നു ഡോക്ടറെ മൽസരിപ്പിക്കുക എന്നത്. മിടുക്കൻമാരായ കാർഡിയോളജിസ്റ്റുകളിലും വൈദ്യശാസ്ത്രേതരവിഷയങ്ങളിൽ മണ്ടന്മാരുണ്ട് എന്ന് മലയാളികൾ മനസ്സിലാക്കി എന്നതും വിദ്യാഭ്യാസ പ്രക്രീയ എന്ന നിലയിൽ സ്വാഗതാർഹമാണ്. ഡോക്ടറെ നിന്ദിക്കുന്നത് ന്യായമല്ല. വകതിരിവ് മെഡിക്കൽ കോളേജിലെ പഠന വിഷയമല്ല. ഡോക്ടർ വാസ്തവത്തിൽ ഒരു ബലി വസ്തുവായിരുന്നു. ഈ ഉപതെരഞ്ഞെടുപ്പിലെ തോൽവി വരാനിരിക്കുന്ന പ്രധാന തെരഞ്ഞെടുപ്പുകളിൽ എൽ ഡി എഫിനെ പോരാട്ട വീര്യമുള്ളവരാക്കിത്തീർക്കും.
ഡോക്ടർ സങ്കടപ്പെടാനൊന്നുമില്ല. കാർഡിയോളജിസ്റ്റെന്ന നിലയിൽ തൃക്കാക്കരക്കാരുടെ പ്രൈമറി ഓപ്ഷൻ ഡോക്ടറല്ലാതെ മറ്റാരുമല്ല. രാഷ്ട്രീയത്തിനു പാകമല്ലാത്ത അളവിൽ ഡോക്ടർക്ക് ഹൃദയ നൈർമല്യമുണ്ട്.
നൂറു തികയ്ക്കുക എന്നതുപോലത്തെ സംഖ്യാശാസ്ത്രപരമായ കടുംപിടുത്തം ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ശൈലിയല്ല. അത്തരം ഒബ്സെഷനുകൾ കൗമാരക്കാർക്കു ചേരും. നൂറു തികയ്ക്കുക എന്നത് ഒരു ഫ്യൂഡൽ അഭിലാഷമാണ്.
സെഞ്ച്വറി അടിച്ചയുടൻ ഒരു ക്രിക്കറ്റ് ബാറ്റ്സ്മാൻ പുറത്താവാനുള്ള സാധ്യത വളരെ കൂടുതലാണ്. വൃക്ഷത്തണൽ കൂടിയുണ്ടെങ്കിൽ കൊടുമുടികളിൽ കഥ കെട്ടുറങ്ങി പോകും. ബി ജെ പി ആവിഷ്ടകാലത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ഉറങ്ങാനാവില്ല.
മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്. വെൻറിലേറ്ററിൽ പ്രാണവായുവില്ലാതെ പിടയുന്ന കോൺഗ്രസിനുള്ള ഓക്സിജൻ കിറ്റാണ് ഈ വിജയം. ദുരിതകാലത്ത് എൽ ഡി എഫ് സർക്കാർ ജനങ്ങൾക്കു കൊടുത്ത കിറ്റുകളെക്കാൾ പ്രധാനമാണീ കിറ്റ്. ഒരു ജനാധിപത്യ പ്രസ്ഥാനമെന്ന നിലയിൽ കോൺഗ്രസ് ഇന്ത്യയിൽ നിലനിൽക്കേണ്ടതുണ്ടെന്ന ദീർഘവീക്ഷണമുള്ള രാഷ്ട്രീയ ഭാവനയിൽ നിന്നാണ് എൽഡിഎഫ് നേതൃത്വം തൃക്കാക്കരയിൽ യു ഡി എഫ് ജയിക്കേണ്ടതുണ്ട് എന്ന നിലപാടിൽ എത്തിച്ചേർന്നത്.
നിങ്ങളെ ജയിപ്പിച്ചത് ഞങ്ങളാണ് .
നൂറു തികയ്ക്കുക എന്നത്
ഒരു ഫ്യൂഡൽ അഭിലാഷമാണ്.

ഇത് കെ റെയിലിനെതിരായ വിധിയെഴുത്ത് എന്നല്ലാം വികാരാധീനരാകുന്ന സി പി എം വിരുദ്ധ വ്യാജ ബുദ്ധിജീവികൾ ഒരു കാര്യം മനസ്സിലാക്കിയാൽ നന്ന്. നിങ്ങളെപ്പോലെ മണ്ടൻമാരല്ല ജനങ്ങൾ. സി പി എമ്മിനെ വിമർശിക്കുകയെന്നതല്ലാതെ രണ്ട് പൊറോട്ട ചവച്ചരച്ചു തിന്നാനുള്ള ആർജവം പോലുമില്ലാത്ത നിങ്ങളെ ജനങ്ങൾ വകവെക്കില്ല.
ചില ചരിത്ര ഘട്ടങ്ങളിൽ പരാജയം തെരഞ്ഞെടുക്കേണ്ടി വരും.
ജനാധിപത്യ പ്രസ്ഥാനങ്ങളെ ചേർത്തു നിർത്തി ദേശീയ തലത്തിൽ ബിജെപിയെ അട്ടിമറിക്കാനുള്ള ഗ്രൗണ്ട് വർക്ക് നടത്തുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിനൊപ്പം അണിചേരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.