തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനിടെ നഖം കൊണ്ട് മുറിവേറ്റ 49 കാരി പേവിഷ ബാധയേറ്റ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി സ്റ്റെഫിന വി പേരേരയാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച യുവതിയുടെ മരണകാരണം ഇന്നലെ രാത്രിയാണ് വ്യക്തമായത്. ഇത് ആശങ്ക പരത്തുന്നുണ്ട്. ജൂൺ ഏഴിന് സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയ യുവതി പലരുമായും ഇടപഴകിയിട്ടുണ്ട്.
ഒമ്പതാം തീയതിയോടെ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതോടെയാണ് രോഗം സംശയിച്ചത്. ഇതോടെ ഡോക്ടർമാർ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തിൽ മാന്തിയ വിവരം സ്റ്റെഫിന ഡോക്ടർമാരോട് പറയുന്നത്.
കാട്ടുപൂച്ചയുടെ കടിയിൽ നിന്ന് പേവിഷബാധയേറ്റുള്ള മരണവും തിരുവനന്തപുരം മെഡിക്കൽ കോളിജിൽ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. കൊല്ലം നിലമേൽ സ്വദേശിയായ 48കാരനാണ് മരിച്ചത്.


