വനമേഖലകളോട് ചേർന്നുള്ള കർഷകർക്ക് ഏറ്റവും അധികം നാശം വിതയ്ക്കുന്ന ജീവിയാണ് കുരങ്ങ്. പന്നികൾ വിളകൾ ഭക്ഷണമാക്കുകയാണ് ചെയ്യുന്നത് എങ്കിൽ കുരങ്ങുകൾ കൂട്ടത്തോടെ വന്ന് വിളനശീകരണം ആഘോഷവും വിനോദവുമാക്കുകയാണ് പതിവ്.
ഇതിനെതിരെ പുതിയൊരു പ്രതിരോധ മാർഗ്ഗം കണ്ടെത്തിയിരിക്കയാണ് ഇടുക്കി ഉടുമ്പൻ ചോലയിലെ സ്വകാര്യ തോട്ടം കാവൽക്കാരനായ ബിജു. ഏലത്തോട്ടത്തിൽ കൂട്ടമായി വന്ന് തിമിർക്കുന്ന വാനരപ്പട ഇപ്പോൾ ബിജുവിൻ്റെ തോട്ടത്തിലേക്ക് എത്തി നോക്കാൻ പോലും ധൈര്യപ്പെടുന്നില്ല.
ചൈനീസ് പാമ്പുകളെ കാവൽ നിർത്തിയാണ് ബിജുവിൻ്റെ പ്രതിരോധ തന്ത്രം. തോട്ടത്തിൽ ചത്ത് കിടന്ന പാമ്പിനെ കണ്ട് വാനരന്മാർ ഓടുന്നത് കണ്ടപ്പോഴാണ് ഇങ്ങനെ ഒരു വിദ്യ പ്രായോഗികമാക്കാം എന്ന ചിന്ത ഉദിച്ചത്.
ചൈനീസ് പാമ്പുകളെ വാലിൽ തൂക്കി പിടിച്ചുകൊണ്ട് പോകുന്ന ബിജു പ്രദേശത്തെ സ്ഥിരം കാഴ്ചയാണ്. പാമ്പുകളുമായി ബിജുവിനെ കണ്ട് നാട്ടുകാർ പോലും പേടിച്ചിരുന്നു എങ്കിലും ഇപ്പോഴവർ വിദ്യ പകർത്തുകയാണ്.
ഭയം വേണ്ട ഇത് വെറും ചൈനീസ് പാമ്പുകളാണ്
കുറഞ്ഞ വിലയിൽ വിപണിയിൽ ലഭിക്കുന്ന ചൈനീസ് റബ്ബർ പാമ്പുകളാണ് ആയുധം. അസ്സൽ ഡ്യൂപ്ലിക്കേറ്റ് റബ്ബർ പാമ്പ് വാങ്ങി കുരങ്ങ് വരുന്ന വഴിയിൽ കെട്ടിവച്ചായിരുന്നു തുടക്കം. ഇത് വിജയിച്ചതോടെ കൂടുതൽ പാമ്പുകളെ വാങ്ങി തോട്ടത്തിൽ സ്ഥാപിച്ചു. ഇന്ന് ഇരുനൂറോളം ചൈനീസ് പാമ്പുകളാണ് മരത്തിലും ഏലച്ചെടികളിലുമായി തോട്ടത്തിന് കാവൽ നിൽക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഒരു വാനരൻപോലും ഈ തോട്ടത്തിൽ കടന്നിട്ടില്ല.
ചൂണ്ട നൂല് ഉപയോഗിച്ച് മരത്തിലും ഏല ചെടികളിലും പാമ്പുകളെ സ്ഥാപിക്കും. ചെറിയ കാറ്റിൽ പോലും ഇവ ചലക്കുന്നതിനാൽ ആദ്യം കാണുന്ന ആരും ഒന്ന് ഭയക്കും. തോട്ടത്തിൽ ജോലിക്കെത്തിയ അന്യ സംസ്ഥാന തൊഴിലാളികൾ റബ്ബർ പാമ്പിനെ അടിച്ച് വീഴ്ത്തിയ സംഭവും ഉണ്ടായിട്ടുണ്ട്. അതിനെക്കാൾ വേഗത്തിലാണ് കുരങ്ങുകൾ പേടിക്കുന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിലും താരമാണ് ബിജുവും ചൈനീസ് പാമ്പുകളും