നടിയും ഹരിയാണയിലെ ബി.ജെ.പി. നേതാവുമായ സൊണാലി ഫോഗട് (42) ഗോവയില്‍ മരിച്ചനിലയില്‍. ഗോവസന്ദര്‍ശനത്തിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, സൊണാലിയുടെ കുടുംബം സംശയം പ്രകടിപ്പിച്ചു.
തിങ്കളാഴ്ചയാണ് ചില ജീവനക്കാര്‍ക്കൊപ്പം ഗോവയിലെത്തിയത്. രാത്രി ഒരു വിരുന്നില്‍ പങ്കെടുത്തിരുന്നു. അവിടെനിന്നാണ് താമസസ്ഥലത്തെത്തിയത്. വടക്കന്‍ ഗോവയിലെ അന്‍ജുണയിലുള്ള സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാത്രി കഴിച്ച ഭക്ഷണത്തില്‍ വിഷാംശംകലര്‍ന്നിരുന്നുവോയെന്ന് സംശയമുണ്ടെന്ന് മൂത്തസഹോദരി രമണ്‍ ഫോഗട് പറഞ്ഞു. സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് ഹരിയാണയിലെ പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
മുന്‍ ടിക് ടോക് താരവുമായ സൊണാലി ബിഗ് ബോസ് റിയാലിറ്റി ഷോയുടെ 14-ാം പതിപ്പില്‍ പങ്കെടുത്തിട്ടുണ്ട്. പ്രാഥമികപരിശോധയില്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഗോവ ഡി.ജി.പി. ജസ്പാല്‍ സിങ് പറഞ്ഞു. മൃതദേഹം ഗോവ മെഡിക്കല്‍ കോേളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. രണ്ടു വിദഗ്ധരടങ്ങുന്ന സമിതിയെ ബുധനാഴ്ച നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ഹരിയാണയിലെ ആദംപുര്‍ മണ്ഡലത്തില്‍ സൊണാലി ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. അന്ന് കോണ്‍ഗ്രസിലായിരുന്ന കുല്‍ദീപ് ബിഷ്‌ണോയി ആയിരുന്നു എതിരാളി.
തിങ്കളാഴ്ച രാത്രി ഏഴോടെ താരം ഗോവയില്‍നിന്ന് രണ്ട് വീഡിയോകളും പിങ്ക് തലപ്പാവ് ധരിച്ചുള്ള നാല് ഫോട്ടോകളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ചെയ്തിരുന്നു. ഭക്ഷണംകഴിച്ചശേഷം അമ്മയെ വിളിച്ചിരുന്നുവെന്ന് സഹോദരി രമണ്‍ ഫോഗട്ട് പറഞ്ഞു. വയ്യായ്മ തോന്നുന്നുവെന്നും ഭക്ഷണത്തില്‍ എന്തോ കലര്‍ന്നിരുന്നതായി സംശയമുണ്ടെന്നും പരാതിപ്പെടുകയും ചെയ്തു. സൊണാലിക്ക് മുമ്പ് കാര്യമായ അസുഖങ്ങളോ അതിന്റെ സൂചനകളോ ഉണ്ടായിരുന്നില്ലെന്നും വിശദാന്വേഷണം നടത്തണമെന്നും അവര്‍ പറഞ്ഞു.


