നരോദ ഗാം കൂട്ടക്കൊല കേസിൽ പ്രതികളായ മായാ കോഡ്നാനിയെയും കൂട്ടാളികളെയും വെറുതെ വിട്ടു

ഗുജറാത്ത് കലാപത്തിലെ ക്രൂരമായ കൂട്ടക്കൊലപാതക കേസുകളിൽ ഒന്നായ നരോദ ഗാം കൂട്ടക്കൊലപാതക കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. ഗുജറാത്തിലെ മുന്‍ മന്ത്രി മായ കോഡ്നാനി ഉള്‍പ്പടെയുള്ള 69 പ്രതികളെയാണ് പ്രത്യേക കോടതി വെറുതേവിട്ടത്. പ്രത്യേക കോടതി ജഡ്ജി ശുഭദാ കൃഷ്ണകാന്ത് ബക്ഷിയാണ് വിധി പ്രസ്താവിച്ചത്. ഗുജറാത്ത് കലാപത്തിൽ ഏറ്റവും അധികം ആളുകൾ കൊല്ലപ്പെട്ട നരോദ പാട്യ കേസിലും കോഡ്നാനിയെ വെറുതെ വിട്ടിരുന്നു.

ഇപ്പോൾ നരേദ ഗാം കേസിൽ മുന്‍ മന്ത്രി മായ കോഡ്നാനിക്ക് പുറമെ ബജ്രംഗ് ദള്‍ നേതാവ് ബാബു ബജ്രംഗി, വിശ്വഹിന്ദു പരിഷത് നേതാവ് ജയ്ദീപ് പട്ടേല്‍, നരോദ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വി.എസ്. ഗോഹില്‍ തുടങ്ങിയവരെയാണ് കുറ്റവിമുക്തരാക്കിയത്. കേസിൽ എല്ലാവരും ജാമ്യത്തിലായിരുന്നു.

ബജ്റംഗ് ദൾ നേതാവ് ബാബു ബജ്റംഗി ഉൾപ്പെടെ 86 പേരായിരുന്നു കേസിലെ പ്രതികൾ.സംഭവം നടന്ന് എട്ട് വർഷത്തിനു ശേഷമാണ് കേസിൽ വിചാരണ ആരംഭിച്ചത്. ഇതിൽ വിചാരണ വേളയിൽ 18 പേര്‍ മരിച്ചു. ബാക്കിയുണ്ടായിരുന്ന 68 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. 13 വർഷത്തിനിടെ ആറു ജഡ്ജിമാരാണ് കേസിൽ വാദം കേട്ടത്. 187 സാക്ഷികളെയും 57 ദൃക്സാക്ഷികളെയും വിസ്തരിച്ചു.മായ കോ‌ഡ്നാനിയുടെ നേതൃത്വത്തിലുള്ള അക്രമികൾ നരോദ ഗാമിൽ 11 പേരെ കൂട്ടക്കൊല ചെയ്തുവെന്നായിരുന്നു കേസ്.  

ഗൈനക്കോളജിസ്റ്റായ മായ കോഡ്നാനി വനിത-ശിശുക്ഷേമ മന്ത്രിയായിരിക്കെയാണ് ഗുജറാത്തില്‍ വംശഹത്യ അരങ്ങേറുന്നത്. ഈ കേസിൽ കോഡ്‌നാനിക്ക് അനുകൂലമായി നിലവിൽ കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ കോടതിയിൽ മൊഴി നൽകിയിരുന്നു. കലാപം നടന്ന ഫെബ്രുവരി 28നു രാവിലെ നിയമസഭയിലും പിന്നീട് സിവിൽ ആശുപത്രിയിലും അവരുടെ ഒപ്പമുണ്ടായിരുന്നതായും എന്നാൽ പിന്നീട് അവർ എങ്ങോട്ടുപോയെന്ന് അറിയില്ലെന്നുമായിരുന്നു ഷായുടെ മൊഴി.

ഗോധ്രയിലെ ട്രെയിന്‍ തീവയ്പ്പിന് പിന്നാെലയാണ് നടന്ന കുരുതി

2002-ലെ ഗുജറാത്ത് കലാപത്തിൽ റെക്കോഡ് ചെയ്യപ്പെട്ട ഒൻപത് കൂട്ടക്കൊലകളിൽ ഒന്നാണ് നരോദ ഗാം കൂട്ടക്കൊലപാതകം. പതിനൊന്ന് പേരെയാണ് നരോദ ഗാമില്‍ പച്ചയോടെ കത്തിച്ചത്. 86 പ്രതികള്‍ ആയിരുന്നു കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 17 പേരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി. ബാക്കി വിചാരണ നേരിട്ട 69 പ്രതികളെയാണ് കോടതി ഇപ്പോൾ വെറുതെ വിട്ടത്. 182 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

കൊലപാതകം, കൊലപാതക ശ്രമം, ക്രിമിനല്‍ ഗൂഢാലോചന, കലാപം, അനധികൃതമായി സംഘംചേരല്‍, കൊള്ള, മതസ്പര്‍ധ വളര്‍ത്തല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. ആയുധ നിയമ പ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തത്തിയിരുന്നു.

നരേദ പാട്യ കൂട്ടക്കൊലയിലും ….

2012-ല്‍ മായാ കോഡ്നാനിയെയും ബാബു ബജ്രംഗിയെയും നരോദ പാട്യ കൂട്ടക്കൊല കേസില്‍ ശിക്ഷിച്ചിരുന്നു. നരോദ ഗാമിന് തൊട്ടടുത്ത പ്രദേശമായ നരോദപാട്യയിൽ അരങ്ങേറിയ കൂട്ടക്കൊലയിൽ മായ കോട്നാനിയെ കോടതി ജീവപര്യന്തം തടവിനാണ് വിധിച്ചത്. പിന്നീട് കുറ്റവിമുക്തയാക്കി. ഗുജറാത്ത് കലാപത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ട കലാപമായിരുന്നു നരോദാപാട്യയിലേത്. 97 പേരെ കൂട്ടക്കൊല ചെയ്ത ഈ കേസിൽ മായ കോഡ്‌നാനിയെ ഗുജറാത്ത് ഹൈക്കോടതി സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് കുറ്റവിമുക്തയാക്കിയത്. 28 വർഷം ജീവപര്യന്തം തടവിനു ശിക്ഷിച്ച 2012ലെ പ്രത്യേക കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിലായിരുന്നു വിധി.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...