കോഴിക്കോട് : ചരിത്രം തിരുത്തപ്പെടുന്ന രാജ്യത്ത് വെറുപ്പിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുന്നു. ബിബിസി ഡോക്യുമെന്ററിയോടെ ഇന്ത്യയിലെ നവ ഫാസിസം സാർവദേശീയമായി ചോദ്യം ചെയ്യപ്പെടുകയാണ്. സെക്കുലർ മേലങ്കിയണിയാൻ ചിലർ അരമന കയറുന്ന കാഴ്ച ഈയൊരു പരിഭ്രാന്തി കൊണ്ടാണെന്നും കെ ഇ എൻ കുഞ്ഞഹമ്മദ് പറഞ്ഞു.
ഐ എൻ എൽ സെക്കുലർ ഇന്ത്യ റാലി ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാർ ലക്ഷ്യമിടുന്നത് ഹിന്ദു മത രാഷ്ട്രമെന്ന് തെറ്റിദ്ധരിക്കരുത്. അവർ ജാതി മേൽക്കോയ്മ രാഷ്ട്രം പടുത്തുയർത്താനുള്ള തീവ്ര പരിശ്രമത്തിലാണ്.
ചരിത്രം പാഠപുസ്തകങ്ങളിലൂടെ അട്ടിമറിക്കപ്പെട്ടതിന്റെ അപകടം ഗുജറാത്തിൽ നാം കണ്ടു. ചരിത്രം തിരുത്തിയ പാഠപുസ്തകം പഠിപ്പിക്കില്ലെന്ന കേരളത്തിന്റെ തീരുമാനം ജനാധിപത്യ – മതേതര സമൂഹത്തിനുള്ള പ്രതീക്ഷയാണെന്നും കെ ഇ എൻ പറഞ്ഞു.
കെ എം ഡി സി ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ ലോഗോ ഏറ്റുവാങ്ങി. കെ പി ഇസ്മായിൽ അധ്യക്ഷനായിരുന്നു. എൻ കെ അബ്ദുൾ അസീസ്, കെ കെ മുഹമ്മദ് മാസ്റ്റർ, ഒ പി റഷീദ്, റഫീഖ് അഴിയൂർ, ബഷീർ ബഡേരി, ഷർമ്മദ് ഖാൻ , എം എസ് മുഹമ്മദ്, സാലിഹ് മേടപ്പിൽ എന്നിവർ സംസാരിച്ചു.


