നാഗാലാന്‍ഡില്‍ എന്‍ഡിപിപിയുമായി ഉണ്ടാക്കിയ സഖ്യത്തിൻ്റെ ബലത്തിൽ ബിജെപിക്ക് വൻ മുന്നേറ്റം. 60 അംഗ സഭയില്‍ 43 സീറ്റില്‍ ഇവരുടെ എന്‍ഡിഎ സഖ്യം മുന്നിട്ടുനില്‍ക്കുന്നു.
ബിജെപി 17 സീറ്റിലും സഖ്യകക്ഷിയായ എന്‍ഡിപിപി 26 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എന്‍പിഎഫ്-4, എന്‍പിപി-3, എന്‍സിപി-2, കോണ്‍ഗ്രസ്-1 മറ്റ് കക്ഷികളില്‍ പെട്ടവര്‍ അഞ്ച് സീറ്റിലുമാണ് മുന്നിലുള്ളത്. 60 സീറ്റുകളില്‍ എന്‍.ഡി.പി.പി. 40 സീറ്റുകളിലും ബി.ജെ.പി 20 സീറ്റുകളിലുമാണ് മത്സരിച്ചത്.
2018ല്‍ തിരഞ്ഞെടുപ്പിനു മുമ്പ് വരെയും സഖ്യകക്ഷിയായിരുന്ന എന്‍. പി.എഫുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചാണ് എന്‍.ഡി.പി.പിയുമായി ബി.ജെ.പി. സഖ്യമുണ്ടാക്കിയത്.
20 സീറ്റില്‍ മത്സരിച്ചതില്‍ മൂന്നിടത്തൊഴികെ 17 സീറ്റിലും ബി ജെ പി വിജയത്തോടടുക്കുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഒരു സീറ്റ് ഉറപ്പക്കാന്‍ ബി.ജെ.പിയ്ക്കു കഴിഞ്ഞിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കൊണ്ട് പത്രിക പിന്‍വലിപ്പിച്ചതോടെ ബി.ജെ.പിയുടെ കസെറ്റോ കിമിനിയാ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
2018 ൽ എന്‍.ഡി.പി.പി 40 സീറ്റുകളിലും ബി.ജെ.പി 20 സീറ്റിലും മത്സരിച്ചു. ഫലം വന്നപ്പോള്‍ 58 സീറ്റില്‍ 27 സീറ്റുകള്‍ എന്‍.ഡി.പി.പി.- ബി.ജെ.പി സഖ്യം സ്വന്തമാക്കി. ഒരു സീറ്റു പോലും നേടാനാകാതെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. 2013-ല്‍ ഒറ്റ സീറ്റില്‍ ഒതുങ്ങേണ്ടി വന്ന ബി.ജെ.പി. അന്ന് നേടിയത് 11 എണ്ണമാണ്. എന്‍.സി.പിയുടെ നാല് എം.എല്‍.എമാരില്‍ മൂന്നു പേരെ ചാടിച്ചതോടെ നാഗാലാന്‍ഡിലെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായും ബി.ജെ.പി മാറി.
ഫ്രോണ്ടിയര്‍ നാഗാലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് ഗോത്രവിഭാഗങ്ങളുടെ സംഘടനയായ ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പീള്‍സ് ഓര്‍ഗനൈസേഷന്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കാമെന്ന് അമിത് ഷാ ഉറപ്പു നല്‍കിയതോടെ ബഹിഷ്‌കരണത്തില്‍ നിന്നും പിന്മാറിയിരുന്നു. ഇതും ബി.ജെ.പിയെ തുണച്ചു


