“നിയമം അതിൻ്റെ വഴിയേ പോകും” ഗുസ്തി താരങ്ങളോട് പതിവ് പല്ലവി- എങ്കിൽ എന്തിനാണ് ബ്രിജ് ഭൂഷനെ ഇത്ര പേടിക്കുന്നത്

ആരാണ് എല്ലാ നേതാക്കളും പേടിക്കുന്ന ഈ മാഫിയ തലവൻ

ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ടുകണ്ടു. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ അധ്യക്ഷനും ബി ജെ പി എംപിയുമായ ബ്രിജ് ഭൂഷനിൽ നിന്നും ലൈംഗിക ആക്രമണം നേരിട്ട സമര രംഗത്തുള്ള താരങ്ങളാണ് കേന്ദ്രമന്ത്രിയെക്കണ്ടത്.

ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവര്‍ ഞായറാഴ്ച രാത്രി 11 മണിക്കാണ് കൂടിക്കാഴ്ച നടത്തിയത്. നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്ന് അമിത് ഷാ താരങ്ങളോട് പറഞ്ഞുവെന്നാണ് വാർത്ത. നിയമം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കുമെന്ന പതിവ് വാക്കിൻ്റെ ആവർത്തനം.

ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് താരങ്ങള്‍ നല്‍കിയ അന്ത്യശാസനം ശനിയാഴ്ച അവസാനിച്ചിരുന്നു. ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് തങ്ങളുടെ മെഡലുകള്‍ ഒഴുക്കിക്കളയാന്‍ ഹരിദ്വാറിലെത്തിയ താരങ്ങളെ കര്‍ഷകര്‍ അനുനയിപ്പിച്ച് തത്ക്കാലം തിരിച്ചയക്കുകയായിരുന്നു. കേന്ദ്രത്തിന് അഞ്ച് ദിവസത്തെ താക്കീത് നല്‍കുന്നതായി സാക്ഷി മാലിക്ക് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

എം.പി. കൂടിയായ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഏപ്രില്‍ 21 മുതല്‍ ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തിവരികയാണ്. നിരവധി ദേശീയ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗികപിഡനപരാതി ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു താരവും ഉള്‍പ്പെടും. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ പ്രതിഷേധമാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളില്‍ പലരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താരങ്ങളുടെ സമരപ്പന്തലുകള്‍ പൊളിക്കുകയും പ്രതിഷേധസമരത്തിന്റെ സംഘാടകര്‍ക്കെതിരെ കലാപം, നിയമവിരുദ്ധമായ കൂടിച്ചേരലിനും കേസെടുക്കുകയും ചെയ്തിരുന്നു

എന്താണ് ഇയാളെ ഇത്രയും ഭയക്കാൻ

ഒരു ലോക്കൽ ഗുണ്ടയായായിരുന്നു തുടക്കം. ക്രമേണ രാഷ്ട്രീയ പിന്തുണയോടെ മാഫിയയായി വളര്‍ന്നു. ഇന്ത്യയില്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ആരു കളിക്കണം എന്നുവരെ നിശ്ചയിക്കുന്ന ഡോണായി. ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതിയാണ് എന്നത് അകത്ത് പലർക്കും പ്രിയപ്പെട്ടവനാക്കി.

വാ തുറന്നാല്‍ അതൊരു സുനാമിയായിരിക്കുമെന്നാണ് ബ്രിജ്ഭൂഷൻ വിരട്ടിയത്. ഉന്നതങ്ങളില്‍ എവിടെയോ ഒരു ബ്രിജ്ഭൂഷണ്‍ ഭയം തങ്ങിനില്‍ക്കുന്നുണ്ടോ എന്ന് പലരും സംശയിക്കുന്നു. നിയമം അതിൻ്റെ വഴിക്ക് പോകും എന്ന് പറഞ്ഞു തുടങ്ങിയിട്ടും താരങ്ങൾ തെരുവിൽ ഇരിക്കാൻ തുടങ്ങിയിട്ടും കുറച്ചായി. 2024-ലെ തിരഞ്ഞെടുപ്പില്‍ അഞ്ചോ ആറോ സീറ്റ് നഷ്ടപ്പെടുമോ എന്ന ആശങ്ക മാത്രമല്ല. പാര്‍ട്ടി ചിഹ്നം പോലും ആവശ്യമില്ലാത്ത രാഷ്ട്രീയക്കാരനായ ബ്രിജ് ഭൂഷന് മൂന്നു ജില്ലകളിൽ അസ്വന്തമായ അനുയായി വൃന്ദമുണ്ട്. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ കിരീടം വെക്കാത്ത മാടമ്പി രാജാക്കളെ അറിയുന്നവർക്കെ അറയൂ. അവരെ എത്ര ശക്തരായാലും കേന്ദ്ര കസേരയിൽ ഇരിക്കുന്നവരും ഭയക്കുന്നത് സ്ഥിരം കാഴ്ചയാണ്.

സുഹൃത്തിനെ തെളിവ് സഹിതം ഇല്ലാതാക്കി

‘ബ്രിജ്ഭൂഷണ് ബി.ജെ.പിയെ ആവശ്യമില്ല. ബി.ജെ.പിക്കാണ് അദ്ദേഹത്തെ വേണ്ടത്.’ ഒരു പ്രാദേശിക നേതാവ് പരസ്യ പ്രസ്താവന നടത്തിയത് വാർത്തായിയിരുന്നു.

യു.പിയില്‍ അയോധ്യ ഉള്‍പ്പടെ വലിയൊരു മേഖലയില്‍ സര്‍വപ്രതാപിയാണ് ബ്രിജ്ഭൂഷണ്‍. ചെറിയ കുറ്റകൃത്യങ്ങളില്‍ തുടങ്ങി കരാര്‍ പണികളില്‍ ഗുണ്ടാ പിരിവ് നടത്തിയാണ് വളർന്നത്. കൂട്ടാളിയും ബിസിനസ്സ് പങ്കാളിയുമായിരുന്ന സമാജ്വാദി ഭരണകാലത്തെ മന്ത്രിയായ പണ്ഡിറ്റ് സിങ്ങിനെ വധിക്കാന്‍ ശ്രമിച്ച കേസിലൂടെയാണ് ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. 1993-ലാണിത്. 20 തവണയാണ് നിറയൊഴിച്ചത്. 14 മാസം നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ അന്ന് രക്ഷപ്പെട്ടെങ്കിലും കോവിഡിനെ തുടര്‍ന്ന് പണ്ഡിറ്റ് സിങ് മരണത്തിന് കീഴടങ്ങി. ഇക്കാലത്തിനിടെ കോടതിയില്‍ ഹാജരായി പ്രതിയെ തിരിച്ചറിയാനോ മൊഴി നല്‍കാനോ പോലും ധൈര്യം കിട്ടിയില്ല.

ഒടുവില്‍ ആ കേസില്‍നിന്ന് ബ്രിജ്ഭൂഷണ്‍ മുക്തനായി. തെളിവ് കണ്ടെടുക്കാനോ മൊഴി രേഖപ്പെടുത്താനോ ശ്രമിക്കാതെ അന്വേഷണം പോലും അട്ടിമറിച്ചതാണെന്ന് പറഞ്ഞുകൊണ്ട് തെളിവില്ലാത്തതിനാല്‍ പ്രതിയെ വിട്ടയക്കുന്നുവെന്നാണ് കോടതി പറഞ്ഞത്. അതായത് കോടതിക്ക് പോലും നിസ്സഹായമായി നോക്കി നിൽക്കേണ്ടി വന്നു. ഇത്തരം നേതാക്കളെ ആസ്രൂത്രിതമായി ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ എത്തിക്കുന്ന ദേശത്താണ് ഇപ്പോഴും രാജ്യത്തിൻ്റെ പേരിനു തന്നെ കളങ്കം ചാർത്തിയിട്ടും നിയമം അതിൻ്റെ വഴിക്ക് പോകും എന്ന് വീരവാദം മുഴക്കി നിൽക്കേണ്ടി വരുന്നത്.

ഏതു പാർട്ടിയിലും സേഫ്, എതിരാളിക്ക് മരണ വാറണ്ട് ഉറപ്പ്

കൊല പുത്തിരിയല്ലെന്നും കൊന്നിട്ടുണ്ടെന്നും ഒരു മടിയും കൂടാതെ പറഞ്ഞുനടക്കുന്ന വ്യക്തിയാണ്. കൊലപാതകവും ഭീഷണിയും അടക്കം എത്ര കേസുകളുണ്ടെന്ന് അയാള്‍ക്ക് തന്നെ നിശ്ചയമുണ്ടാവില്ല. പോക്‌സോ കേസ് ചുമത്തിയതോടെ പോക്‌സോ നിയമം തന്നെ ശരിയല്ലെന്നാണ് പ്രഖ്യാപനം. പോക്‌സോ ഭേദഗതി ചെയ്യണമെന്ന ആവശ്യത്തിനായി സന്ന്യാസിമാരെ അടക്കം രംഗത്തിറക്കി. അത്രയും പരസ്യമയാ ഗുണ്ടായിസം രാജ്യത്തിൻ്റെ മുഖം തന്നെ വൃത്തി കേടാക്കി.

അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ ഗോണ്ട ലോക്‌സഭാ സീറ്റിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ ദുരൂഹമരണത്തിലും ബ്രിജ്ഭൂഷന്റെ നേര്‍ക്ക് ആരോപണം വന്നു. നിങ്ങളാണ് അത് ചെയ്തതെന്ന് വാജ്‌പേയി തന്നെ ബ്രിജ്ഭൂഷന്റെ മുഖത്ത് നോക്കിപ്പറഞ്ഞുവെന്നാണ് കഥ. 91-ലും 99-ലും ഗോണ്ട എം.പിയായിരുന്നു ബ്രിജ്ഭൂഷണ്‍. 2004-ല്‍ ബി.ജെ.പി. അവിടെ ഘന്‍ശ്യാം ശുക്ലയെ സ്ഥാനാര്‍ഥിയാക്കി. ബ്രിജ്ഭൂഷണെ ബല്‍റാംപൂരിലേക്ക് മാറ്റി. പോളിങ് ദിനത്തില്‍ കാറപകടത്തിലാണ് ശുക്ല മരിച്ചത്. എന്നിട്ടും ഒന്നും സംഭവിച്ചില്ല. ബ്രിജ്ഭൂഷണ്‍ ബി.ജെ.പി. എം.പിയായി തുടര്‍ന്നു. 2008-ല്‍ യു.പി.എ. സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്താണ് ബ്രിജ്ഭൂഷണ്‍ പാര്‍ട്ടിക്ക് പുറത്തായത്. പിന്നാലെ എസ്.പിയില്‍ ചേക്കേറി. 2009-ല്‍ സൈക്കിള്‍ ചിഹ്നത്തില്‍ ജയിച്ചു. വൈകാതെ വീണ്ടും ബി.ജെ.പിയിലെത്തി.

ഒരു പാര്‍ട്ടിയുടെയും മേല്‍വിലാസമില്ലെങ്കിലും ജയിക്കും. അതാണ് ബ്രിജ്ഭൂഷണ്‍ സിങ് ശരണ്‍. ആറ് തവണ ലോക്‌സഭാ എം.പിയായി. 2011 മുതല്‍ ഗുസ്തി ഫെഡറേഷന്‍ അഖിലേന്ത്യ പ്രസിഡന്റായി അടക്കിഭരിക്കുന്നു. ചാമ്പ്യന്‍ഷിപ്പുകളെല്ലാം നേരിട്ടുള്ള മേല്‍നോട്ടത്തിലാണ്.

പോക്സോ കേസിൽ പോലും നടപടി എടുക്കാനാവാതെ പൊലീസ് ഭയത്തിൻ്റെ വഴിക്ക് നീങ്ങി

വനിതാ ഗുസ്തി താരങ്ങള്‍ക്ക് നേരെ ലൈംഗിക അതിക്രമമാണ് പരാതി. ഒന്നല്ല നിരവധി. അതില്‍ പ്രായപൂര്‍ത്തിയാകാത്ത താരങ്ങള്‍ വരെ അതിക്രമത്തിനിരയായി എന്ന് പരാതിപ്പെട്ടു. പരാതി പറഞ്ഞത് ഇത്രയും പേരാണെങ്കില്‍ പറയാന്‍ ഭയക്കുന്നവരോ പറയാന്‍ മടിക്കുന്നവരോ ആയ എത്ര പേരുണ്ടാവും. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പരാതിയോടെ സംഗതി പോക്‌സോയായി. സാധാരണഗതിയില്‍ എഫ്.ഐ.ആര്‍. ഇട്ട് അറസ്റ്റ് ചെയ്യാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടാത്ത കുറ്റം. നിയമം അതാണ് പറയുന്നത്. എന്നിട്ടും എഫ്.ഐ.ആര്‍. പോലും ഇടാന്‍ പോലീസ് ഭയന്നു.

നുണ പരിശോധനയ്ക്ക് തയാർ, എങ്കിൽ റെഡി എന്നു പറഞ്ഞപ്പോൾ പിൻമാറി

ജന്തര്‍ മന്തറിലെ പ്രതിഷേധം നിര്‍ത്തണമെങ്കില്‍ എഫ്.ഐ.ആര്‍. ഇടണം എന്ന് പറഞ്ഞപ്പോള്‍ പോലീസ് മനസ്സില്ലാ മനസ്സോടെ തയ്യാറായി. ജനുവരി 20-ന് സമരം തുടങ്ങിയപ്പോള്‍ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ നല്‍കിയ ഉറപ്പ് ഗുസ്തി ഫെഡറേഷന്‍ തലപ്പത്ത് നിന്ന് ബ്രിജ്ഭൂഷണെ മാറ്റിനിര്‍ത്തുമെന്നാണ്. നാല് മാസം കഴിയുമ്പോള്‍ മന്ത്രി പറയുന്നത് നടപടിക്ക് അന്വേഷണം തീരാന്‍ കാത്തിരിക്കണമെന്നാണ്. രാജിയില്ല, കുറ്റം തെളിഞ്ഞാല്‍ തൂങ്ങി മരിക്കാം എന്ന ഭീഷണിയാണ് ബ്രിജ്ഭൂഷണ്‍ പയറ്റുന്നത്. നുണപരിശോധനയ്ക്ക് തയ്യാര്‍ എന്ന വെല്ലുവിളിയും നടത്തി. ഗുസ്തി താരങ്ങള്‍ അതിന് തയ്യാറായപ്പോള്‍ പിന്നെ അനക്കമില്ല. ഭീഷണിയാണ് പ്രധാന ഐറ്റം.

ആരുടെയൊക്കെ രഹസ്യങ്ങളാണ് സൂക്ഷിക്കുന്നത്

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ആരോപിച്ച ബ്രിജ്ഭൂഷന്‍ ഒന്നുകൂടി കടത്തി പറഞ്ഞു. താന്‍ പറയാന്‍ തുടങ്ങിയാല്‍ അതൊരു സുനാമിയായിരിക്കും എന്ന്. ആരെയാണെന്നോ എന്താണെന്നോ സൂചനയില്ല. ആ സുനാമി ഭീഷണി ഏറ്റു. ഇതുവരെ വായ തുറക്കേണ്ടിയും വന്നിട്ടില്ല. പദവി രാജിവെക്കേണ്ടിയും വന്നിട്ടില്ല.

ഗോണ്ട ജില്ലയാണ് തട്ടകമെങ്കിലും സമീപത്തെ നാല് ജില്ലകളിലും സ്വാധീനമുണ്ട്. ആറ് ലോക്‌സഭാ സീറ്റില്‍ വോട്ടിന്റെ ഗതി നിര്‍ണയിക്കും, ബറൂച്ചിലും ഗോണ്ടയിലും ബല്‍റാംപുരിലും അയോധ്യയിലും വന്‍സ്വാധീനം. സ്വന്തമായി അമ്പതിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.

മാഫിയ സവർണത

‘മാഫിയ എന്ന് ആളുകള്‍ വിശേഷിപ്പിക്കുന്നു. കുട്ടികള്‍ മാതൃകാപുരുഷനായി കാണുന്നു. പണ്ടൊക്കെ ബ്രാഹ്‌മണരുടെ കാലില്‍ തൊട്ട് താന്‍ നമസ്‌കരിക്കുമായിരുന്നു. ഇപ്പോള്‍ യുവാക്കളായ ബ്രാഹ്‌മണരൊക്കെ തന്റെ കാലില്‍ തൊട്ടാണ് അനുഗ്രഹം വാങ്ങുന്നത്. എന്നെ ഗുരുജി എന്നാണ് വിളിക്കാറ.’-ഇങ്ങനെ പോകുന്നു ബ്രിജ്ഭൂഷന്റെ അവകാശാവാദങ്ങള്‍.

താരത്തെ മുഖത്തടിച്ച് വീഴ്ത്തിയത് രാജ്യം പൊറുത്തതോ പേടിച്ചോ

ഗുസ്തി താരങ്ങള്‍് ശക്തരാണ്. അവരെ നിയന്ത്രിക്കാന്‍ ശക്തന്‍ വേണം. അതിന് തന്നേക്കാള്‍ ശക്തന്‍ വേറെയുണ്ടോ എന്നാണ് ചോദ്യം. റഫറിമാരെ നിയന്ത്രിക്കും. വിധികര്‍ത്താക്കളെ ശാസിക്കും തിരുത്തും. കളിയുടെ വിധിയും സ്വന്തം നിലയ്ക്ക് നിര്‍ണയിക്കും. വിവാദങ്ങളില്‍ അവസാനിക്കുന്ന മത്സരങ്ങളില്‍ വിജയി ആരെന്ന അന്തിമ തീര്‍പ്പ് ബ്രിജ്ഭൂഷന്റെ വകയാണ്. ദേശീയ ചാമ്പ്യന്‍ഷിപ്പിനെത്തുന്ന താരങ്ങള്‍ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്നത് പതിവുകാഴ്ച. സ്റ്റേജില്‍വച്ച് ഒരു താരത്തിന്റെ മുഖത്തടിച്ചത് രാജ്യം മുഴുവന്‍ കണ്ടതാണ്. സ്‌പോണ്‍സര്‍ഷിപ്പ് തുകയില്‍ പകുതി അടിച്ചുമാറ്റും, പകുതിയെ താരങ്ങള്‍ക്ക് കിട്ടുന്നുള്ളൂവെന്നാണ് മറ്റൊരു ആരോപണം.

രാഷ്ട്രീയക്കാരനായ അതീഖും സഹോദരനും പോലീസ് കസ്റ്റഡിയിലിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കൊല്ലപ്പെട്ടത്. മകന്‍ കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് അതീഖും വെടിയുണ്ടയ്ക്ക് ഇരയായത്. യു.പിയില്‍ ക്രിമിനലുകളെ അടിച്ചൊതുക്കാന്‍ എന്ന പേരിൽ വീടുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയമാണ് ഇപ്പോൾ. അതീഖിന്റെ കൊലയെ നീതി നടപ്പാക്കി എന്നായിരുന്നു വ്യാഖ്യാനം. രാഷ്ട്രീയക്കാരന്‍ തന്നെ ന്യായാധിപനായി ഭരണകൂടം തന്നെ ശിക്ഷാവിധി കല്‍പിക്കുന്ന കാഴ്ച. ഇതിൻ്റെ മറുപുറമാണ് ബ്രിജ് ഭൂഷൻ ശരൺ സിങ്. ബുൾഡോസർ രാജ്യത്തെ വലിയ സ്വയം പ്രഖ്യാപിത ബുൾഡോസർ.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...