തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ ‘കത്ത്’ വിവാദത്തിലും സർവകലാശാല നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സി പി എം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. നിയമന വിവാദങ്ങള്‍ തിരിച്ചടിയായെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. കത്ത് വിവാദവും സര്‍വകലാശാല നിയമനങ്ങളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു.
നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഗൗരവമായി പരിശോധിക്കണമെന്ന് സെക്രട്ടേറിയേറ്റിൽ അഭിപ്രായമുയർന്നു. നിയമനങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും വിവാദങ്ങള്‍ തണുത്ത ശേഷമാകും പാര്‍ട്ടി പരിശോധന. രാഷ്ട്രീയ വിവാദങ്ങൾക്ക് കീഴ്പ്പെടേണ്ടതില്ല എന്നാണ് തീരുമാനം. ഭാവിയില്‍ ഇത്തരം വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും സി പി എം സെക്രട്ടേറിയേറ്റിൽ അഭിപ്രായമുയർന്നിട്ടുണ്ട്.
നിയമന വിവാദങ്ങളിൽ പാർട്ടി സമഗ്ര പരിശോധനക്ക് ഒരുങ്ങുകയാണ്. എന്നാൽ ഇത് എത്രത്തോളം പ്രായോഗികമാവും എന്നത് നിലവിലെ രാഷ്ട്രീയ ശീലങ്ങളിൽ സംശയകരമാണ്. അടിസ്ഥാന സഹകരണ സ്ഥാപനങ്ങൾ മുതൽ തുടങ്ങുന്നതാണ്. ഏറ്റവും ആദ്യ തട്ടിലുള്ള പ്രവർത്തകരിൽ വരെ ഇത്തരം നിയമനങ്ങളുടെ ഒരു കഥ എത്തിയിട്ടുണ്ടാവും. മേലിൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനാണ് തീരുമാനം. ഇത് പരസ്യമാകുന്നത് തടയൽ എന്ന നിലയ്ക്ക് മാത്രം വിലയിരുത്തുന്നവരും ഉണ്ട്.
പാർട്ടി നാണം കെട്ട നിയമനങ്ങൾ
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ച നടപടി പുനപരിശോധിക്കണമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് നിയമനങ്ങളിൽ സമഗ്ര പരിശോധന എന്ന തീരുമാനത്തിലേക്ക് സി പി എം എത്തുന്നത്. സര്‍വ്വകലാശാല നിയമന വിവാദങ്ങൾ വലിയ തിരിച്ചടിയാണ് സര്‍ക്കാരിനും പാര്‍ട്ടിക്കും ഉണ്ടാക്കിയത്. ഇതിന് പുറമെയാണ് കരാര്‍ നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട തിരുവനന്തപുരം മേയറുടേയും കൗൺസിലറുടേയും കത്ത് പുറത്ത് വന്നത്. സര്‍വ്വകലാശാല നിയമനങ്ങളും കത്ത് വിവാദവും സെക്രട്ടേറിയറ്റ് യോഗത്തിൽ ചര്‍ച്ചയായി. നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഗൗരവമായി എടുക്കാനും വിവാദങ്ങൾക്കിടയാക്കിയ സാഹചര്യം പരിശോധിക്കാനും മേലിൽ ഇത്തരം വീഴ്ചകൾ ആവര്‍ത്തിക്കാതിരിക്കാൻ നടപടി എടുക്കാനുമാണ് തീരുമാനം.


