അറുപത്തിയെട്ടാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയ്ക്ക് നല്‍കി. ആലപ്പുഴ വി.പി. റോഡ് സക്കറിയ വാര്‍ഡ് തോട്ടുങ്കല്‍ പുരയിടം ബാബു ഹസൻ്റെ സൃഷ്ടിയാണ് സ്വീകരിക്കപ്പെട്ടത്.
ബാബു ഹസൻ്റെ ജലച്ചായത്തില്‍ വരച്ച വാഴപ്പിണ്ടിയില്‍ തുഴഞ്ഞു നീങ്ങുന്ന തത്തയാണ് ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത്.
നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാനതലത്തില്‍ നടത്തിയ മത്സരത്തില്‍ 160 എന്‍ട്രികള്‍ ലഭിച്ചു.ബാബു ഹസന്റെ രചന 2018ലും ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇദ്ദേഹത്തിന് സമ്മാനത്തുകയായി 5001 രൂപ ലഭിക്കും.
അലമുറിച്ച് ആവേശം അലതല്ലി പരിശീലന തുഴച്ചിൽ

നെഹ്റു ട്രോഫി മത്സര വള്ളംകളിക്കു വേണ്ടി ചെറുവള്ളങ്ങളുടെ പരിശീലനത്തുഴച്ചിൽ തുടങ്ങി. പിന്നാലെ ചുണ്ടൻ വള്ളങ്ങളും വെള്ളത്തിലിറങ്ങി. വേമ്പനാട് ബോട്ട് ക്ലബ് പായിപ്പാടൻ ചുണ്ടനിലാണ് മത്സരത്തിന് എത്തുന്നതെങ്കിലും പരിശീലനത്തുഴച്ചിൽ എടത്വ ചുണ്ടനിലാണ്. പായിപ്പാടൻ ചുണ്ടനിൽ 21 മുതൽ മുത്തേരിമട തോട്ടിൽ ക്ലബ് പരിശീലനത്തുഴച്ചിൽ ആരംഭിക്കും
എൻസിഡിസി ബോട്ട് ക്ലബ് നടുഭാഗം ചുണ്ടനിൽ ഇറങ്ങി. ചമ്പക്കുളം ആറ്റിൽ ചുണ്ടൻ നീരണിഞ്ഞു. മൂലേപ്പാടം തൊള്ളായിരം തോട്ടിലും മുത്തേരിമടയിലുമാണു തുഴച്ചിൽ നടത്തുന്നത്. കുമരകം ടൗൺ ബോട്ട് ക്ലബ് സെന്റ് പയസ് ചുണ്ടനിൽ മത്സരിക്കും. കുറഞ്ഞത് 16 ദിവസത്തെ പരിശീലനമാണ് ക്ലബുകൾ ലക്ഷ്യമിടുന്നത്.
പരിശീലനത്തുഴച്ചിൽ തുടങ്ങിയാൽ പിന്നെ തുഴച്ചിൽക്കാർ ക്യാംപിലാകും താമസം. ഒരു ക്ലബ്ബിനു ദിവസം ഒന്നര ലക്ഷം രൂപയിലേറെ ചെലവു വരും. സെപ്റ്റംബർ നാലിനാണു നെഹ്റു ട്രോഫി മത്സര വള്ളം കളി.
ചാംപ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ പങ്കെടുക്കുന്നതിന് അർഹത നേടുന്നതിനുള്ള മത്സരം കൂടിയായതിനാൽ ബോട്ട് ക്ലബ്ബുകൾ കഠിന പരിശീലനം നടത്തിയാകും മത്സരത്തിന് എത്തുക.
തുഴച്ചിൽക്കാർഅങ്ങ് കശ്മീരിൽ നിന്ന്
എൻസിഡിസി ബോട്ട് ക്ലബ്ബിനു വേണ്ടി കശ്മീരിൽ നിന്നുള്ള തുഴച്ചിൽക്കാർ ഇന്ന് എത്തും. 19 തുഴക്കരാണ് എത്തുന്നത്. ഇവരുടെ വിമാന യാത്രക്കൂലി, വേതനം, ഭക്ഷണം ഉൾപ്പെടെ ഉള്ള ചെലവു ക്ലബ് വഹിക്കും. ഇവർക്കായി പ്രത്യേക ക്യാംപ് തയാറാക്കും. ഭക്ഷണം അവരുടെ നാട്ടിലേതുപോലെ തയാറാക്കി നൽകും. ഭക്ഷണം തയാറാക്കുന്നതിനായി പ്രത്യേകം ആളെത്തും.


