നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ റിസർവ് ബാങ്കിനും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തിലെ ന്യൂനത മുൻ ധനകാര്യ മന്ത്രി കൂടിയായ പി.ചിദംബരം ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ ഇടപെടൽ. റിസർവ് ബാങ്ക് ബോർഡ് യോഗത്തിന്റെ രേഖകൾ കേന്ദ്രസർക്കാരിന്റെ ശുപാർശ അടക്കം വിശദമായി സമർപ്പിക്കണമെന്നാണ് നിര്‍ദേശം. ഹര്‍ജികൾ അടുത്തമാസം 9 ന് വീണ്ടും പരിഗണിക്കും . നോട്ട് നിരോധനത്തെ ചോദ്യം ചെയ്തു 58 ഹർജികളാണ് സുപ്രീംകോടതിയിൽ എത്തിയത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ ഒറ്റയടിക്ക് നിരോധിച്ചത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നു ഹരജികളിൽ ആരോപിക്കുന്നു.
സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ കോടതിയുടെ ഇടപെടലിന് ലക്ഷ്മണ രേഖയുണ്ടെന്ന് അറിയാം. എന്നാല്‍ അതിനുള്ളില്‍നിന്ന് കാര്യങ്ങള്‍ പരിശോധിക്കുമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഹര്‍ജി നവംബര്‍ ഒന്‍പതിന് പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്തു.
ജസ്റ്റിസ് എസ്.എ. നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ കോടതി ഇടപെടുന്നതിലെ ലക്ഷ്മണ രേഖയെക്കുറിച്ച് അറിയാമെന്നും എന്നാല്‍ നോട്ട് അസാധുവാക്കല്‍ തീരുമാനം പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാറിനോടും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോടും ആവശ്യപ്പെട്ടു.
പേരു പഞ്ഞത് കള്ളപ്പണം പിടിക്കാൻ, പക്ഷെ കണക്കുകൾ പാളി
2016-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിതമായി നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ നോട്ട് നിരോധനത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള നിരവധി ഹര്‍ജികൾ സുപ്രീംകോടതിയിൽ എത്തിയിരുന്നു. എന്നാൽ ഏറെക്കാലം ഈ ഹര്‍ജികൾ സുപ്രീംകോടതിയുടെ പരിഗണന കാത്ത് കിടന്നു. 2016 ഡിസംബറിലാണ് ആദ്യമായി ഈ ഹര്‍ജികൾ ഭരണഘടനാ ബെഞ്ചിന് മുൻപിലെത്തിയത്. എന്നാൽ ബെഞ്ചിൽ ഉൾപ്പെട്ട ജഡ്ജിമാര്‍ വിരമിച്ചതിന് പിന്നാലെ ഈ ഹര്‍ജികൾ വീണ്ടും പെരുവഴിയിലായി.
ഒടുവിൽ മുൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ രണ്ട് മാസം മുൻപ് രൂപീകരിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്ക് ഈ ഹര്‍ജികൾ എത്തുകയായിരുന്നു. നോട്ട് നിരോധനം കൂടാതെ മുന്നോക്ക വിഭാഗത്തിന് വരുമാന അടിസ്ഥാനത്തിൽ സംവരണം നൽകാമോ എന്ന വിഷയവും, ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയവും ബെഞ്ച് പരിഗണിക്കും.
കോണ്‍ഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരമാണ് ഇന്ന് വിഷയം ഭരണഘടനാ ബെഞ്ചിന് മുന്നിൽ ഉന്നയിച്ചത്. നോട്ട് നിരോധനം പോലുള്ള സുപ്രധാന തീരുമാനങ്ങളെടുക്കാൻ കൃത്യമായ ചട്ടവും നിയമനിര്‍മ്മാണവും വേണമെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. 1978-ൽ നോട്ട് നിരോധനം നടപ്പാക്കിയത് ഈ രീതിയിലായിരുന്നുവെന്നും ചിദംബരം പറഞ്ഞു.
നോട്ട് നിരോധിച്ച് ആറു വര്‍ഷം കഴിഞ്ഞ സാഹചര്യത്തില്‍ കേസ് പരിഗണിക്കുന്നതില്‍ അക്കാദമിക താത്പര്യം മാത്രമാണ് ഉള്ളതെന്നാണ് കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിടരമണിയും വാദിച്ചത്. എന്നാല്‍, സര്‍ക്കാര്‍ തീരുമാനത്തെ ഇപ്പോഴും ചോദ്യം ചെയ്യാനുള്ള അവസരമുണ്ടെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി.ചിദംബരവും വാദിച്ചു. ഇത്തരത്തിലുള്ള നോട്ട് നിരോധനത്തിന് പാര്‍ലമെന്റിന്റെ പ്രത്യേക നിയമം ആവശ്യമാണെന്നും മുന്‍ ധനമന്ത്രികൂടിയായ അദ്ദേഹം വാദിച്ചു.
രാജ്യത്തെ സർവ്വരുടെയും സാമ്പത്തിക ഭദ്രതയെ ഭീഷണിയിലാക്കിയ നിരോധനം
2016 നവംബര്‍ 8-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 എന്നീ കറന്‍സീ നോട്ടുകള്‍ നിരോധിച്ചത്. രാത്രി 8 മണിക്ക് ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ ഇനി രാജ്യത്ത് നിയമപരമല്ലെന്ന് പ്രഖ്യാപിച്ചത്. കേന്ദ്രത്തിന്റെ പൊടുന്നനെയുള്ള നീക്കത്തെ തുടര്‍ന്ന് പുതിയ നോട്ടുകള്‍ പിന്‍വലിക്കാനും പഴയ നോട്ടുകള്‍ മാറാനും ആളുകള്‍ നെട്ടോട്ടമോടിയപ്പോള്‍ എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും പുറത്ത് നീണ്ട ക്യൂവാണ് രാജ്യത്തുടനീളം രൂപപ്പെട്ടത്.


