സുപ്രീംകോടതി നിര്‍ദേശ പ്രകാരം അനധികൃതമെന്ന് കണ്ടെത്തിയ നോയ്ഡ ട്വിന്‍ ടവര്‍ തകര്‍ക്കാന്‍ ഉപയോഗിച്ചത് 3700 കിലോഗ്രാം സ്ഫോടക വസ്തു. മുംബൈ ആസ്ഥാനമായുള്ള എഡിഫിസ് എന്‍ജിനിയറിംഗ് കമ്പനി നടത്തിയ തകർക്കൽ എഞ്ചനീയറിങ് സൂക്ഷ്മതയിലെ വിസ്മയമായി.
40 നിലകളില്‍ 900 ഫ്ളാറ്റുകളും 21 കടമുറികളുമാണ് നോയ്ഡ ട്വിന്‍ ടവറിലുണ്ടായിരുന്നത്. കെട്ടിടത്തില്‍ 7000 ദ്വാരങ്ങള്‍ ഉണ്ടാക്കിയാണ് സ്ഫോടക വസ്തു നിറച്ചത്. സ്‌ഫോടനം നടത്താനായി 20000 സര്‍ക്യൂട്ടുകളും സജ്ജമാക്കി.
കുത്തബ്മീനാറിനേക്കാളും ഉയരത്തിലുള്ള കെട്ടിടം സ്‌ഫോടനം നടന്ന് ഒമ്പത് സെക്കന്‍ഡിനുള്ളില്‍ നിലം പൊത്തി. ഏകദേശം 55000 ടണ്‍ അവശിഷ്ടങ്ങളാണുണ്ടാവുക. നോയ്ഡ അതോറിറ്റിയുടെ നേതൃത്വത്തില്‍ കെട്ടിടം ഉടമയുടെ സ്വന്തം ചെലവിലാണ് പൊളിച്ചു മാറ്റിയത്.
ഉടമയും താമസക്കാരും തമ്മിലെ നിയമ പോരാട്ടം
സൂപ്പര്‍ടെക് എമറാള്‍ഡ് കോര്‍ട്ട് ഹൗസിംഗ് സൊസൈറ്റിക്ക് 14 ടവറുകളും ഒമ്പത് നിലകളും ഉള്ള കെട്ടിട പ്ലാനാണ് ആദ്യം അനുവദിച്ചത്. പിന്നീട്, പ്ലാന്‍ പരിഷ്‌കരിക്കുകയും ഓരോ ടവറിലും 40 നിലകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് കൊണ്ട് താമസക്കാര്‍ 2012-ല്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നിയമ പോരാട്ടം തുടങ്ങിയത്.
ലാഭം വര്‍ധിപ്പിക്കാനും കൂടുതല്‍ ഫ്‌ലാറ്റുകള്‍ വില്‍ക്കാനുമായി സുപ്പര്‍ടെക് ഗ്രൂപ്പ് അധികൃതര്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തുകയായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയത് ശരിയാണെന്ന് കണ്ടെത്തി. 2014-ല്‍ നാല് മാസം കൊണ്ട് കെട്ടിടം പൊളിച്ച് നീക്കാന്‍ കോടതി ഉത്തരവിട്ടു. തുടർന്ന് കേസ് സുപ്രീകോടതിയില്‍ എത്തി. എങ്കിലും പൊളിച്ച് നീക്കാന്‍ സുപ്രീംകോടതിയും ആവശ്യപ്പെടുകയായിരുന്നു.