പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയും രംഗ കലാ പണ്ഡിതയുമായ പത്മഭൂഷണ്‍ ഡോ. കനക് റെലെ (85) അന്തരിച്ചു. മോഹിനിയാട്ടത്തെ പുനരുജ്ജീവിപ്പിക്കുന്നതിലും ജനകീയമാക്കുന്നതിലും കനക് റെലെ വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്. എട്ടുപതിറ്റാണ്ടുകാലം നൃത്തമേഖലയില്‍ സജീവമായിരുന്നു.
പത്മഭൂഷണുപുറമേ ഗുജറാത്ത് സര്‍ക്കാറിന്റെ ഗൗരവ് പുരസ്കാര്‍, കലാവിപഞ്ചി പുരസ്കാരം, മധ്യപ്രദേശ് സര്‍ക്കാറിന്റെ കാളിദാസസമ്മാനം, സംഗീതനാടക അക്കാദമി അവാര്‍ഡ്, പദ്മശ്രീ, എം.എസ് സുബ്ബലക്ഷ്മി അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട്. മോഹിനിയാട്ടം; ദ ലിറിക്കല്‍ ഡാന്‍സ്, ഭാവനിരൂപണ, എ ഹാന്‍ഡ്ബുക്ക് ഓഫ് ഇന്ത്യന്‍ ഡാന്‍സ് ടെര്മിനോളജി എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചു.

1937-ല്‍ ഗുജറാത്തില്‍ ജനിച്ച കനക് റെലെയുടെ ബാല്യകാലം കൊല്‍ക്കത്തയിലെ ശാന്തിനികേതനിലായിരുന്നു. അവിടെയാണ് കേരളീയ കലകളായ കഥകളിയും മോഹിനിയാട്ടവും കനക് റെലെയെ ആകര്‍ഷിക്കുന്നത്. പ്രതിഭയെ നിര്‍ണയിക്കുന്നതില്‍ കഥകളിയും മോഹിനിയാട്ടവും നൽകിയ സൌന്ദര്യ സ്വാധീനം അവർ വ്യക്തമാക്കിയിരുന്നു.
മുംബെയിലെ ഗവ. ലോ കോളേജില്‍ നിന്നും നിയമബിരുദവും മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നാഷണല്‍ ലോയില്‍ പിജി ഡിപ്ലോമയും നേടിയ റെലെ നൃത്ത രംഗത്ത് തന്നെ തുടർന്നു. മുംബെയില്‍ സ്ഥിരതാമസമാക്കിക്കൊണ്ട് നളന്ദ നൃത്തകലാ വിദ്യാലയം തുടങ്ങി. ഇതിനിടെ മുംബെ യൂണിവേഴ്സിറ്റിയില്‍ നിന്നും മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റ് നേടി.
ഏഴാം വയസ്സില്‍ ഗുരു കരുണാകരപ്പണിക്കരുടെ കീഴിൽ റെലെ കഥകളി അഭ്യസനം ആരംഭിച്ചിരുന്നു. കലാമണ്ഡലം രാജലക്ഷ്മിയുടെ കീഴില്‍ മോഹിനിയാട്ടവും പരിശീലിച്ചു. സംഗീത നാടക അക്കാദമിയുടെ ഗ്രാന്റോടെയായിരുന്നു പഠനം. മോഹിനിയാട്ടത്തിലെ ആദ്യഗുരുക്കന്മാരായ കുഞ്ചുക്കുട്ടിയമ്മ, ചിന്നമ്മുവമ്മ, കല്യാണിക്കുട്ടിയമ്മ എന്നിവരുടെ ശൈലികള്‍ പഠിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. നൃത്ത രംഗത്തെ തുടർന്ന് സ്വന്തമായ ശൈലി രൂപപ്പെടുത്തി. കൊറിയോ ഗ്രഫിയിൽ അതുല്യ പ്രതിഭാശാലിയായിരുന്നു.
യതീന്ദ്ര റെലെ ആണ് ഭര്‍ത്താവ്. രാഹുല്‍ ഏകമകനാണ്.


