പഞ്ചാബി ഗായകൻ അൽഫാസ് വാഹന ഇടിച്ച് അതീവ ഗുരുതരാവസ്ഥയിൽ. സുഹൃത്തും ഗായകനുമായ യോയോ ഹണി സിങ്ങാണ് ഈ വിവരം പുറത്തുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിക്കി എന്നയാളെ മൊഹാലി പോലീസ് അറസ്റ്റ് ചെയ്തു. അൽഫാസ് ഐ.സി.യുവിൽ തുടരുകയാണെന്ന് ഹണി സിങ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. മൊഹാലിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
ധാബയിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു അൽഫാസ്. വിക്കി എന്നു പേരുള്ള ധാബയിലെ മുൻ ജീവനക്കാരൻ ഉടമയുമായി പണത്തെച്ചൊല്ലി വാക്കുതർക്കം ആരംഭിച്ചു.
ധാബ ഉടമയുടെ ടെമ്പോയുമായി വിക്കി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ വാഹനം പിന്നോട്ടെടുക്കുമ്പോൾ അൽഫാസിനെ ഇടിച്ച് കടന്നു കളയുകയുമായിരുന്നു. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ ഗായകനെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.
‘പുട്ട് ജാട്ട് ദാ’, റിക്ഷോ, ഗഡ്ഡി തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ പ്രശസ്തനാണ് അൽഫാസ്. അമൻജോത് സിങ് പൻവാർ എന്നാണ് യഥാർത്ഥ പേര്. ഹണി സിങ്ങുമായി സഹകരിച്ചും നിരവധി ആൽബങ്ങളിൽ പാടിയിട്ടുണ്ട്. പഞ്ചാബി ചിത്രം ‘ജാട്ട് എയർവേസി’ൽ അഭിനയിച്ചിട്ടുണ്ട്.


