കൊയിലാണ്ടിക്കടുത്ത് പൊയിൽക്കാവിൽ പത്തൊൻപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ മാതൃപിതാവ് അറസ്റ്റിൽ. പോക്സോ കേസ് ചുമത്തിയാണ് കാപ്പാട് സ്വദേശിയായ അറുപത്തി രണ്ടുകാരനെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
പള്ളിക്കുനി സ്വദേശിയായ 19 കാരിയെ ഡിസംബർ 17 നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിരുദ വിദ്യാർഥിയായിരുന്നു പെണ്‍കുട്ടി. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതു പ്രകാരം പൊലീസ് അന്വേഷണം നടത്തി. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം തൊട്ട് പ്രതി മകളുടെ മകളെ പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.
പെൺകുട്ടിയുടെ മാതാവിനെ കൂടി ചോദ്യം ചെയ്തതോടെയാണ് 62 കാരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മകള്‍ വീടിനകത്ത് കെട്ടി തൂങ്ങി എന്ന് മനസിലാക്കിയ മാതാവ് മറ്റാരെയും അറിയിക്കാതെ വടകരയിലായിരുന്ന പിതാവിനെ വിളിച്ചു വരുത്തുകയായിരുന്നു. പ്രതി വീട്ടിലെത്തി വാതിൽ ചവിട്ടി തുറന്ന് മകളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെന്നാണ് മാതാവ് മൊഴി നൽകിയത്.
എന്നാൽ ആത്മഹത്യ കുറിപ്പ് പെൺകുട്ടിയുടെ മാതൃപിതാവ് എടുത്തു മാറ്റി എന്ന വിവരത്തെ തുടർന്നാണ് പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. അങ്ങനെ ഒരു കുറിപ്പില്ല എന്നാണ് അവർ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ വിശദമായ അന്വേഷണത്തില്‍ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചു. ആത്മഹത്യ കുറിപ്പിലെ വിവരങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ് പീഡന വിവരം പുറത്ത് വന്നത്.


