കാർഷിക വികസന വകുപ്പ് പച്ചക്കറി കൃഷി വികസന പദ്ധതിക്ക് പയ്യോളിയിൽ ആവേശകരമായ തുടക്കം. വിത്തുകളോ നടീൽ വസ്തുക്കളോ മാത്രമായി ലഭിച്ചിരുന്ന പതിവ് രീതിയിൽ നിന്നും മാറി മണ്ണും ചെടിയും ചട്ടിയും വളവും സഹിതം ലഭിച്ചതോടെ വീട്ടു കൃഷിയിൽ താത്പര്യമുള്ളവർ മുന്നിട്ടിറങ്ങി.
റൂഫ് ടോപ് കൾട്ടി വേഷൻ ( ടെറസ് കൃഷി വികസന പദ്ധതി ) യിൽ 25 മൺചട്ടികളിൽ പോട്ടിംഗ് മിശ്രിതം നിറച്ച് പച്ചക്കറി തൈകൾ നട്ട് വീടുകളിൽ എത്തിച്ച് നൽകുന്ന പദ്ധതി നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് കീഴൂരിൽ ഉദ്ഘാടനം ചെയ്തു. ടി കെ അബ്ദുൾ ഖാദർ ആദ്യ ചെടിച്ചട്ടി ഏറ്റുവാങ്ങി. ഒരുമ കുടുംബശ്രീ പ്രവർത്തകർ ആശംസകരായി. കൃഷി അസിസ്റ്റൻ്റ് മുഹമിൻ അലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
പയ്യോളി കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന പദ്ധതിയിൽ 300 പേർക്കാണ് ആനുകൂല്യം ലഭിക്കുന്നത്. 5000 രൂപ മുഴുവൻ വില വരുന്ന 25 ചട്ടികൾ അടങ്ങുന്ന യൂനിറ്റിന് 3000 രൂപ സർക്കാർ സബ്സിഡി നൽകിയാണ് ലഭ്യമാക്കിയത്. 2000 രൂപ ഗുണഭോക്താവ് നൽകുമ്പോൾ 25 ചട്ടിയും മണ്ണും ചെടിയും ലഭിക്കുന്നു.
മുൻസിപാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിൽ മാത്രം കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ്. നടീൽ വസ്തുക്കൾ മാത്രം നൽകുമ്പോൾ പലപ്പോഴും കൃഷി പാതിവഴി തടസപ്പെടുന്ന സാഹചര്യമായിരുന്നു. വീട്ടമ്മമാരുടെ നേതൃത്വത്തിൽ നഗരപരിധിയിൽ ഏറ്റവും എളുപ്പം ചെയ്യാവുന്ന കൃഷി രീതി എന്നനിലയ്ക്ക് ഇതിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത് എന്ന് ചെയർമാൻ വടക്കയിൽ ഷഫീഖ് പഞ്ഞു.


