പയ്യോളി ഹൈസ്കൂളിന് സമീപം ഓടുന്ന കാർ തീ കത്തി നശിച്ചു. വയോധികൻ ഉൾപ്പെടെ യാത്രക്കാർ ഇറങ്ങി ഓടി രക്ഷപെട്ടു. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. ഇരിങ്ങൽ കോട്ടക്കൽ ചെത്തിൽതാര അബൂബക്കർ 71, സഹോദര പുത്രൻ അർഷാദ് 31 എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്.
അസാധാരണ ശബ്ദം ശ്രദ്ധയിൽ പെട്ടതോടെ കാർ സൈഡിലേക്ക് മാറ്റുകയായിരുന്നു. പന്തികേട് തോന്നി ഇരുവരും തക്ക സമയത്ത് ഇറങ്ങി ഓടി. പെട്ടെന്ന് കാർ ശബ്ദത്തടെ തീപടർന്ന് കത്തി. എഞ്ചിൻ ഭാഗത്താണ് ആദ്യം തീ പടർന്നത്. ഉടൻ തന്നെ നാട്ടുകാർ എത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പയ്യോളിയിൽ ഫയർ അൻ്റ് റെസ്ക്യൂ സ്റ്റേഷൻ ഇല്ലാത്തത് തീ അണയ്ക്കാൻ വൈകി.
ദേശീയ പാതയിൽ തിരക്കേറിയ സമയത്താണ് തീ പിടുത്തം ഉണ്ടായത്. ഇത് പരിഭ്രാന്തി പരത്തി. പക്ഷെ നാട്ടുകാർ ഇടപെട്ട് ട്രാഫിക് നിയന്ത്രിച്ച് വാഹനങ്ങളെ അകറ്റി വിട്ടു. പയ്യോളി പൊലീസ് സ്റ്റേഷന് മുക്കാൽ കിലോ മീറ്റർ അകലത്തിലാണ് സംഭവം.


