കണ്ണൂരിൽ അഞ്ച് വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായുള്ള കേസിൽ അധ്യാപകൻ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരി എന്ന അധ്യാപകൻ ആണ് അറസ്റ്റിലായത്. തളിപ്പറമ്പ് നോർത്ത് ഉപജില്ലാ പരിധിയിലെ യു.പി. സ്കൂൾ അധ്യാപകനാണ് തളിപ്പറമ്പ് പോലീസിന് ലഭിച്ച അഞ്ച് പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഇതുവരെ 17 വിദ്യാർഥിനികൾ ഇയാൾക്കെതിരെ പരാതി നൽകാൻ സന്നദ്ധമായി. ഇതര കേസുകളിൽ അന്വേഷണം തുടരുകയാണ്.
വിദ്യാർഥികളെ കൗൺസിലിങ്ങിന് വിധേയരാക്കിയപ്പോഴാണ് സംഭവം പുറത്തുവന്നത്. ഇത്രയും കുട്ടികൾക്ക് എതിരെ അതിക്രമം നടത്തിയിട്ടും സ്കൂൾ അധികൃതർ ഇത് തിരിച്ചറിഞ്ഞില്ല. കൌൺസിലിങ്ങിനിടെ ലഭിച്ച പരാതികളെ തുടർന്നാണ് സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചത്. ഇയാൾ കഴിഞ്ഞ നാല് വർഷമായി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു. കുറേ നാളുകളായി വിദ്യാർഥിനികളെ സ്കൂളിൽ വെച്ച് തന്നെ ഇയാൾ ലൈംഗിക ചൂഷണത്തിനിരയാക്കുകയായിരുന്നുവെന്നാണ് പരാതി. എന്നാൽ ഇത്തരത്തിൽ അധ്യാപകരെ നിരീക്ഷിക്കാൻ വിദ്യാലയങ്ങളിൽ സംവിധാനം വേണ്ടതാണ്. ഇക്കാര്യത്തിൽ സ്കൂളിനും വീഴ്ച പറ്റി എന്നാണ് നാട്ടുകാരുടെ പരാതി.
പതിനേഴോളം വിദ്യാർഥിനികൾ സമാനമായ പരാതി ഇയാൾക്കെതിരെ നൽകിയതായാണ് വിവരം. വിദ്യാർഥികളുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ക്രിമിനലുകളെയും മനോവൈകൃതമുള്ളവരെയും സംരക്ഷിക്കുന്നത് ആരാണ്
ഒരു വിദ്യാലയത്തിൽ നാലു വർഷമായി തുടരുന്ന അധ്യാപകനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ഇത്രയും വിദ്യാർഥിനികൾ കൌൺസിലിങ്ങിൽ പരാതിപ്പെട്ടു. സമൂഹത്തെ കബളിപ്പിക്കുന്ന വേഷവിധാനങ്ങളാണ് ഇത്തരം മനോരോഗികൾ സ്വീകരിക്കുന്നത്. ഇതിന് പിന്നിലുള്ള ക്രിമിനൽ മനസിനെ തിരിച്ചറിയാനുള്ള ബാധ്യതയും ഉത്തരവാദിത്തവും സ്കൂൾ അധികാരികൾക്ക് ഉണ്ട്.
ഉത്തരവാദിത്തം ആർക്കെല്ലാം
കുട്ടികളെ മാത്രം നിരീക്ഷിക്കയും ഇത്തരം ക്രിമിനൽ പ്രവണതയുള്ളവരെ വിട്ടുകളയുകയും ചെയ്യുന്ന പ്രവണത പലതലത്തിൽ ഏറി വരികയാണ്. പലപ്പോഴും ഇത്തരം അധ്യാപകർ നേടുന്നത് അവരുടെ കുടുംബത്തെയും കുട്ടികളെയും പരിഗണിച്ചുള്ള സഹതാപമാണ്. മനോരോഗികളെ ചികിത്സിക്കണം എന്ന തിരിച്ചറിവ് പോലും ഇല്ലാതെ അവരെ സർവ്വീസിൽ സംരക്ഷിക്കുന്നു. പലതരം മാനദണ്ഡങ്ങൾ ഇതിനകത്ത് പുലരുകയും ചെയ്യുന്നു.
മാനേജ്മെൻ്റ് സ്കൂളുകളിൽ അവയെ മാനേജ് ചെയ്യുന്നവർക്കും സർക്കാർ സ്കൂളുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ഇതിലെ ഉത്തരവാദിത്തം ഉണ്ടായിരിക്കേണ്ടതാണ്. ഇത് പരിഗണിക്കാതെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന എന്ന പരാതി വ്യാപകമാണ്.


