സെർബിയക്കെതിരായ കളിക്കിടെ പരുക്കേറ്റപ്പോൾ താൻ ഏറെ ഭയന്നു പോയതായി നെയ്‌മർ. മാത്രമല്ല അന്ന് രാത്രി ഒരുപാട് കരഞ്ഞതായും താരങ്ങളുടെ താരം മനസ് തുറന്നു. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് നെയ്‌മർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഖത്തർ ലോകകപ്പിൽ സെർബിയക്കെതിരായ ആദ്യ മത്സരത്തിനിടെ പരുക്കേറ്റ നെയ്‌മർ പിന്നീട് ഇന്നലെ ദക്ഷിണ കൊറിയക്കെതിരായ പ്രീ ക്വാർട്ടറിലാണ് കളിച്ചത്. തിരിച്ചുവരവിൽ കളിയിലെ താരമായും നെയ്‌മർ മാറി.
“പരുക്കേറ്റ ദിവസത്തെ രാത്രി ഏറെ പ്രയാസമായിരുന്നു. എൻ്റെ തലയിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. സംശയങ്ങൾ, പേടി. ഞാൻ നന്നായി കളിക്കുകയായിരുന്നു. നല്ല സീസണായിരുന്നു. എന്നിട്ട് അങ്ങനെ ഒരു പരുക്കേറ്റത് എന്നെ സങ്കടത്തിലാക്കി. ഞാൻ അന്ന് രാത്രി ഒരുപാട് നേരം കരഞ്ഞു. എല്ലാം എൻ്റെ കുടുംബത്തിനറിയാം.
പക്ഷേ, എല്ലാം നന്നായി വന്നു. രാവിലെ 11 മണിവരെ ഉറങ്ങാതിരുന്ന് ഫിസിയോതെറാപ്പി ചെയ്യുകയായിരുന്നു. മറ്റ് ദിവസങ്ങളിൽ രാവിലെ 5, 6 മണി വരെ ഉറങ്ങാതിരുന്നിട്ടുണ്ട്. ഈ ബുദ്ധിമുട്ടുകളെല്ലാം കിരീടം നേടുമ്പോൾ വിലയേറിയതാവും.”- നെയ്‌മർ പറഞ്ഞു.


