സംസ്ഥാനത്ത് ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോൽപന്നങ്ങൾ, പഴങ്ങൾ എന്നിവയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കുന്ന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള ചട്ടം നിലവിൽ വന്നു. കേരളാ സ്മോൾ സ്കേൽ വൈനറി റൂൾസ് ആണ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികൾ ഉൾപ്പെടുത്തി അംഗീകരിച്ചത്.
ഇതനുസരിച്ച് ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉൾപ്പെടെയുള്ള പഴവർഗങ്ങളിൽ നിന്നും ധാന്യങ്ങളൊഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന് അനുമതി നൽകാം. ഇതിനായി അബ്കാരി ചട്ടങ്ങളിൽ നിയമ ഭേദഗതി നടത്തുന്നതിന് നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. പ്രാദേശികമായി ലഭിക്കുന്ന കാർഷികോത്പന്നങ്ങളിൽ നിന്ന് മദ്യം നിർമ്മിക്കുന്നതിലൂടെ കർഷകർക്ക് ഉയർന്ന വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്.
നിലവിൽ മദ്യ നിർമ്മാണം കുത്തകയാണ്. തദ്ദേശീയ കാർഷിക ഉല്പന്നങ്ങൾ പ്രയോജനപ്പെടുത്തുന്നത് കുറവാണ്. ഗോവയിൽ കശുവണ്ടി ഉപയോഗിച്ച് ഫെനി നിർമ്മിക്കുന്നുണ്ട്. ചത്തീസഗഢ് പോലുള്ള സംസ്ഥാനങ്ങളിൽ മഹുവ നിർമ്മിക്കുന്നതിനും കേന്ദ്ര പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിനു തുടർച്ചയായാണ് കേരളവും ചെറിയ ചുവട് വെക്കുന്നത്.