ഗുജറാത്തിൽ ഈ വർഷം ഇതുവരെ തെരുവുകാലികളുടെ കുത്തേറ്റ് മരിച്ചത് 29 പേർ. തെരുവ് നായ്ക്കളെക്കാൾ ഭീഷണിയാണ് നഗരങ്ങളിലും ചെറു പട്ടണങ്ങളിലും അലഞ്ഞു തിരിയുന്ന കാലികൾ.
ഇത് നിയന്ത്രിക്കാൻ ഗുജറാത്ത് സർക്കാർ കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ പാസാക്കിയ കാലിനിയന്ത്രണ നിയമം ബുധനാഴ്ച പിൻവലിച്ചു. തിരഞ്ഞെടുപ്പ് അടുത്തതോടെ പശുപാലക സംഘങ്ങളുടെ സമ്മദ്ദത്തിൽ സർക്കാർ വഴങ്ങേണ്ടി വരികയായിരുന്നു.
കാലികളെ തുകലിനും ഭക്ഷണത്തിനും വേണ്ടി ഉപയോഗിച്ചിരുന്നത് പുതിയ രാഷ്ട്രീയം മൂലം ഇല്ലാതായി. കർഷകർക്ക് കാലികളുടെ ഉപയോഗം കഴിഞ്ഞാൽ വില കിട്ടാതെയായി. ഉപേക്ഷിക്കപ്പെട്ടവ കൃഷിനാശവും നഗരങ്ങളിൽ അക്രമവുമായി അലയേണ്ട അവസ്ഥയാണ്. പാവപ്പെട്ടവന് പ്രോട്ടീൻ കിട്ടാൻ ഏറ്റവും കുറഞ്ഞ വിലയിൽ മാംസം കിട്ടിയിരുന്നത് ഇവയുടെ മാംസം ലഭ്യമാവുക വഴിയായിരുന്നു. എന്നാൽ പശു രാഷ്ട്രീയത്തിൽ ജനങ്ങളെ വീഴ്ത്തി. ഇപ്പോൾ ഏതെങ്കിലും തരത്തിൽ ഇവയെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ ആൾക്കൂട്ട കൊലപാതകം ആവർത്തിക്കും.
രോഗം ബാധിച്ചും മുറിവേറ്റും തെരുവുകളിൽ അലയുന്ന കാലികൾ നഗരത്തിരക്കിൽ അക്രമാസക്തമാവുന്നത് പതിവാണ്. മാത്രമല്ല ചാണകവും മൂത്രവുമായി തെരുവുകൾ മലീമസമാവുകയും ചെയ്യും. കഴിഞ്ഞ ഓഗസ്റ്റ് 13-ന് മുൻ മുഖ്യമന്ത്രി നിതിൻ പട്ടേലിനെ തിരംഗായാത്രയ്ക്കിടെ തെരുവുപശു കുത്തിത്താഴെയിട്ടിരുന്നു.
ഇക്കാര്യം ചൂണ്ടികാട്ടി കഴിഞ്ഞ ഒഗസ്റ്റിലും ഹൈക്കോടതി കാലി നിയന്ത്രണം കർശനമാക്കാൻ ആവശ്യപ്പെട്ടിരുന്നു. കാലികൾ അലഞ്ഞു തിരിയുന്നത് മൂലം നഗരങ്ങളിൽ വാഹന അപകടവും വർധിച്ചു വന്നു. കാലികളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന ചർമ്മ രോഗത്തെ കുറിച്ചുള്ള ആശങ്കയും വാർത്തയായി.
എട്ട് കോർപ്പറേഷനുകളിലും 156 നഗരസഭകളിലും കാറ്റിൽ പോണ്ടുകൾ നിർമ്മിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു എങ്കിലും കാലികൾ നിരത്തിലെത്തി. 156 പേരെ കാലിനിയന്ത്രണത്തിനായി നിയമിച്ചിരുന്നു. ആറുവർഷം കൊണ്ട് 257 കോടി രൂപ ശമ്പള ഇനത്തിൽ മാത്രം ചിലവഴിച്ചു. 281 കോടി രൂപ മൊത്തം ചിലവഴിച്ചു. കോടതി നിർദ്ദേശ പ്രകാരം കാലികളെ റജിസ്ത്ര് ചെയ്യാൻ ഉത്തരവിറക്കി എങ്കിലും പത്തു ശതമാനം പേർ പോലും തയാറായില്ല.
സർക്കാർ കണക്കിൽ തന്നെ അയ്യായിരത്തോളം പേരെ ഇതുവരെ അലഞ്ഞുതിരിയുന്ന പശുക്കളും മൂരിക്കുട്ടൻമാരും കുത്തിപ്പരിക്കേൽപ്പിച്ചു. പശുക്കളെയും കാളകളെയും കൊല്ലുന്നത് സംസ്ഥാനത്ത് ജീവപര്യന്തം തടവു കിട്ടാവുന്ന കുറ്റമാണ്.
പട്ടണങ്ങളിൽ മേച്ചിൽപ്പുറങ്ങൾ ഇല്ലാതായി. ഇത്തരം കാലികൾക്ക് തീറ്റയും പരിചരണവും ഇല്ല. ഹൈക്കോടതിയുടെ ഇടപെടൽ കൂടിയായപ്പോഴാണ് കഴിഞ്ഞ ഏപ്രിലിൽ നിയമം കൊണ്ടുവന്നത്.
ഗാന്ധിനഗറിൽ കഴിഞ്ഞദിവസം മാൽധാരി മഹാപഞ്ചായത്ത് ചേർന്ന് നിയന്ത്രണ നിയമം പിൻവലിക്കാൻ ബി.ജെ.പി. സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു. നിയമസഭ ചേർന്ന ബുധനാഴ്ച സംസ്ഥാനത്ത് പാൽബന്ദ് നടത്തി. ആശുപത്രികളിലും തെരുവുകളിലും പാൽ സൗജന്യവിതരണം നടത്തിയും പുഴയിലൊഴുക്കിയുമൊക്കെയായിരുന്നു പ്രതിഷേധം. പശു രാഷ്ട്രീയം ഉയർത്തി നേടിയ വോട്ടുകൾ നഷ്ടമാവും എന്ന നിലയായി.
തുടർന്ന് നിയമസഭയിൽ നഗരവികസനസഹമന്ത്രി വിനോദ് മൊറാദിയ നിയമം പിൻവലിക്കാൻ അനുമതി തേടി. ആറുമാസം മുമ്പ് പാസാക്കിയ നിയമം ഗവർണർ ഒപ്പിടാതെ കഴിഞ്ഞദിവസം മടക്കി. പുലരുവോളം ചർച്ച ചെയ്തും പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നും കൊണ്ടുവന്ന നിയമമാണ് ഒറ്റയടിക്ക് റദ്ദാക്കിയത്.
എന്നാൽ കോൺഗ്രസ് ഇവിടെ പശുരാഷ്ട്രീയം തിരിച്ച് മുതലെടുക്കുകയായിരുന്നു. കാലിനിയന്ത്രണ ബില്ലിനെതിരേ തുടക്കംമുതൽ നിലപാടെടുത്ത കോൺഗ്രസ് ഇത് മുതൽക്കൂട്ടി.



