എലപ്പുള്ളിയിലും പാലക്കാട് നഗരത്തിലും ശനിയാഴ്ച ഉണ്ടായ വർഗ്ഗീയ കൊലപാതകങ്ങൾ പൊലീസിൻ്റെ ജാഗ്രതക്കുറവാണെന്ന് ആരോപണം. എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ സുബൈറിനെ (43) വെള്ളിയാഴ്ച ഉച്ചയ്ക്ക് എലപ്പുള്ളിയില്‍വെച്ച് കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. പള്ളിയിൽ നിന്നും പ്രാർഥന കഴിഞ്ഞ് പിതാവിനൊപ്പം മടങ്ങുകയായിരുന്നു. ജീവന് ഭീഷണിയുണ്ടായിരുന്നെന്നും മുമ്പും ആക്രമണശ്രമമുണ്ടായെന്നും സുബൈറിന്റെ ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം പോലീസില്‍ നേരത്തെ അറിയിച്ചിരുന്നതായും അവർ പറഞ്ഞു.
സുബൈറിന്റെ കൊലപാതകത്തിനുശേഷം പാലക്കാട് പട്ടണത്തില്‍ പ്രകോപനപരമായ സാഹചര്യമുണ്ടായിരുന്നു. പൊലീസ് സംഘര്‍ഷസാധ്യതയുള്ള സ്ഥലങ്ങളില്‍ കാര്യമായ പിക്കറ്റിങ് ഏര്‍പ്പെടുത്താനോ നിരീക്ഷണത്തിനോ മുതിര്‍ന്നില്ല. എലപ്പുള്ളി മേഖലയില്‍ സംഘര്‍ഷസാധ്യത ഒഴിവാക്കാനാണ് മുഴുവൻ ശ്രദ്ധയുംകേന്ദ്രീകരിച്ചത്. അവിടെനിന്ന് 13 കിലോമീറ്റര്‍മാത്രം ദൂരത്തുള്ള മേലാമുറിയിലാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്.
എട്ടുവര്‍ഷത്തോളമായി ഇവിടെ സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കുകളുടെ കച്ചവടം നടത്തിവരികയാണ് തുടർന്ന് കൊല്ലപ്പെട്ട ശ്രീനിവാസന്‍ (45). കടുത്തചൂടില്‍ ഉച്ചയ്ക്ക് കടയില്‍ ആളുകുറവായ സമയത്താണ് രണ്ട് ബൈക്കുകളിലും സ്‌കൂട്ടറിലുമായി അക്രമിസംഘമെത്തിയത്. വാഹനങ്ങള്‍ കടയുടെ മുന്നില്‍ നിര്‍ത്തുകയും പിന്നിലിരുന്നവര്‍ മാരകായുധങ്ങളുമായി ചാടിയിറങ്ങി അക്രമം നടത്തുകയുമായിരുന്നു. ദൃശ്യം സി സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം സ്റ്റാര്‍ട്ടാക്കിനിര്‍ത്തിയ വാഹനങ്ങളില്‍ കയറി രക്ഷപ്പെടുന്നത് കടയ്ക്ക് എതിര്‍വശത്തുള്ള ബാങ്കിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. അക്രമികള്‍ സഞ്ചരിച്ച രണ്ടു ബൈക്കുകളുടെയും സ്‌കൂട്ടറിന്റെയും നമ്പറടക്കമുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.